ഒരു വര്‍ഷത്തിനിടെ പ്രവാസി കമ്മിഷന് ലഭിച്ചത് 320 പരാതികള്‍
മുഹമ്മദലി പേലേപ്പുറം#
മലപ്പുറം: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച പ്രവാസി കമ്മിഷന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 320 പരാതികള്‍. വിവിധ സ്ഥലങ്ങളില്‍ നടന്ന സിറ്റിങ്ങുകളിലും ഇമെയില്‍ വഴിയും ലഭിച്ച പരാതികളാണിത്. ഇതില്‍ 170 എണ്ണത്തിന് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള മലബാര്‍ മേഖലയില്‍ കമ്മിഷന് ഓഫിസ് സംവിധാനം ഇല്ലാത്തത് പ്രവാസി കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസമാവുന്നുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് ആസ്ഥാന ഓഫിസും എറണാകുളത്ത് ഒരു സബ് ഓഫിസും മാത്രമാണ് കമ്മിഷനുള്ളത്.
പ്രവാസികളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനായി എറണാകുളത്തെ ഓഫിസില്‍ എല്ലാ മാസവും കമ്മിഷന്‍ സിറ്റിങ് നടത്താറുണ്ടെങ്കിലും മറ്റു ജില്ലകളില്‍ മാസങ്ങള്‍ കഴിഞ്ഞാലേ സിറ്റിങ് നടത്താറുള്ളൂ. ഇതു മൂലം കമ്മിഷന് പരാതി സമര്‍പ്പിക്കാന്‍ ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മലബാര്‍ മേഖലയില്‍ കമ്മിഷന് ഓഫിസും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രവാസി കമ്മിഷന്‍ ചെയര്‍മാന്‍ പി. ഭവദാസന്‍ പറഞ്ഞു.
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവാസി കമ്മിഷന്‍ രൂപീകരിച്ച് 2016 ഏപ്രിലിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുമായി ബന്ധപ്പെട്ട് പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികളുടെയും കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് കമ്മിഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളെ സംബന്ധിച്ചടത്തോളം കമ്മിഷന്റെ രൂപീകരണം ഏറെ ആശ്വാസകരമായിരുന്നു. ഒരു വര്‍ഷം കാത്തിരുന്നതിനു ശേഷമാണ് കമ്മിഷന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായത്. എന്നാല്‍ രൂപീകരിച്ച് മൂന്ന് വര്‍ഷത്തോളമായിട്ടും മലബാര്‍ മേഖലയില്‍ ഓഫിസ് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വനിതാ, വിവരാവകാശ കമ്മിഷനുകള്‍ പോലെ അര്‍ധ ജുഡിഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രവാസികളുടെ പണം തട്ടിയെടുക്കുന്നതും വ്യാജ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നതും പോലെയുള്ള ചൂഷണങ്ങള്‍ക്ക് കമ്മിഷന് പരിഹാരം കാണാനാവും. ചൂഷണത്തിനിരയാവുന്ന പ്രവാസികളുടെ നിരവധി പരാതികളാണ് കമ്മിഷന് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."