ഹജ്ജ് നറുക്കെടുപ്പ് 12ന്
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് ജനുവരി 12ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. അവ്യക്തതകള്‍ നിറഞ്ഞ അപേക്ഷകള്‍ തിരുത്തുന്നതിനു നല്കിയ സമയം ഈ മാസം അഞ്ചിന് അവസാനിക്കുന്നതിനാലാണ് നറുക്കെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചത്. ഹജ്ജ് നറുക്കെടുപ്പ്, വിമാന സര്‍വിസുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10.30ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ യോഗം ചേരും.
ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സെപ്റ്റംബര്‍ 18 മുതല്‍ ഡിസംബര്‍ 19 വരെയാണ് സ്വീകരിച്ചത്. അപേക്ഷകളിലെ ഡാറ്റാ എന്‍ട്രികള്‍ പൂര്‍ത്തീകരിച്ച് ജനുവരിക്ക് മുന്‍പായി നറുക്കെടുപ്പ് നടത്താനായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ അവ്യക്തമായ അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തി സമര്‍പ്പിക്കാന്‍ ജനുവരി അഞ്ചുവരെ സമയം അനുവദിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് തിയതി മാറ്റുകയായിരുന്നു.
കേരളത്തില്‍ ഈ വര്‍ഷം നെടുമ്പാശേരി, കരിപ്പൂര്‍ എന്നീ രണ്ടിടങ്ങളിലും ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് അനുവദിച്ചിട്ടുണ്ട്. നിലവില്‍ നെടുമ്പാശേരിയില്‍ ആദ്യഘട്ടത്തിലും കരിപ്പൂരില്‍ രണ്ടാംഘട്ടത്തിലുമാണ് സര്‍വിസുകളുള്ളത്.എന്നാല്‍ കരിപ്പൂരിലെ സര്‍വിസുകള്‍ ആദ്യഘട്ടത്തിലേക്ക് മാറ്റിയാല്‍ മാത്രമേ പ്രവാസികളായ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയുകയുള്ളൂ. പ്രവാസികള്‍ക്ക് ജോലിയുള്ള സ്ഥാപനങ്ങളില്‍ നിന്ന് കുറഞ്ഞ അവധിയാണ് ലഭിക്കുന്നത്. ആയതിനാല്‍ ആദ്യഘട്ടത്തിലെ യാത്രയും തിരിച്ചുവരവും ഇവര്‍ക്ക് ഏറെ ഗുണം ചെയ്യും. പ്രവാസികളായ തീര്‍ഥാടകര്‍ ഏറെയുള്ളതും കരിപ്പൂരില്‍ നിന്നാണ്. അതേസമയം കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസുകള്‍ ആദ്യഘട്ടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്ന് ചേരുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."