യൂനിസെഫിന്റെ നേതൃത്വത്തില്‍ പഠനം നടത്തുമെന്ന് മന്ത്രി ശൈലജ
പാലക്കാട് : അട്ടപ്പാടിയിലെ ശിശു മരണങ്ങളെക്കുറിച്ച് യൂനിസെഫിന്റെ നേതൃത്വത്തില്‍ പഠനം നടത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഈ സംഘത്തില്‍ വിവിധ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും ഉണ്ടാകും. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള യൂനിസെഫിന്റെ സംഘം ജനുവരി അവസാനം അട്ടപ്പാടിയിലെത്തും.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മാസത്തിലൊരിക്കല്‍ അട്ടപ്പാടി സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഡയരക്ടറും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഗളി, കോട്ടത്തറ എന്നിവിടങ്ങളില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കാനായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് എന്നിവ ഏകോപിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടിയിലുണ്ടായ ശിശു മരണങ്ങളില്‍ ചിലത് ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ഘട്ടത്തില്‍ അട്ടപ്പാടിയിലെ ശിശുമരണം നന്നായി കുറച്ചുകൊണ്ടുവന്ന് എട്ട് ആക്കാന്‍ കഴിഞ്ഞതാണ്. മരണ നിരക്ക് ഉയര്‍ന്ന് 14 ആയതിനാലാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുമരണ നിരക്ക് കുറച്ചുകൊണ്ടു വരാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."