ആശങ്ക, ആശയക്കുഴപ്പം, ഒടുവില്‍ ആശ്വാസം
കോഴിക്കോട്: ആഹ്ലാദവും ആശങ്കയും ഒരു പോലെ നിറഞ്ഞൊരു ദിവസമായിരുന്നു ഇന്നലെ മലാപ്പറമ്പില്‍. സ്‌കൂള്‍ പൂട്ടില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് വിദ്യാര്‍ഥികളും അധ്യാപകരും ഇന്നലെ എത്തിയത്. സമരസമിതി പ്രവര്‍ത്തകരുടെ സമരവും നാട്ടുകാരുടെയും ആലോചനാ യോഗവും നടന്നു കൊണ്ടിരിക്കെ ക്ലാസുകളും നടന്നു. അധ്യയനം ആരംഭിച്ചപ്പോള്‍ ആദ്യത്തെ വാര്‍ത്തയെത്തി-വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തു. മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടക്കം അടച്ചുപൂട്ടാനൊരുങ്ങുന്ന നാലു സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞതോടെ എല്ലാവരും അഹ്ലാദത്തിലായി. ക്ലാസ് മുറിയ്ക്ക് പുറത്തുള്ള രക്ഷിതാക്കളും സന്തോഷം പങ്കുവച്ചു.
ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. സ്‌കൂള്‍ പൂട്ടാന്‍ കോടതി തീരുമാനം പിന്നാലെയെത്തി. സ്‌കൂളുകള്‍ പൂട്ടണമെന്നുള്ള കോടതി വിധി ആദ്യം നടപ്പാക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാരിന് പിന്നീട് സത്യവാങ്മൂലം നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ആദ്യം നടപ്പാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ സന്തോഷം ആശങ്കയ്ക്ക് വഴിമാറി. പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്കയോടെയാണ് അധ്യാപകര്‍ ക്ലാസുകളെടുത്തത്. ആശങ്കയും ആശയക്കുഴപ്പവും നിറഞ്ഞ നിമിഷങ്ങള്‍. ഒടുവില്‍ വൈകിട്ടോടെ സ്‌കൂള്‍ പൂട്ടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ താല്‍ക്കാലികമായി കലക്ടറേറ്റിലേക്ക് മാറ്റുമെന്ന് കലക്ടര്‍ പ്രഖ്യാപിച്ചതോടെ സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടിയവരില്‍ ആശ്വാസത്തിന്റെ ചെറുചിരി വിടര്‍ന്നു.
സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച സൂപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരത്തിന് പിന്തുണയുമായി കഴിഞ്ഞ ദിവസം തന്നെ കൂടുതല്‍ പേരെത്തിയിരുന്നു. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള തീരുമാനം ഒരു നാടിന്റെ ചെറുത്തുനില്‍പ്പിന്റെയും എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലിന്റെയും വിജയമാണ്. സ്‌കൂള്‍ അടച്ചുപൂട്ടുന്നതിരേയുള്ള രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസങ്ങളായി സ്‌കൂളില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു വരുകയായിരുന്നു. ഒന്നര നൂറ്റാണ്ടായി തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന സ്‌കൂള്‍ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടാനുള്ള മാനേജറുടെ ശ്രമം, സ്‌കൂള്‍ എന്തുവിലകൊടുത്തും നിലനിര്‍ത്താനുള്ള നാട്ടുകാരുടെ വിശ്രമമില്ലാത്ത പോരാട്ടം. ഒടുവില്‍ മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ കോടതി ഉത്തരവു പ്രകാരം അടച്ചുപൂട്ടുകയും തുടര്‍ന്ന് സ്‌കൂള്‍ താല്‍ക്കാലികമായി കലക്ടറേറ്റിലേക്ക് മാറ്റുകയും ചെയ്തപ്പോള്‍ ഇവ രണ്ടും വിജയിച്ചു.
ഇന്നലെ വൈകിട്ട് നാലോടെ എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനമാണ് സ്‌കൂള്‍ പുട്ടലിന് അപ്രതീക്ഷിത ക്ലൈമാക്‌സ് സൃഷ്ടിച്ചത്.
കോടതി ഉത്തരവിനെ ധിക്കരിക്കുന്നത് ശരിയല്ലെന്നും തല്‍ക്കാലം സ്‌കൂള്‍ പൂട്ടിക്കോട്ടെയെന്നും യോഗത്തില്‍ ധാരണയായി. അപ്പോഴേക്കും ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സ്‌കൂള്‍ താല്‍ക്കാലികമായി കലക്ടറേറ്റിലേക്ക് മാറ്റാമെന്ന് അറിയിച്ചു. ഇതിനിടെ നാലേ മുക്കാലോടെ എ.ഇ.ഒ സ്ഥലത്തെത്തി സ്‌കൂള്‍ പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. രാത്രി എട്ടുവരെ നടപടി ക്രമങ്ങള്‍ നീണ്ടു. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എ.ഇ.ഒയെ തടയേണ്ടെന്ന് തീരുമാനിച്ചിരുന്നു. മുദ്രാവാക്യം വിളിയോ ബഹളമോ ഇല്ലാതെയാണ് എ.ഇ.ഒ നടപടി പൂര്‍ത്തിയാക്കിയത്.
കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക വാഹനത്തിലാണ് കുട്ടികളെ കലക്ടറേറ്റിലെത്തിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ ശീതീകരിച്ച ക്ലാസ് മുറിയിലേക്ക് കളിചിരികളുമായി കുട്ടികളെത്തി. കലക്ടര്‍ തന്നെ ഓരോരുത്തരെയും സീറ്റിലിരുത്തി. ക്ലാസിലെത്തിയ കുട്ടികള്‍ക്ക് കലക്ടര്‍ തന്നെ ഇന്നലെ ക്ലാസെടുത്തു. പണമല്ല ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ഭൂമി കച്ചവടം ചെയ്യാനുള്ളതല്ലെന്നും വിദ്യയാണ് ഏറ്റവും വലിയ ധനമെന്നുമുള്ള പാഠങ്ങളാണ് നാം പഠിക്കേണ്ടതെന്ന് കലക്ടര്‍ കുട്ടികളോട് പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്. മറ്റു സംവിധാനമുണ്ടാകുന്നതുവരെ പതിവ് ക്ലാസുകള്‍ കലക്ടറേറ്റില്‍ നടക്കും. എ. പ്രദീപ്കുമാര്‍ എം.എല്‍.എ, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."