മണിപ്പൂരിലേക്കു പ്രവേശിക്കാന്‍ ഇനി പ്രത്യേക അനുമതി, പെര്‍മിറ്റ് വിതരണം ആരംഭിച്ചു
ഇംഫാല്‍: മണിപ്പൂരിലേക്കു പോകണമെങ്കില്‍ ഇനി പ്രത്യേക അനുമതി വേണം. ഇതിനായുള്ള ഐ.എല്‍.പി (ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) വിതരണം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കടക്കം മണിപ്പൂരിലേക്കു പ്രവേശിക്കാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കുന്ന നിയമമാണിത്. പൗരത്വ നിയമ ഭേദഗതിയുടെ പരിധിയില്‍നിന്ന് ഒഴിവാകാന്‍ മേഘാലയയടക്കമുള്ള ചില സംസ്ഥാനങ്ങളും ഐ.എല്‍.പി നടപ്പാക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് മണിപ്പൂരിനു ബാധകമാക്കിയ കാര്യം ആഭ്യന്തര മന്ത്രി അമിത് ഷാ ഡിസംബര്‍ 11നാണ് ലോക്സഭയില്‍ അറിയിച്ചിരുന്നത്. പിന്നാലെ ഐ.എല്‍.പി സംബന്ധമായി ഗസറ്റില്‍ വിജ്ഞാപനം നടത്തി അതിനുള്ള നടപടികള്‍ ആരംഭിച്ച് ഇന്നലെ മുതല്‍ പ്രത്യേക പെര്‍മിറ്റ് വിതരണം ആരംഭിക്കുകയുമായിരുന്നു.
ഇതിനായി പുതുവര്‍ഷ ദിനം മുതല്‍ മൂന്നു കൗണ്ടറുകളാണ് സംസ്ഥാനത്തു തയാറാക്കിയിരിക്കുന്നത്. സ്പെഷല്‍ കാറ്റഗറി, റെഗുലര്‍ പെര്‍മിറ്റ്, താല്‍ക്കാലിക പെര്‍മിറ്റ്, തൊഴില്‍ കാറ്റഗറി എന്നിങ്ങനെ നാലു വ്യത്യസ്ത പെര്‍മിറ്റുകളാണ് നല്‍കുന്നത്. ആഭ്യന്തര വകുപ്പ് നല്‍കുന്ന സ്പെഷല്‍ കാറ്റഗറി പെര്‍മിറ്റിന്റെ കാലാവധി മൂന്നു വര്‍ഷമാണ്. റെഗുലറിന് ആറു മാസവും താല്‍ക്കാലിക പെര്‍മിറ്റിന് 15 ദിവസവുമാണ് പരിധി. തൊഴില്‍ പെര്‍മിറ്റിന് ഡെപ്യൂട്ടി ലേബര്‍ കമ്മിഷനറാണ് പരിധി നിശ്ചയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."