മുത്വലാഖ്: പേഴ്‌സണല്‍ ബോര്‍ഡിനെതിരായ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മുത്വലാഖ്, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച് ഓള്‍ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രിംകോടതി തള്ളി. മുത്വലാഖ്, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ, ഇതുസംബന്ധിച്ച വിഷയങ്ങളില്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍നിന്ന് പേഴ്‌സണല്‍ ലോ ബോര്‍ഡിനെ വിലക്കണമെന്ന ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ജസ്റ്റിസുമാരായ പി.സി.ഘോഷും അമിതവ് റോയിയും അടങ്ങുന്ന സുപ്രിംകോടതിയുടെ വേനല്‍ക്കാല ബെഞ്ചാണ് രാഷ്ട്രവാദി മുസ്‌ലിം മഹിളാ സംഘ് (ആര്‍.എം.എസ്) എന്ന സംഘടന സമര്‍പ്പിച്ച ഹരജി തള്ളിയത്.
മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ, പേഴ്‌സണല്‍ ലോ ബോര്‍ഡ് തെറ്റിദ്ധാരണയ്ക്കു കാരണമാകുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ നടത്തുകയാണെന്നു ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ ഫര്‍ഹ ഫാഇസ് ആരോപിച്ചു. വിഷയത്തില്‍ സുപ്രിംകോടതി അന്തിമവിധി പ്രഖ്യാപിക്കുന്നതിനു മുന്‍പു മാധ്യമവിചാരണ നടക്കാന്‍ അത്തരം പ്രസ്താവനകള്‍ കാരണമാകുമെന്നും അവര്‍ വാദിച്ചു.
എന്നാല്‍, ഹരജിക്കാരുടെ ആവശ്യം തള്ളിയ കോടതി, മാധ്യമവിചാരണ എങ്ങനെയാണ് അവസാനിപ്പിക്കുകയെന്നും അതു നിര്‍ത്തലാക്കുന്നതിനു ലോകത്തെവിടെയെങ്കിലും ഫലപ്രദമായ മാര്‍ഗമുണ്ടോയെന്നും അഭിഭാഷകയോട് തിരിച്ചുചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."