ശബരിമല നടയടച്ച തന്ത്രിയുടെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളി- കോടിയേരി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ക്ഷേത്രനട അടച്ചുപൂട്ടിയ തന്ത്രിയുടെ നടപടി തീര്‍ത്തും അപലപനീയവും ഭരണഘടനയോടും സുപ്രീംകോടതിയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവപരമായി ഇടപെടണം. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കണം. നിയമവാഴ്ചയെ ആരും വെല്ലുവിളിക്കാന്‍ പാടില്ല. അതിന് സര്‍ക്കാര്‍ അനുവദിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി തീര്‍ത്തും സദുദ്ദേശപരമായുള്ളതാണ്. ആ വിധി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. വിധി നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട തന്ത്രി, സുപ്രീംകോടതി വിധി ലംഘിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മുകളിലാണ് സവര്‍ണ ബ്രാഹ്മണ പൗരോഹിത്യം എന്ന കാഴ്ചപ്പാട് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് തിരുത്തിക്കേണ്ടതാണ്.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന വിധി പുറത്തുവന്നത് സപ്തംബര്‍ 28നാണ്. അതിന് ശേഷം പല ഘട്ടങ്ങളിലും സ്ത്രീകള്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെങ്കിലും സംഘപരിവാര്‍ ക്രമിനലുകള്‍ സൃഷ്ടിച്ച തടസങ്ങള്‍ കാരണം പ്രവേശനം സാധ്യമായില്ല. സായുധപോലീസിന്റെ അകമ്പടിയോടുകൂടി സംഘര്‍ഷമുണ്ടാക്കി ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുക എന്ന വാശി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സ്ത്രീകള്‍ക്ക് അവിടെവരാനുള്ള സൗകര്യം ചെയ്തുകൊടുക്കുക. അവര്‍ ശബരിമല ക്ഷേത്രദര്‍ശനത്തിനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരെ തടസപ്പെടുത്താതിരിക്കുക എന്ന സമീപനമാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്.
ഇപ്പോള്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരിക്കുന്നു. ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാണ് ശ്രമിക്കേണ്ടത്. ഏതെങ്കിലും സത്രീകള്‍ അവിടെ വരാന്‍ തയ്യാറാവുന്നുണ്ട് എങ്കില്‍ അവര്‍ വരട്ടെ എന്ന നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അതിന് പകരം തീര്‍ത്തും പ്രകോപനപരമായ നിലപാട് തന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് ശരിയായില്ല. അത് പ്രകോപനപരമാണ്. എന്തിന്റെ പേരില്‍ ചെയ്തതാണെങ്കിലും അത് പരിശോധനയ്ക്ക് വിധേയമാക്കണം. സുപ്രീംകോടതിയും ഈ കാര്യം പരിശോധിക്കണം. ഹൈക്കോടതി ചുമതലപ്പെടുത്തിയ നിരീക്ഷണ സമിതി ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."