ഇറാനെതിരെ ഉപരോധം കടുപ്പിക്കാന്‍ അമേരിക്ക;ലക്ഷ്യം വെക്കുന്നത് സൈനിക മേധാവികളെ
ഇസ്റാഈലിനെതിരായ തിരിച്ചടിയില്‍ ഇറാനെതിരെ നടപടി കടുപ്പിക്കാന്‍ അമേരിക്ക. ഇറാനെതിരായ ഉപരോധം ശക്തമാക്കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.ഇറാന് സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, ഇറാന് പ്രതിരോധ മന്ത്രാലയം, മിസൈല്‍, ഡ്രോണ്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന് പ്രസ്താവനയില്‍ അറിയിച്ചു.
ആക്രമണത്തിന് ശേഷം ജി7 നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും ഇറാന്റെ അസ്ഥിരപ്പെടുത്തുന്ന സൈനിക നടപടികളെ നിയന്ത്രിക്കാന്‍ അധിക ഉപരോധങ്ങളും നടപടികളും സ്വീകരിക്കുമെന്നും ബൈഡന് പറഞ്ഞു.
അതേസമയം, ഇറാനെതിരായ ആക്രമണത്തില്‍ ഇസ്റാഈല്‍ സര്‍ക്കാരിന് ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല. ആക്രമണത്തിന്റെ സ്വഭാവം ഏത് രീതിയിലാകണമെന്നതില്‍ യുദ്ധകാല കാബിനറ്റില്‍ തീരുമാനമായില്ല. മേഖലായുദ്ധം ഒഴിവാക്കാന്‍ ഇസ്രാഈലിനോോട് അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ആവശ്യപ്പെട്ടു.
ആണവ സംവിധാനങ്ങളെ ആക്രമിച്ചാല്‍ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ അഹ്മദ് ഹഗ്തലാബ് വ്യക്തമാക്കി. ഇസ്റാഈൽ ആണവ സംവിധാനങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങള്‍ തങ്ങളുടെ പക്ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."