സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ വൃദ്ധക്ക് പരുക്ക്
കുന്നംകുളം: അമിത വേഗതയില്‍ വന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ വൃദ്ധക്ക് പരുക്ക്. യാത്രക്കാര്‍ ബസിന്റെ ചില്ലുകള്‍ തല്ലി തകര്‍ത്തു. തൃശൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ആഞ്ജനേയ ബസിന്റെ അമിത വേഗതയെ തുടര്‍ന്ന് ബസിലെ യാത്രക്കാരിയായ തൃശൂര്‍ കൂര്‍ക്കഞ്ചേരി നാലകത്ത് ജമീല ഉമ്മര്‍ (68) നാണ് പരുക്കേറ്റത്.
തലക്ക് ഗുരുതര പരുക്കേറ്റ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചക്ക് 3 ഓടെ കുന്നംകുളം ജവഹര്‍ സ്‌ക്വയറിന് സമീപത്തുള്ള വണ്‍വേ റോഡിലായിരുന്നു അപകടം.
ബസ് തൃശൂരില്‍ നിന്ന് തന്നെ അമിത വേഗതയിലായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. മുന്‍പിലുണ്ടായിരുന്ന ബസുമായുള്ള മത്സര ഓട്ടം യാത്രക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ വകവെച്ചില്ല. സംസ്ഥാനപാതയില്‍ നിന്നും വണ്‍വേ റോഡിലേക്ക് തിരിഞ്ഞതോടെ ജമീല സീറ്റില്‍ നിന്നും തെറിച്ച് കമ്പിയില്‍ തല തട്ടി താഴെ വീണു.
തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ബസ് ജീവനക്കാരുടെ പെരുമാറ്റം മോശമായിരുന്നുവെന്നാണ് പറയുന്നത്. യാത്രക്കാരില്‍ ചിലര്‍ ബസുടമയെ ഫോണില്‍ ബന്ധപെട്ടെകിലും ഇയാള്‍ തീര്‍ത്തും ധിക്കാരപരമായാണ് പെരുമാറിയതെന്നും പറയുന്നു.
ഇതോടെ പ്രകോപിതരായ യാത്രക്കാരില്‍ ചിലര്‍ കണ്ടക്ടറേയും ഡ്രൈവറേയും മര്‍ദ്ധിക്കാന്‍ തുനിഞ്ഞതോടെ ഇവര്‍ ഓടി രക്ഷപെട്ടു. ഇതോടെ ചിലര്‍ ബസിന്റെ ഗ്ലാസ്സുകള്‍ തല്ലി തകര്‍ക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ജമീലയുടെ തലയില്‍ 8 തുന്നിക്കെട്ടലുകള്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."