പമ്പ കര്‍മപദ്ധതി: കേന്ദ്ര സംഘം മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: പമ്പ കര്‍മപദ്ധതി തയാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവരുമായി ചര്‍ച്ച നടത്തി. പമ്പയിലെ നീരൊഴുക്കു നിലനിര്‍ത്താനും മലിനീകരണം ഇല്ലാതാക്കാനുമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നു സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
പമ്പയുടെ പുനര്‍നിര്‍മിതിക്കു കൂടുതല്‍ സാങ്കേതിക സഹായം കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സീസണെ ബാധിക്കാത്ത വിധത്തില്‍ നിര്‍മാണ കലണ്ടര്‍ തയാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രഥമിക റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കുമെന്നു കേന്ദ്ര സംഘം മുഖ്യമന്ത്രിയെ അറിയിച്ചു
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു സംയോജിത പ്രവര്‍ത്തനം പമ്പയെ രക്ഷിക്കാനായി നടത്തുമെന്നു മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. നിലവിലുള്ള കര്‍മപദ്ധതി എന്തുകൊണ്ടു മുടങ്ങിയെന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും മന്തി പറഞ്ഞു. മുഖ്യമന്തിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജലവിഭവ സെക്രട്ടറി ടിങ്കു ബിശ്വാള്‍, വൈദ്യതി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ ആന്റണി എന്നിവരുമായും കേന്ദ്ര സംഘം ചര്‍ച്ച നടത്തി.
കേന്ദ്ര ജല കമ്മിഷന്‍ ചീഫ് എന്‍ജിനിയര്‍ ജെ.സി അയ്യര്‍ തലവനായ സംഘത്തില്‍ കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് റീജ്യണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, കേന്ദ്ര ജല കമ്മിഷനിലെ ഡോ. ആര്‍.എന്‍ സംഖ്‌വെ, ദേശീയ ജലസംരക്ഷണ അതോറിറ്റി ജോയിന്റ് ഡയറക്ടര്‍ വിനോദ് സിങ് എന്നിവരാണുള്ളത്. പമ്പ ത്രിവേണി, ഞുണങ്ങാര്‍, ചെറുകോല്‍ പുഴ, ആറന്മുള, റാന്നി, അയിരൂര്‍, ചെങ്ങന്നൂര്‍, കുട്ടംപേരുര്‍, കുട്ടനാട് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. സുരേഷ് ഗോപി എം.പി, വീണ ജോര്‍ജ് എം.എല്‍.എ എന്നിവരും സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."