ആഹ്ലാദാരവങ്ങളുമായി പാലാട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളും
കോഴിക്കോട്: അടച്ചുപൂട്ടല്‍ ഭീഷണി നിലനിന്നിരുന്ന തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ.യു.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്‌കൂള്‍ സംരക്ഷണ സമിതിയും വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. രാവിലെ പതിനൊന്നരയോടെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ടി.വി ചാനലുകളില്‍ വന്നിരുന്നു. ഏറ്റെടുക്കുന്ന സ്‌കൂളുകളുടെ പട്ടികയില്‍ പാലാട്ട് സ്‌കൂളും ഉണ്ടെന്നുറപ്പായതോടെ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തി. വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യങ്ങളും മുഴക്കി.
അന്‍പതു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പാലാട്ട് എ.യു.പി സ്‌കൂള്‍ ലാഭകരമല്ലെന്ന് കാണിച്ചാണ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നകം പൂട്ടണമെന്ന് ഹൈക്കോടതി വിധിച്ചുവെങ്കിലും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 31നകം പൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഈ മാസം 31നകം സ്‌കൂള്‍ അടച്ചുപൂട്ടി രേഖകള്‍ ഏറ്റെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം ലഭിച്ചത്. എന്നാല്‍ ഉത്തരവ് നടപ്പാക്കാനെത്തിയ എ.ഇ.ഒയെ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
തുടര്‍ന്ന് ഏറ്റെടുക്കല്‍ മുടങ്ങി. ജനകീയ കൂട്ടായ്മയില്‍ ഇവിടെ പ്രവേശനോത്സവവും നടന്നു. ആശങ്കകള്‍ക്കിടയില്‍ അധ്യയനം തുടരുന്നതിനിടെയാണ് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."