വാഹന ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പ്രക്ഷോഭത്തിന്
പാലക്കാട്: സംസ്ഥാനത്തെ രണ്ടായിരം സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഹരിത ട്രിബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് വാഹന ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിധി നടപ്പായാല്‍ ജില്ലയില്‍ മാത്രം ആയിരക്കണക്കിനാളുകള്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതാകും. മറ്റു സംസ്ഥാനങ്ങളിലൊന്നും നിയമം നടപ്പിലാക്കാതെ കേരളത്തില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയ ട്രിബൂണല്‍വിധി ദുരൂഹമാണ്. 15 വര്‍ഷത്തേക്കുള്ള ടാക്‌സ് അടച്ച് വാഹനവും ഈ വിധിയനുസരിച്ച് പത്തുവര്‍ഷം കഴിയുമ്പോള്‍ നിരോധിക്കപ്പെടും. വന്‍കിട വാഹന കമ്പനികളെ സഹായിക്കുവാന്‍ ഉതകുന്ന വിധിയാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ എത്രയുംവേഗം ഇടപെടണം. വിധി നടപ്പിലായാല്‍ ടിപ്പര്‍-ജെസിബി മേഖലയില്‍ ജോലിയെടുക്കുന്നവര്‍ മാത്രമല്ല നിര്‍മാണമേഖലയും സ്തംഭിക്കും. ചരക്കുഗതാഗത മേഖല പ്രതിസന്ധിയിലാകുന്നതിനു പുറമേ നിത്യോപയോഗ വസ്തുക്കള്‍ക്കു വിലേയറുകയും ചെയ്യും. മലിനീകരണം വാഹനങ്ങളുടെ പഴക്കം മാത്രം നോക്കി നിശ്ചയിക്കേണ്ട കാര്യമല്ലെന്നും മറിച്ച് മാലിന്യത്തിന്റെ അളവുകുറയ്ക്കാന്‍ നടപടിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറഞ്ഞു.
ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിധി പിന്‍വലിക്കുന്നതുവരെ പണിമുടക്ക് ഉള്‍പ്പെടെയുള്ള അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കാന്‍ ടിപ്പര്‍-ജെസിബി വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ കണ്‍വന്‍ഷന്‍ വാഹനഉടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ഹംസപ്പ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.വി സുരേഷ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മനോജ്, ചെന്താമര, പ്രകാശന്‍, സന്തോഷ്, ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."