വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തിയ മലയാളി ദമ്പതികള്‍ നിയമക്കുരുക്കില്‍
നിസാര്‍ കലയത്ത്
ജിദ്ദ: തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ കൊടിയ പീഡനം അനുഭവിക്കുന്ന സ്ഥലത്ത് നിന്ന് രക്ഷിച്ച ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകരായ മലയാളി ദമ്പതികള്‍ നിയമക്കുരുക്കില്‍. സഊദിയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമിലെ ഗാര്‍ഹിക തൊഴിലാളിയായ തമിഴ്‌നാട്ടുകാരിയെ കൊടിയ പീഡനം അനുഭവിക്കുന്ന സ്ഥലത്ത് നിന്ന് രക്ഷിച്ചതിനാണ് ഇവര്‍ക്കെതിരേ പരാതി ഉയര്‍ന്നത്. ഇന്ത്യന്‍ എംബസിയുടെ അനുമതിയോടെ തമിഴ്‌നാട്ടുകാരിയായ തനില്‍ ശെല്‍വിയെ (38) രക്ഷിച്ചതാണ് സാമൂഹിക പ്രവര്‍ത്തകരായ മഞ്ജുവിനും ഭര്‍ത്താവ് മണിക്കുട്ടനും ഒടുവില്‍ വിനയായയത്. ഇവര്‍ യുവതിയെ ഇന്ത്യന്‍ എംബസിയുടെ അഭയ കേന്ദ്രത്തിലും എത്തിച്ചിരുന്നു. യുവതിയുടെ സ്‌പോണ്‍സര്‍ ദമ്പതികള്‍ക്കെതിരേ രംഗത്തുവരികയായിരുന്നു. ദമ്മാമില്‍ നിന്ന് ഏറെ അകലെയുള്ള ഖുറയാത്തിലെത്തി വീട്ടു ജോലിക്കാരിയായ തനില്‍ ഷെല്‍വി കടുത്ത പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയില്‍ ജോലി ചെയ്യേണ്ടി വരുന്ന വിഡിയോ ഇവര്‍ പോസ്റ്റു ചെയ്തിരുന്നു. എംബസിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇവര്‍ പരാതി അയക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നാട്ടിലുള്ള ബന്ധുക്കള്‍ തനില്‍ ശെല്‍വിയെ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്ന് കാണിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ എംബസി ഇവരെ സഹായിക്കാന്‍ ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ തനില്‍ ശെല്‍വിയെ സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നിറക്കി രക്ഷിച്ചപ്പോള്‍ സി.സി.ടി.വിയില്‍ ഇവരുടെ കാറിന്റെ നമ്പര്‍ പതിയുകയും കാറുടമസ്ഥനും മഞ്ജുവിന്റെ ഭര്‍ത്താവുമായ മണിക്കുട്ടനെതിരേ വേലക്കാരിയുടെ സ്‌പോണ്‍സര്‍ പരാതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് മണിക്കുട്ടനെ ഹാജരാക്കാന്‍ പൊലിസ് ആവശ്യപ്പെടുകയായിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മണിക്കുട്ടനെ ജയിലിലടക്കണമെന്ന നിലപാടിലായിരുന്നു തനിലിന്റെ സ്‌പോണ്‍സര്‍. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തനിലിന്റെ സ്‌പോണ്‍സര്‍ക്ക് വിസക്ക് ചെലവായ 16,000 റിയാല്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ ഒത്തു തീര്‍പ്പായി. എന്നാല്‍ ഈ പണം നല്‍കാന്‍ ഇന്ത്യന്‍ എംബസി തയാറായിട്ടില്ല. അതേ സമയം എംബസിയുടെ അറിവോടു കൂടി ഒരാളെ രക്ഷിച്ചതിന്റെ പേരില്‍ ഉണ്ടായ നിയമക്കുരുക്കില്‍ നിന്നൊഴിവാകാന്‍ പണം സംഘടിപ്പിക്കാന്‍ നെട്ടോട്ടമോടുകയാണ് മഞ്ജുവും മണിക്കുട്ടനും ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."