വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
പുതുക്കാട്: രാപ്പാള്‍ പള്ളത്ത് കൂട്ടുകാര്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. കോരാത്തേരി വീട്ടില്‍ മനോജ് (40) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
പുതുക്കാട് സി.ഐ കെ.എന്‍ ഷാജിമോന്റെ നേതൃത്വത്തിലാണ് പൊലിസ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൊലയ്ക്കുപയോഗിച്ച ആയുധവും പൊലിസ് കണ്ടെടുത്തു. രാപ്പാള്‍ ഇട്യാടന് ചന്ദ്രന്റെ മകന് കണ്ണന് (39) ആണ് ചൊവ്വാഴ്ച രാത്രി മൈത്രിനഗറില്‍ കുത്തേറ്റ് മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത് കൊല്ലപ്പെട്ട കണ്ണനും പ്രതിയായ മനോജും സുഹൃത്തുക്കളാണ്. ഇരുവരുടെയും മറ്റൊരു സുഹൃത്തായ രാജീവ് മനോജിന്റെ വീടിനു സമീപത്തുള്ള അജീഷിന്റെ വീട്ടില്‍ വരുന്നത് പ്രതിക്ക് ഇഷ്ടമല്ലായിരുന്നു.
രാജീവ് ഈ ഭാഗത്തേക്ക് വരുന്നതിനെ മനോജ് വിലക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് മനോജും കണ്ണനും തമ്മില്‍ രണ്ട് ദിവസം മുന്‍പ് തര്‍ക്കം നടന്നിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ എന്ന പേരില്‍ ചൊവ്വാഴ്ച രാത്രി കണ്ണനെ പ്രതി ഫോണില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും മനോജ് അരയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തില്‍ കുത്തുകയായിരുന്നു.
വഴിയില്‍ ചോരവാര്‍ന്നു കിടന്ന കണ്ണനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൃത്യം നടത്തിയ ശേഷം കണ്ണനെ വകവരുത്തിയതായി വഴിയില്‍ കണ്ട ചിലരോട് മനോജ് പറഞ്ഞിരുന്നു.
ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മനോജിന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. സംഭവം കഴിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ വീടിന് സമീപം തടഞ്ഞുവെക്കുകയായിരുന്നു.
പൊലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റിരുന്നതിനാല്‍ നിരീക്ഷണത്തില്‍ വെച്ചശേഷം ഇന്നലെ രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍, കൊടകര, പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിലായി മോഷണം, അടിപിടി എന്നിവ ഉള്‍പ്പെടെ എട്ടോളം കേസ്സുകളില്‍ പ്രതിയാണ് അറസ്റ്റിലായ മനോജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."