പുഴയോരത്ത് മണ്ണിട്ടുനികത്തി സ്ഥലം കൈയേറ്റം വ്യാപകം
മുതലമട: ഗായത്രി പുഴയോരത്ത് മണ്ണിട്ടുനികത്തി സ്ഥലം കൈയേറ്റം വ്യാപകം. മുതലമട മുതല്‍ ആലത്തൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് പുഴയുടെ ഇരുവശത്തും കൈയേറി നിര്‍മാണ പണികള്‍ നടക്കുന്നത്. ഇതിനെതിരേ നല്‍കുന്ന പരാതികള്‍ പോലും അധികാരികള്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
പ്രളയ സമയത്ത് ഒരു മാസത്തിലധികമായി വെള്ളത്തിനടിയിലായിരുന്ന പുഴയോര പ്രദേശങ്ങളിലാണ് നിലവില്‍ കരിങ്കല്‍കെട്ട് നിര്‍മിച്ച് സ്വന്തമാക്കുന്ന പ്രവണത വ്യാപകമായിട്ടുള്ളത്. ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് അധികൃതര്‍ സ്ഥലം പരിശോധിക്കാനെത്തിയാല്‍ ഭീഷണിപ്പെടുത്തലും പണം നല്‍കി നടപടികളില്‍ നിന്നും ഒഴിവാക്കുന്നതും വ്യാപകമാണ്.
150മുതല്‍ 200 വരെ മീറ്ററിലധികം വീതിയുള്ള ഗായത്രി പുഴ നിലവില്‍ 30-40 മീറ്ററായി ചുരുങ്ങിയ അവസ്ഥയാണുള്ളത്. മുതലമട പഞ്ചായത്തില്‍ ആനമാറിക്കടുത്ത് ഗായത്രി പുഴയുടെ വശത്ത് മണ്ണിട്ടു നികത്തി കരിങ്കല്‍കെട്ട് നിര്‍മിച്ചതിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കിയും നടപടിയുണ്ടായിട്ടില്ല. ഇതിടെ ചുവടുപിടിച്ച് പുഴയുടെ മറ്റു വശങ്ങളിലും കൈയ്യേറ്റം വ്യാപകമാണ്. എന്നാല്‍ കൈയേറ്റക്കാര്‍ തങ്ങളുടെ സ്ഥലമാണെന്നും രേഖകള്‍ ഉണ്ടെന്നുമുള്ള മറുപടിയാണ് നല്‍കുന്നത്.
20 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഗായത്രി പുഴയുടെ വീതി വീണ്ടെടുക്കുവാന്‍ സര്‍വേ വകുപ്പും റവന്യുവകുപ്പും തയാറാവണമെന്നും ഗായത്രി പുഴയെ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."