വനിതാ മതില്‍: ഓഫിസുകളില്‍ ആളനക്കമില്ലാത്ത പ്രവൃത്തിദിനം
ജലീല്‍ അരൂക്കുറ്റി#
കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൗനാനുവാദം ലഭിച്ചതോടെ ഓഫിസുകള്‍ക്ക് ഇന്നലെ ആളനക്കമില്ലാത്ത പ്രവൃത്തിദിവസമായി മാറി.
അധ്യാപകര്‍ക്ക് വനിതാ മതിലില്‍ അണിനിരക്കുന്നതിനായി സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കുശേഷം അപ്രഖ്യാപിത അവധി കൂടി അനുവദിച്ചതോടെ അധ്യയനവും മുടങ്ങി. വനിതാ മതിലില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഫലത്തില്‍ ഡ്യൂട്ടി ലീവാണ് ലഭിച്ചത്.
ഇന്ന് മന്നം ജയന്തിയുടെ അവധി കൂടിയുള്ളതിനാല്‍ ഇന്നലെ സര്‍ക്കാര്‍ ഓഫിസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജീവനക്കാരുടെ അഭാവത്തില്‍ കാര്യമായി ഒന്നും നടന്നില്ല. ഓഫിസുകളിലെത്തിയവര്‍ക്ക് അടുത്തദിവസം വരൂവെന്ന മറുപടിയാണ് ലഭിച്ചത്.
കോഴിക്കോട് ഡി.ഡി.ഇ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് വെട്ടിലായതോടെ ഇന്നലെ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഓഫിസര്‍മാരോട് അവധി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ പൂര്‍ണസമയം അധ്യയനത്തിനുള്ള തയാറെടുപ്പാണ് നടത്തിയിരുന്നത്.
എന്നാല്‍, ഇന്നലെ ഉച്ചയ്ക്കുശേഷം അവധി നല്‍കാന്‍ അനൗദ്യോഗികമായി പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ കുട്ടികളെ നേരത്തേ വിടുന്ന കാര്യം രക്ഷാകര്‍ത്താക്കളെ ഫോണില്‍ വിളിച്ച് അറിയിക്കേണ്ടിവന്നു.
കൂടാതെ സ്‌കൂള്‍ ബസുകളുടെയും കുട്ടികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങളുടെയും സമയക്രമീകരണവും പെട്ടെന്ന് മാറ്റേണ്ടിവന്നത് ബുദ്ധിമുട്ടിലാക്കി. ഉച്ചഭക്ഷണത്തിന് ക്രമീകരണം നടത്തിയതിനാല്‍ അതുകഴിഞ്ഞാണ് കുട്ടികളെ വിട്ടത്. കുട്ടികളുടെ സുരക്ഷിതമായ യാത്ര കണക്കിലെടുത്താണ് നേരത്തെ സ്‌കൂള്‍ വിടുന്നതെന്നായിരുന്നു പ്രധാന അധ്യാപകര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കിയ വിശദീകരണം. വനിതാ മതിലില്‍ പങ്കെടുക്കുന്നതിനായി അങ്കണവാടികള്‍ക്കും അവധി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളും ആശാ പ്രവര്‍ത്തകരും വനിതാ മതിലില്‍ പങ്കെുക്കാന്‍ പോയതോടെ ആ മേഖലകളിലെ പ്രവര്‍ത്തനങ്ങളും നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."