നവോത്ഥാനത്തെ പിന്നോട്ടുവലിക്കുന്നവര്‍ക്കെതിരേ ജനകീയ പ്രതിരോധമുയരണം: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യത്തെ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ ജനകീയ പ്രതിരോധമുയരണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും അംഗീകരിക്കില്ലെന്നു കേരളം പ്രഖ്യാപിക്കുന്ന ദിവസമായിരിക്കും പുതുവത്സര ദിനമെന്നും മന്ത്രി പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വന്‍ഷന്‍ സെന്ററിന്റെയും ഡിജിറ്റല്‍ മ്യൂസിയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ പാതയാണു സര്‍ക്കാര്‍ പിന്തുടരുന്നതെന്നു മന്ത്രി വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും നവോത്ഥാന ചിന്തകളിലൂടെ നാട് സഞ്ചരിക്കുകയും വേണം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണ് വനിതാ മതില്‍. എല്ലാ പിന്തിരിപ്പന്‍ ആശയങ്ങളേയും പ്രതിരോധിക്കുന്ന സ്‌നേഹമതിലായി വനിതാ മതില്‍ മാറുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍പ്പെടുത്തിയാണ് ചെമ്പഴന്തി ഗുരുകുലത്തില്‍ അത്യാധുനിക കണ്‍വന്‍ഷന്‍ സെന്ററും ഡിജിറ്റല്‍ മ്യൂസിയവും നിര്‍മിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു നിലകളിലായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ 16000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കണ്‍വന്‍ഷന്‍ സെന്ററില്‍ 1200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. 8000 ചതുരശ്ര അടിയില്‍ മുകളിലത്തെ നിലയില്‍ നിര്‍മിക്കുന്ന ശ്രീനാരായണ ഗുരു ഡിജിറ്റല്‍ മ്യൂസിയത്തില്‍ നാലു ഹാളുകളിലായി ഗുരുവിന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യാനുഭവമാക്കും. 18 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റേഴ്‌സ് സഹകരണ സംഘത്തിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.എസ് ഷീല, സുദര്‍ശനന്‍, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. യശോധരന്‍, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം സി.ഇ.ഒ നീന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."