അഞ്ജുവിന്റെയും ശരത്തിന്റെയും കല്യാണം നടത്താന്‍ ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി, വേദിയൊരുങ്ങുന്നത് മതമൈത്രിയുടെ മഹാ സംഗമത്തിന്
കായംകുളം: കായംകുളത്തെ ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഒരു കതിര്മണ്ഡപമൊരുക്കുന്ന തിരക്കിലാണ്. ചേരാവള്ളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജുവിന്റെയും ശരത് ശശിയുടെയും വിവാഹമാണ് ഈ മാസം 19ന് അവിടെ നടക്കുന്നത്. വിവാഹം നടത്തുന്നത് മഹല്ല് ജമാഅത്ത് കമ്മിറ്റിയും.
വിധവയായ ബിന്ദുവും കുടുംബവും വാടക വീട്ടിലാണ് താമസിക്കുന്നത്. നിര്‍ധന കുടുംബം. മകളുടെ വിവാഹം നടത്താന്‍ ബിന്ദുവിന് സാധിക്കില്ല. ഈ അവസരത്തിലാണ് അവര്‍ ജമാഅത്ത് കമ്മിറ്റിയുടെ സഹായം തേടിയത്.
മനുഷ്യത്വത്തിനു മതമില്ലാത്തതിനാല്‍ ജമാഅത്ത് കമ്മിറ്റി വളരെ സന്തോഷപൂര്‍വം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. വധുവിനുള്ള സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും അതിഥികള്‍ക്കുള്ള സദ്യയുടേയും ബാധ്യതയും എല്ലാം കമ്മിറ്റി ഏറ്റെടുത്തു. ഇതോടെ ബിന്ദുവും ഹാപ്പി, അഞ്ജുവും ഹാപ്പി.
ഇതു പ്രകാരം ക്ഷണക്കത്ത് തയാറാക്കി അതിഥികളെയും ക്ഷണിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ സാന്നിധ്യമാണ് വിവാഹത്തിനെത്തുക.
19ന് പകല്‍ പതിനൊന്നിനും 12.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് ശരത് ശശി അഞ്ജു അശോകന്റെ കഴുത്തില്‍ മിന്നുകെട്ടുക. പുതിയ സാഹചര്യത്തില്‍ മതസൗഹാര്‍ദത്തിന്റെ സംഗമവേദിയാക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. ഒരുക്കങ്ങള്‍ നതകൃതിയായി നടന്നുവരികയാണെന്ന് മഹല്ല് ഭാരവാഹികള്‍ അറിയിച്ചു. വിവാഹം കെങ്കേമമാക്കാനുള്ള ഓട്ടത്തിലാണ് മഹല്ലു കമ്മിറ്റിക്കാര്.
മതത്തിനും മനുഷ്യത്വത്തിനും മതില്‍കെട്ടാനുള്ള ഗൂഢ നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മതമൈത്രിയുടെ മഹാ സംഗമത്തിന് ചേരാവള്ളിയില്‍ കതിര്മണ്ഡപമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."