വനിതാ മതില്‍ ആയിരങ്ങള്‍ അണിനിരന്നു
കോഴിക്കോട്: ജില്ലയില്‍ വനിതാ മതിലുയര്‍ന്നു. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ വൈദ്യരങ്ങാടി വരെ ദേശീയപാതയിലായി ഒരുക്കിയ മതിലില്‍ പ്രായവ്യത്യാസമില്ലാതെ വനിതകള്‍ ഭാഗമായി. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച വനിതാ മതിലില്‍ ജില്ലയില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തലയില്‍ നിന്നു തുടങ്ങി വൈദ്യരങ്ങാടിയിലെ ബൈപാസ് ജങ്ഷന്‍ വരെ 76 കിലോ മീറ്റര്‍ ദൂരത്തിലാണ് ജില്ലയില്‍ വനിതകളുടെ സംഘശക്തിയായത്.
കുടുംബശ്രീ, മഹാത്മാഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, വിദ്യാര്‍ഥിനികള്‍, വനിതാ സംഘടനകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നെത്തിയ വനിതകള്‍ മതിലില്‍ അണിനിരന്നു. കോഴിക്കോട് നഗരത്തില്‍ പ്രസ്‌ക്ലബിനു സമീപത്താണ് ജില്ലയിലെ പ്രമുഖ വനിതകളില്‍ ഭൂരിഭാഗം പേരും കണ്ണികളായത്. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും ഇവിടെയെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യശിഥിലീകരണത്തിന് എതിരായ ശബ്ദമാണ് വനിതാ മതിലെന്ന് സാഹിത്യകാരി പി. വത്സല പറഞ്ഞു. വനിതാ മതില്‍ ചരിത്രസംഭവമാണെന്ന് കെ. അജിത പറഞ്ഞു. പുരോഗമിച്ച സമൂഹത്തില്‍ ജീവിക്കാനാകുന്നത് മുന്‍പേ നടന്ന നവോത്ഥാന കാല്‍വയ്പുകളുടെ ഫലമായാണെന്ന് പൊതുയോഗത്തില്‍ സംസാരിച്ച ചലച്ചിത്ര നടി റീമ കല്ലിങ്കല്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയമായി വിഭജിക്കാന്‍ അനുവദിക്കില്ലെന്ന സ്ത്രീകളുടെ താക്കീതാണ് ഇതെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു.
ശൊണാബ ബന്ധുരേ എന്ന ബംഗാളി ഗാനം പാടിക്കൊണ്ടാണ് ചിത്രകാരി കബിത മുഖോപാധ്യായ ഐക്യദാര്‍ഢ്യം അറിയിച്ചത്. അന്തസിനു മുറിവേല്‍പ്പിക്കുന്ന എല്ലാത്തിനേയും ചെറുക്കാനും പിന്നോട്ടു വലിക്കുന്ന ശക്തികളെ ചെറുക്കാനും സ്ത്രീസമൂഹത്തിനു സാധിക്കട്ടയെന്ന് കെ.പി സുധീര ആശംസിച്ചു. അകത്തളത്തില്‍ എന്നും തളച്ചിടാനാവില്ലെന്ന് മതില്‍ തെളിയിച്ചതായി ബി.എം സുഹറ പറഞ്ഞു.
സ്ത്രീകളുടെ മതിലല്ല, മലയാണെന്നും സ്ത്രീശക്തി നിലനില്‍ക്കട്ടെയെന്നും വി.വി സുഹറ പറഞ്ഞു. മതിലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച അനാവശ്യമാണെന്നും അതു സ്ത്രീകളുടെ രാഷ്ട്രീയമാണെന്നും ദീദി ദാമോദരന്‍ അഭിപ്രായപ്പെട്ടു. ഇതു ചരിത്രനിമിഷമാണെന്നും എല്ലാതരത്തിലും സ്ത്രീ സൗഹൃദമായ സമൂഹം യാഥാര്‍ഥ്യമാകുമെന്നും പി. സതീദേവി ആശംസിച്ചു. സി.എസ് ചന്ദ്രിക, കാനത്തില്‍ ജമീല, ആര്യാ ഗോപി, ഉഷാ ചന്ദ്രബാബു, അഡ്വ. ലതിക ശ്രീകുമാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വുമണ്‍ പ്രതിനിധി സിസിലി ജോര്‍ജ്, ഡോ. ഐബി, കെ.വി ശോഭ, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത, സാമൂഹ്യനീതി ഓഫിസര്‍ അനീറ്റ എസ്‌ലിന്‍ സാസാരിച്ചു.
അഴിയൂര്‍, ഒഞ്ചിയം ചോറോട,് തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ ഏഴു പഞ്ചായത്തുകളും വടകര,പയ്യോളി, കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ അഞ്ചു മുനിസിപ്പാലിറ്റികളും കോഴിക്കോട് കോര്‍പറേഷനും വഴിയാണ് മതില്‍ നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ഉയര്‍ന്നത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ മുതലക്കുളത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി. വനിതാ മതിലിന് ശക്തിപകര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകളും വിവിധ സ്ഥലങ്ങളില്‍ അണിനിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."