ചെമ്മീന്‍ കൃഷിയിടത്തില്‍ ലക്ഷക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചത്തു പൊങ്ങിയ നിലയില്‍
കൊടുങ്ങല്ലൂര്‍: ചെമ്മീന്‍ കെട്ടില്‍ വിഷാംശം കലര്‍ത്തിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചത്തു പൊങ്ങിയ നിലയില്‍. പുല്ലൂറ്റ് വില്ലേജിലെ പാറന്‍ തുരുത്തിലുള്ള നാട്ടിക സ്വദേശി തട്ടുപറമ്പില്‍ ഷൈന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്ത് നിക്ഷേപിച്ച കുഞ്ഞുങ്ങളാണ് ചത്ത് പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഉടമ ഷൈന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് കലക്ടര്‍ വി.രതീശന്‍, തഹസില്‍ദാര്‍ കെ.വി ജോസഫ്, വില്ലേജ് ഓഫിസര്‍ ഫിലോമി, എസ്.ഐ ബി.രാജഗോപാല്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇന്നലെ ഉച്ച കഴിഞ്ഞ് ചെമ്മീന്‍ കെട്ട് സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. ഒരു മാസം പ്രായമായ രണ്ടര ലക്ഷത്തോളം കാര ചെമ്മീന്‍ കുഞ്ഞുങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചത്ത് പൊങ്ങിയത്. ഇതേ തുടര്‍ന്ന് ചെമ്മീന്‍ കെട്ടിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയപ്പോള്‍ കെട്ടിന്റെ നാല് ഭാഗങ്ങളില്‍ നിന്നുമായി വെളുത്ത നിറത്തിലുള്ള രാസപദാര്‍ഥത്തിന്റെ വലിയ കട്ടകള്‍ കണ്ടെത്തി. ഷൈന്‍ ആദ്യമായാണ് പുല്ലൂറ്റുള്ള തന്റെ ചെമ്മീന്‍ കൃഷിയിടത്തില്‍ നിന്നും 5 ഏക്കര്‍ കൃഷിയിടമൊരുക്കി അക്വാഷൈന്‍ എന്ന പേരില്‍ ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി ആരംഭിച്ചത്. പോണ്ടിച്ചേരിയില്‍ നിന്നും വരുത്തിയ കാര വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ടര ലക്ഷം കുഞ്ഞുങ്ങളെ കഴിഞ്ഞ ഏപ്രില്‍ 20 നാണ് കൃഷിയിടത്തില്‍ നിക്ഷേപിച്ചത്. ഇതിനിടയില്‍ മെയ് 21 ന് രാവിലെയാണ് ഇതില്‍ കുറച്ച് കുഞ്ഞുങ്ങളെ ചത്ത് പൊന്തിയ നിലയില്‍ കണ്ടെത്തിയത്. ആദ്യം കാലാവസ്ഥ വ്യതിയാനം മൂലം സംഭവിച്ചതാണെന്ന് കരുതിയെങ്കിലും അടുത്ത ദിവസങ്ങളിലും ഈ പ്രവണത കണ്ടതോടെ ഇവയെ പരിശോധനക്കായി വെല്ലിങ്ടണിലുള്ള 'സിഫ്റ്റി'ന്റെ ലബോറട്ടറിയിലേക്ക് അയക്കുകയായിരുന്നു. വൈറസോ, മറ്റ് രോഗങ്ങളോ അല്ല ഇവ ചത്ത് പൊങ്ങാന്‍ കാരണമെന്നും മറ്റേതോ രാസപദാര്‍ഥമാണെന്നും കണ്ടെത്തുകയും ചെയ്തു. ഇതിനിടയില്‍ കൊട്ടക്കണക്കിന് ചെമ്മീനാണ് ദിനംപ്രതി ചത്ത് പൊങ്ങിക്കൊണ്ടിരുന്നത്.
ഇതേ തുടര്‍ന്ന് കൃഷിയിടത്തിലെ വെള്ളം പൂര്‍ണമായും വറ്റിച്ചപ്പോഴാണ് വെളുത്ത നിറത്തിലുള്ള രാസപദാര്‍ഥത്തിന്റെ വലിയ കട്ടകള്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഉടമ ഷൈന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ച കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഇതേക്കുറിച്ച് വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. സംഭവം വലിയ സാമൂഹ്യ വിപത്താണെന്നാണ് കലക്ടര്‍ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."