ഇഞ്ചികൃഷിക്കെതിരെ പ്രതിഷേധ കൂട്ടായ്മ
എലപ്പുള്ളി: എലപ്പുള്ളി കൃഷിഭവന്റെ പരിധിയില്‍ വരുന്ന ഊറപ്പാടം പാടശേഖരത്തിലെ അഞ്ച് ഏക്കര്‍ വരുന്ന ഇഞ്ചികൃഷിയില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത്. ഊറപ്പാടം, കോവില്‍പ്പാളയം, നെല്ലിക്കാംപുള്ളി, പച്ചിരക്കുളമ്പ് പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മാരകമായ രാസവസ്തുക്കളും കീടനാശിനികളും പ്രയോഗിക്കുന്നതുമൂലം ഇവിടത്തെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. പൈപ്പ് വെള്ളം ലഭ്യമല്ലാത്ത സമയങ്ങളില്‍ ഇവിടത്തെ തദ്ദേശവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഏക കിണര്‍ ഇഞ്ചികൃഷി ചെയ്തിരിക്കുന്ന പാടത്തിന്റെ നടുവിലാണ്. കിണറിലെ വെള്ളം ഉപയോഗിക്കരുതെന്ന് ഇഞ്ചികൃഷി നടത്തിപ്പുകാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഊറപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കി. നെല്‍വയല്‍ ഇഞ്ചികൃഷിക്ക് നല്‍കുന്ന കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇഞ്ചികൃഷിയില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒപ്പിട്ടുനല്‍കിയ നിവേദനം ജില്ലാ കലക്ടര്‍, എലപ്പുള്ളി കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്.
അധികൃതരുടെ ഭാഗത്തുനിന്നും ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ സമരത്തിന് അനന്തന്‍, പാര്‍ഥന്‍, ഹരി, ഉദയന്‍, സുദേവന്‍, പ്രസാദ്, വേലുണ്ണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."