പ്രവാസികളുടെ കാര്യം ശ്രദ്ധിക്കാന്‍ കേന്ദ്രത്തിന് സമയമില്ല: മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രവാസികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം നിയമസഭയിലെ നവീകരിച്ച ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെ ബാധിക്കുന്ന നയമോ നിയമമോ ഇല്ലെന്നത് ഒരു പ്രശ്‌നമാണ്. പ്രവാസികളുടെ വിഷയങ്ങളിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വത്തിനു നിരക്കുന്നതല്ല. വിദേശനാണ്യം നേടിത്തരുന്നവര്‍ക്ക് ചില കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്രത്തിനു ചുമതലയുണ്ട്. അതിന് ഊന്നല്‍ നല്‍കുന്ന നയമാണ് കേന്ദ്രം പ്രഖ്യാപിക്കേണ്ടത്.
പ്രവാസി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച കൃത്യമായ സ്ഥിതിവിവരക്കണക്ക് ഉണ്ടാക്കലാണ്. 1.05 കോടി പേര്‍ ഉണ്ടെന്നാണ് ദേശീയതലത്തിലുള്ള അനൗദ്യോഗിക കണക്ക്. 1.31 കോടി ഇന്ത്യന്‍ പ്രവാസികളും 1.71 കോടി ഇന്ത്യന്‍ വംശജരും.
യഥാര്‍ഥ കണക്ക് കേന്ദ്രം അവതരിപ്പിക്കുന്നില്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ പക്കലുള്ള കണക്കു കേന്ദ്രം പുറത്തുവിടുന്നുമില്ല. ഇത് ആസൂത്രണത്തിന്റെ താല്‍പര്യങ്ങള്‍ക്കു പോലും എതിരാണ്. കേന്ദ്രം ഈ നിലപാട് തിരുത്തണം.
ഗള്‍ഫിലേക്കുള്ള മലയാളി കുടിയേറ്റത്തില്‍ കുറവുവരുന്നു എന്നത് യാഥാര്‍ഥ്യമാണ്. അവിടങ്ങളിലെ സ്വദേശിവല്‍ക്കരണം ഒരു കാരണമാണ്. അവിദഗ്ധ തൊഴില്‍ രംഗത്ത് സാധ്യതാക്കുറവും വിദഗ്ധ തൊഴില്‍രംഗത്ത് സാധ്യതാക്കൂടുതലും ഉണ്ടാവുന്നു. ഇതുകൊണ്ടാണ് കുടിയേറ്റ നിരക്ക് കുറയുമ്പോഴും വിദേശ പണവരവ് ഉയര്‍ന്നുനില്‍ക്കുന്നത്.
ലോക കേരളസഭയുടെ ഒന്നാം സമ്മേളനവും സഭാ രൂപീകരണവും വെറും ആരംഭശൂരത്വമായിരുന്നില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ യാഥാര്‍ഥ്യങ്ങളാക്കി മാറ്റുന്ന ഘട്ടം തന്നെയാണ് കടന്നുപോയത്.
ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. സംസ്ഥാനത്തിന്റെ പ്രവര്‍ത്തന പരിധിയുള്ള സഹകരണസംഘം എന്നതാണ് മറ്റൊന്ന്. പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിര്‍മാണ കമ്പനി, പ്രവാസി വനിതകള്‍ക്കായുള്ള വനിതാ സെല്‍, പ്രവാസി ജീവിതത്തിലുണ്ടാവാനിടയുള്ള വിഷമതകളെക്കുറിച്ച് ജാഗ്രതപ്പെടുത്തുന്ന പ്രവാസി ഫെസിലിറ്റേഷന്‍ സെന്റര്‍, ഫ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ സെന്റര്‍, നൈപുണ്യ വികസനത്തിനായുള്ള ഹൈപവര്‍ കമ്മിറ്റി നവീകരിക്കല്‍, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കല്‍, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ എടുത്തുപറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയ്ക്ക് സ്ഥിരം സംവിധാനമാക്കി നിയമപരിരക്ഷ നല്‍കുന്ന നിയമത്തിന്റ കരട് ബില്‍ ഇന്നലെ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പ്രവാസി വ്യവസായികളായ എം.എ യുസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."