വട്ടിയൂര്‍ക്കാവിലെ തോല്‍വി പഠിക്കാന്‍ മൂന്നംഗ കമ്മിഷന്‍
തിരുവനന്തപുരം: പ്രമുഖ നേതാവ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വട്ടിയൂര്‍ക്കാവിലെ ദനയീയ പരാജയത്തെച്ചൊല്ലി സി.പി.എമ്മില്‍ കലാപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ എം.പി കൂടിയായ ഡോ.ടി.എന്‍ സീമയുടെ പരാജയമാണ് സി.പി.എം നേതൃത്വത്തിന് തലവേദനയായത്. നേതാക്കള്‍ പരസ്പരം പഴിചാരി പോര്‍വിളിക്കുന്നതിനിടെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ മൂന്നംഗ കമ്മിഷന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപംനല്‍കി.
മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മുന്‍ തിരുവനന്തപുരം മേയര്‍ സി. ജയന്‍ബാബു, ബി.പി മുരളി എന്നിവരാണ് അംഗങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ ഇടത്‌വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് ചോര്‍ന്നതായി സി.പി.എം വിലയിരുത്തിയിരുന്നു. മികച്ച ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ വിജയിച്ചപ്പോള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പിന്നില്‍ മൂന്നാം സ്ഥാനത്ത് ദയനീയമായിരുന്നു സീമയുടെ പരാജയം. എല്‍.ഡി.എഫിന് മേധാവിത്വമുണ്ടായിരുന്ന പല ബൂത്തുകളിലും പ്രതീക്ഷിച്ചത്ര വോട്ടുകള്‍ ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.എന്‍ സീമ തന്നെയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.
ത്രികോണമത്സരം നടന്ന മണ്ഡലത്തില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് ഞെട്ടിച്ചുവെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം വട്ടിയൂര്‍ക്കാവിലെ പരാജയത്തെ കുറിച്ച് പ്രതികരിച്ചത്. 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പിന് 35.84 ശതമാനം (40364) വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 51322 വോട്ട് നേടി വിജയിച്ച കെ.മുരളീധരന് തൊട്ടുപിന്നില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം നേടിയത് 43700 വോട്ടുകളാണ്.
ടി.എന്‍ സീമക്ക് ലഭിച്ചതാകട്ടെ 40441 വോട്ടുകള്‍ (29.67 ശതമാനം). തലസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലധികവും എല്‍.ഡി.എഫ് വിജയിക്കുകയോ നില മെച്ചപ്പെടുത്തുകയോ ചെയ്തപ്പോള്‍ വട്ടിയൂര്‍ക്കാവിലുണ്ടായ പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."