വളയിട്ട കൈകളില്‍ വന്‍മതില്‍ ഉയര്‍ന്നു
തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വനിതകളുടെ ശക്തി വിളിച്ചറിയിച്ച് വനിതാ മതില്‍. ജില്ലയുടെ വടക്കേ അറ്റമായ കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം അയ്യങ്കാളി പ്രതിമവരെയുള്ള 43.5 കിലോ മീറ്റര്‍ ദൂരത്തില്‍ മൂന്നുലക്ഷം വനിതകളാണ് തിരുവനന്തപുരം ജില്ലയില്‍ അണിനിരന്നത്.
ഒരു വരിയായി സ്ത്രീകളുടെ മതില്‍ അണിനിരത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആളെണ്ണം കൂടിയതോടെ ഒരു വരിക്ക് പിന്നില്‍ മറ്റൊരു വരി എന്നായി വെള്ളയമ്പലം ഭാഗത്ത് നാലോളം വരികള്‍ രൂപപ്പെട്ടിരുന്നു. വൈകിട്ട് നടക്കുന്ന ചരിത്ര മതിലില്‍ അണിചേരാനായി രണ്ട് മണിയോടെ തന്നെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരടക്കം വാഹനങ്ങളില്‍ ദേശീയ പാതയിലേക്ക് എത്തി തുടങ്ങിയിരുന്നു.
നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചാണ് വനിതകളെ അണിനിരത്തിയിരുന്നത്. കടമ്പാട്ടുകോണം മുതല്‍ തട്ടുപാലം വരെ വര്‍ക്കല മണ്ഡലത്തില്‍നിന്നുള്ള വനിതകള്‍ മതിലൊരുക്കി. തട്ടുപാലം മുതല്‍ ആയാംകോണംവരെ വാമനപുരം മണ്ഡലവും ആയാംകോണം മുതല്‍ കെ.ടി.സി.ടി ആശുപത്രി വരെ നെടുമങ്ങാട് മണ്ഡലവും കെ.ടി.സി.ടി ആശുപത്രി മുതല്‍ ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് വരെ ആറ്റിങ്ങല്‍ മണ്ഡലവും മതിലിനായി അണിനിരന്നു.
ചിറയിന്‍കീഴ് മണ്ഡലത്തില്‍നിന്നുള്ള വനിതകള്‍ ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് മുതല്‍ കോരാണി വരെയുള്ള നാലു കിലോമീറ്ററും കോരാണി മുതല്‍ ചെമ്പകമംഗലം വരെ കോവളം മണ്ഡലത്തിലുള്ളവരും ചെമ്പകമംഗലം മുതല്‍ മംഗലപുരം ജങ്ഷന്‍ വരെ നേമം മണ്ഡലത്തിലുള്ളവരും മംഗലപുരം മുതല്‍ സി.ആര്‍.പി.എഫ്. ജങ്ഷന്‍ വരെ നെയ്യാറ്റിന്‍കര മണ്ഡലത്തിലുള്ളവരും, സി.ആര്‍.പി.എഫ്. ജങ്ഷന്‍ മുതല്‍ വെട്ടുറോഡ് വരെ അരുവിക്കര മണ്ഡലത്തിലുള്ളവരും, വെട്ടുറോഡ് മുതല്‍ കഴക്കൂട്ടം വരെ കാട്ടാക്കട മണ്ഡലത്തിലുള്ളവരും, കഴക്കൂട്ടം മുതല്‍ കോടുത്തറ വരെയുള്ള രണ്ടു കിലോമീറ്റര്‍ പാറശ്ശാല മണ്ഡലത്തിലുള്ളവരും, കൊടുത്തറ മുതല്‍ കല്ലമ്പള്ളി വരെ കഴക്കൂട്ടം മണ്ഡലത്തിലുള്ളവരും, കല്ലമ്പള്ളി മുതല്‍ ചാലക്കുഴി ജങ്ഷന്‍ വരെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുള്ളവരും, ചാലക്കുഴി മുതല്‍ മതില്‍ അവസാനിക്കുന്ന വെള്ളയമ്പലം വരെ തിരുവനന്തപുരം മണ്ഡലത്തിലുളളവരുമാണ് മുന്‍കൂട്ടി നിര്‍ദ്ദേശിച്ചിരുന്നതിനനുസരിച്ച് വനിതാ മതിലിനായി അണിനിരന്നത്.
ജാതി, മത, കക്ഷി ഭേദമില്ലാതെയാണ് സ്ത്രീകള്‍ മതിലില്‍ പങ്കെടുത്തത്. സമൂഹത്തിലെ നാനാതുറകളിലുള്ള സ്തീകള്‍ മതിലില്‍ പങ്കെടുത്തു. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയും സ്ത്രീകള്‍ ഏറ്റുചൊല്ലി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള റോഡിന്റെ ഇടതുവശത്തായാണ് വനിതകള്‍ അണിനിരന്നത്. വെള്ളയമ്പലത്ത് ഡോ: ടി.എന്‍.സീമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.ഐ നേതാവ് ആനി രാജ, മന്ത്രിമാരായ ഡോ: ടി.എം.തോമസ് ഐസക്, ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍.അനില്‍, ജില്ലാ കലക്ടര്‍ ഡോ: എന്‍. വാസുകി, കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, വിധു വിന്‍സന്റ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, വി.എസിന്റെ ഭാര്യ വസുമതി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഭാര്യ ടീ.എം സരസ്വതി ടീച്ചര്‍, കോടിയേരിയുടെ ഭാര്യ വിനോദിനി, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, യൂത്ത് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലയുടെ ഭാര്യ ബിന്ദും എന്നിവരും പങ്കെടുത്തു.
വനിതാ മതിലില്‍ ജില്ലയില്‍ പലഭാഗത്തും വിള്ളല്‍: തോന്നയ്ക്കല്‍ ജമാല്‍
തിരുവനന്തപുരം : മാസങ്ങളുടെ തയ്യാറെടുപ്പോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ തലസ്ഥാന ജില്ലയില്‍ പലയിടത്തും വിള്ളല്‍ വീണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍. കടമ്പാട്ടുകോണം മുതല്‍ വെള്ളയമ്പലം അയ്യന്‍കാളി സ്‌ക്വായര്‍ വരെ ഉണ്ടായിരുന്ന വനിതാ മതിലില്‍ പലയിടത്തും ആളുണ്ടായിരുന്നില്ലെന്നും നാഷനല്‍ ഹൈവേയില്‍ സി.ആര്‍.പി ക്യാംപ് മുതല്‍ മംഗലപുരം പെട്രോള്‍ പമ്പ് വരെയും വനിതകാ പ്രാതിനിധ്യം കുറവായിരുന്നുവെന്നും തോന്നക്കല്‍ ജമാല്‍ പറഞ്ഞു.
പങ്കെടുക്കാന്‍ പതിനായിരങ്ങള്‍
തിരുവനന്തപുരം: വനിതാ മതിലില്‍ കേശവദാസപുരം ഉള്ളൂര്‍ മേഖലകളില്‍ മതിലിന്റെ ഭാഗമായത് പതിനായിരങ്ങളാണ്. കേശവദാസപുരം ജങ്ഷനില്‍ ബി. ഇന്ദിരാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.ഗീതാ ഗോപാല്‍ അധ്യക്ഷയായി.ഉള്ളൂരില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരളാ മഹിളാ സംഘം നേതാവുമായ കെ. ദേവകി അധ്യക്ഷയായി. സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ മഹിളാ സംഘടനാ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ചരിത്ര മതിലിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."