വാളകം കേസിലെ അധ്യാപകനെതിരേ നടപടി; വെട്ടിലായി ഇടതുമുന്നണി
തിരുവനന്തപുരം: വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനെ സ്‌കൂള്‍ മാനേജരും കേരളാ കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോടു പ്രതികരിക്കാനാകാതെ ഇടതുമുന്നണി. വാളകംസംഭവം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേ ഇടതുമുന്നണി വലിയൊരു ആയുധമാക്കി മാറ്റിയിരുന്നു. എന്നാല്‍ പിള്ള ഇപ്പോള്‍ ഇടതുപക്ഷത്തോടൊപ്പമാണ്. അതുകൊണ്ടു തന്നെ എന്തു നിലപാടെടുക്കണമെന്നറിയാതെ വിഷമിക്കുകയാണ് സര്‍ക്കാരും മുന്നണി നേതൃത്വവും.
2011 സെപ്തംബര്‍ 27നു രാത്രിയാണ് വാളകം ജങ്ഷനില്‍ മലദ്വാരത്തില്‍ ഇരുമ്പുകമ്പി കയറ്റി ഗുരുതരമായി പരുക്കേല്‍പ്പിക്കപ്പെട്ട നിലയില്‍ കൃഷ്‌കുമാറിനെ കണ്ടെത്തിയത്. അന്ന് പിള്ളയുടെ മകനും നടനുമായ കെ.ബി ഗണേഷ് കുമാര്‍ യു.ഡി.എഫ് മന്ത്രിസഭയില്‍ അംഗമായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരിനെ ആക്രമിക്കാന്‍ കിട്ടിയ വലിയൊരു ആയുധമായാണ് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ് സംഭവത്തെ ഉപയോഗപ്പെടുത്തിയത്. പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ രൂക്ഷമായ ഭാഷയിലാണ് പിള്ളയെയും ഗണേഷ്‌കുമാറിനെയുമൊക്കെ വിമര്‍ശിച്ചത്. ഇതിനുള്ള പ്രതികരണമെന്നോണം ഗണേഷ്‌കുമാര്‍ വി.എസിനെതിരേ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
പിള്ളയുമായി ചില കാര്യങ്ങളില്‍ തര്‍ക്കത്തിലായിരുന്ന കൃഷ്ണകുമാറിനെ പിള്ളയും ഗണേഷ്‌കുമാറും ചേര്‍ന്ന് ഗുണ്ടാസംഘത്തെ വിട്ട് ആക്രമിപ്പിച്ചു എന്നായിരുന്നു എല്‍.ഡി.എഫിന്റെ ആരോപണം. ഈ വിഷയമുയര്‍ത്തി ദിവസങ്ങളോളം നിയമസഭ സ്തംഭിപ്പിച്ചു. സഭയ്ക്കു പുറത്തും എല്‍.ഡി.എഫ് നേതൃത്വത്തില്‍ അക്രമാസക്ത സമരങ്ങള്‍ അരങ്ങേറി. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് അന്വേഷണം സി.ബി.ഐക്കു വിട്ടത്. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ദുരൂഹമായ കാരണങ്ങളാല്‍ കൃഷ്ണകുമാറില്‍ നിന്ന് വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം വഴിമുട്ടുകയായിരുന്നു.
കേസ് സി.ബി.ഐക്കു വിട്ടഘട്ടമായതോടെ പിള്ള യു.ഡി.എഫുമായി ഇടഞ്ഞുതുടങ്ങിയിരുന്നു. പിള്ള എല്‍.ഡി.എഫുമായി സഹകരിച്ചു തുടങ്ങിയ, കഴിഞ്ഞ വര്‍ഷം പകുതിയോടെ തന്നെ കൃഷ്ണകുമാറിനെതിരേ നടപടിയ്ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് നീക്കമാരംഭിച്ചിരുന്നു. കൃഷ്ണകുമാറിനെതിരായ നീക്കങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിക്ക് വി.എസ് കത്തു നല്‍കിയതൊഴിച്ചാല്‍ പ്രതിപക്ഷത്തു നിന്ന് കാര്യമായ പ്രതിഷേധമൊന്നുമുണ്ടായില്ല. ഇതിനിടയില്‍ കൃഷ്ണകുമാറിന്റെ ഭാര്യയും സ്‌കൂളിലെ പ്രധാനാധ്യാപികയുമായ കെ.ആര്‍ ഗീതയെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഗീതയെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും മാനേജ്‌മെന്റ് അതു നടപ്പാക്കിയില്ല. കൃഷ്ണകുമാറിന്റെ ബി.എഡ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു പറഞ്ഞാണ് ഇപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
എന്നാല്‍ 2011ല്‍ തന്നെ ഈ ആരോപണമുയരുകയും വിജിലന്‍സ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തി ബി.എഡ് സര്‍ട്ടിഫിക്കറ്റിന് അംഗീകാരമുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ സസ്‌പെന്‍ഷന്‍ വിവാദമായിട്ടും എല്‍.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."