ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷ ഇന്ന്
ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. ഇന്ന് രാവിലെ അഹ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി.ബി.ദേശായിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം മാറ്റിവെച്ച വിധിപ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കോടതി അറിയിച്ചിരുന്നത്.
കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ള 69 പേര്‍ കൊലചെയ്യപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും കഴിഞ്ഞ വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ 302 വകുപ്പ് പ്രകാരം കൊലക്കുറ്റവും 13 പേര്‍ക്കെതിരേ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
ബി.ജെ.പി നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ, പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ.ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണ് ജഡ്ജി പി.ബി.ദേശായി വെറുതെവിട്ടത്. 2002 ഫെബ്രുവരി 28നു നടന്ന കൂട്ടക്കൊല കഴിഞ്ഞു 14 വര്‍ഷത്തിനുശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്.
മുസ്‌ലിംകള്‍ക്കു നേരെ നടന്ന ആസൂത്രിതമായ ആക്രമണമായിരുന്നു ഇതെന്ന ഇരകളുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ആസൂത്രണസ്വഭാവമില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയിട്ടില്ലാത്ത കേസായിട്ടാണ് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസ് കോടതിയുടെ മുന്‍പിലുള്ളത്. അതിനാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കു ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ കിട്ടാനാവും സാധ്യത. കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇരകളുടെയും പ്രതികളുടെയും അഭിഭാഷകര്‍ അറിയിച്ചതിനാല്‍ കേസില്‍ നിയമയുദ്ധം ഇനിയും നീളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."