മെഡിക്കല്‍ കോളജ്: പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് തുറക്കും
ചേവായൂര്‍: രോഗികളെ ഉള്‍ക്കൊള്ളാനാവാതെ പൊറുതിമുട്ടുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിനു 2019ലെ പ്രതീക്ഷയുമായി പുതിയ സൂപ്പര്‍ സ്‌പെഷാലിറ്റി സര്‍ജിക്കല്‍ ബ്ലോക്ക്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി പദ്ധതികള്‍ ലഭിച്ചിട്ടും അത്യാഹിത വിഭാഗത്തിലും ഒ.പിയിലും വാര്‍ഡുകളിലും രോഗികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാനോ തിരക്ക് കുറക്കാനോ കഴിഞ്ഞിട്ടില്ല. 2019 ഏപ്രില്‍ മാസത്തോടെ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതുന്ന സര്‍ജിക്കല്‍ ബ്ലോക്ക് യാഥാര്‍ഥ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമാകും. കേന്ദ്രീകൃത ഐ.സി.യുവും തിയറ്റര്‍ സൗകര്യങ്ങളും അത്യാഹിത വിഭാഗവും ഉള്‍പ്പെട്ട അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി സര്‍ജിക്കല്‍ ബ്ലോക്കാണ് പുതുവര്‍ഷത്തില്‍ ഇവിടെ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത്.
195.9 കോടിയുടെ പദ്ധതിയാണ് ഇതിനായി രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഏഴുനിലയിലുള്ള കെട്ടിടത്തില്‍ അത്യാഹിത വിഭാഗം, കാര്‍ഡിയാക് സര്‍ജറി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ സര്‍ജറി, യൂറോളജി, അനസ്‌തേഷ്യ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളാണു പ്രവര്‍ത്തിക്കുക. ഏറ്റവും താഴത്തെ നില അത്യാഹിത വിഭാഗത്തിനുള്ളതാണ്. എക്‌സ്‌റേ, സ്‌കാനിങ്, സി.ടി സ്‌കാന്‍, എം.ആര്‍.ഐ, അള്‍ട്രാ സൗണ്ട് തുടങ്ങിയ റേഡിയോളജി സൗകര്യങ്ങള്‍ അത്യാഹിത വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
30,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന അത്യാഹിത വിഭാഗത്തില്‍ ഒരുദിവസം 600നും 800നും ഇടയില്‍ രോഗികള്‍ക്ക് ചികിത്സ തേടാനാവും. ഒരേസമയം 70 രോഗികളെ വരെ പരിശോധിക്കാന്‍ സാധിക്കുന്ന സംവിധാനമാണിത്.
അഞ്ച് എമര്‍ജന്‍സി ഓപറേഷന്‍ തിയറ്ററുകളും സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ക്കുവേണ്ടി 14 പ്രത്യേക തിയറ്ററുകളുമായി 19 തിയറ്ററുകളാണ് പുതിയ ബ്ലോക്കില്‍ ഉണ്ടാവുക.
450 കട്ടിലുകള്‍ ഇവിടെ സജ്ജമാക്കും. ഓരോ നിലയിലും ഐ.സി.യുവും തിയറ്ററും ഒരുക്കും.
ഓരോ സ്‌പെഷാലിറ്റി വിഭാഗത്തിനും വേണ്ട പുരുഷ-വനിതാ വാര്‍ഡുകള്‍, ഇന്റന്‍സിവ് കെയര്‍ യൂനിറ്റ്, സെമി ഐ.സി.യു, ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമുള്ള മുറികള്‍, എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികള്‍, സെമിനാര്‍ ഹാളുകള്‍ എന്നിവയും ഇവിടെ ഒരുക്കും. ഇതുകൂടാതെ പി.ജി പരീക്ഷകള്‍ക്കും മറ്റുമായി എട്ടു കിടക്കകളുള്ള എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പൊതുപരീക്ഷാ ഹാളും ഉണ്ടായിരിക്കും.
പുതിയ ബ്ലോക്ക് വരുന്നതോടെ പ്രധാന ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിസിന്‍ വിഭാഗത്തിനു മാത്രമായും സൂപ്പര്‍ സ്‌പെഷാലിറ്റി കെട്ടിടം മുഴുവനായി മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയുമായി മാറും. എല്ലാ സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളിലെയും ഒ.പി പഴയ സൂപ്പര്‍ സ്‌പെഷാലിറ്റി കെട്ടിടത്തില്‍ ആയിരിക്കും.
സര്‍ജറി വിഭാഗം പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോള്‍ പ്രധാന ആശുപത്രിയില്‍ തിരക്ക് കുറയുമെന്നത് ഏറെ ആശ്വാസമാണ്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമ്പോഴേക്ക് ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും അനുവദിക്കുമെന്നാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ധാരണ.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കാണ് 2019ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."