വന്‍മതില്‍ തീര്‍ത്ത് വനിതകള്‍
ആലപ്പുഴ: കേരളത്തെ ഭ്രാന്താലയമാക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും കാഹളമായി ജില്ലയില്‍ വന്‍മതിലായി വനിതാമതില്‍. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഉയര്‍ന്ന നവോത്ഥാന മതിലിന്റെ ഭാഗമായി ഏറ്റവും നീളത്തില്‍ മതില്‍ കെട്ടിയതിന്റെ പെരുമയും ആലപ്പുഴയ്ക്ക് ഇനി സ്വന്തം. ജില്ലയില്‍ വടക്കേറ്റയറ്റത്ത് കുമ്പളം പാലം മുതല്‍ തെക്കേയറ്റത്ത് കൃഷ്ണപുരം പഞ്ചായത്തിലെ ഓച്ചിറ പ്രീമിയര്‍ ജംഗ്ഷന്‍ വരെയായി 110 കിലോമീറ്ററിലാണ് വനിതമതില്‍ തീര്‍ത്തത്. അഞ്ചുലക്ഷത്തോളം പേര്‍ ജില്ലയില്‍ അണിനിരന്നതായാണ് പ്രാഥമിക കണക്കുകള്‍.വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി പാതിരപ്പള്ളിയില്‍ നവോത്ഥാന സംരക്ഷണ സമതി അധ്യക്ഷനായ വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയിലും പാതിരപ്പള്ളിയിലുമെത്തി. ജില്ലയിലെ പ്രധാന കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിനു മുന്നില്‍ അദ്ദേഹം കുടുംബത്തോടൊപ്പമാണെത്തിയത്. ഉച്ചയോടെ തന്നെ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി വനിതകള്‍ ജാഥകളായും വാഹനങ്ങളിലായും ദേശീയപാതയില്‍ തങ്ങള്‍ക്കായി അനുവദിച്ച കേന്ദ്രങ്ങളിലേക്കു എത്തിത്തുടങ്ങിയിരുന്നു. 3.30നകം തന്നെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വന്‍തോതില്‍ വനിതകളെത്തിയിരുന്നു. ജില്ലയില്‍ 30 പ്രധാന കേന്ദ്രങ്ങളിലായി ഒരുക്കിയ നവോത്ഥാന സദസുകളില്‍ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ജനനേതാക്കളും വനിത മതിലിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി . ചേര്‍ത്തലയില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നവോത്ഥാന സദസിന് നേതൃത്വം നല്‍കി. കായങ്കുളത്ത് വനമന്ത്രി കെ.രാജുവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കിയത്. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ വനിതാമതിലിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയിരുന്നു. 2.30നു തന്നെ പറവൂര്‍ ഭാഗത്ത് മതില്‍ രൂപമെടുത്തിരുന്നു. കോട്ടയത്തെ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നുള്ളവര്‍ ശവക്കോട്ടപാലത്തിനു സമീപം അണിനിരന്നു. വൈകീട്ട് 3.45ന് തന്നെ ഓരോ ഭാഗത്തും മതിലിന്റെ ട്രയല്‍ പൂര്‍ത്തിയായിരുന്നു. വനിതാ മതിലില്‍ ചേര്‍ത്തല മുതല്‍ അരൂര്‍ വരെ 75000ത്തിലധികം വനിതകളാണ് അണിചേര്‍ന്നത്.
മന്ത്രി പി.തിലോത്തമന്റെ ഭാര്യ ഉഷ തിലോത്തമനും വനിതാ മതിലില്‍ അണിചേര്‍ന്നു. കോട്ടയം ജില്ല വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍.ശ്രീദേവി വനിതാ മതിലിനു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അഡ്വ. കെ.പ്രസാദ് സി.കെ. ആശ എം.എല്‍.എ., സാബുലാല്‍,പി.കെ.കൃഷ്ണന്‍, സി.പി.ഐ.കോട്ടയം ജില്ല സെക്രട്ടറി സി.കെ.ശശിധരന്‍, കോണ്‍്ഗ്രസ് എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മുരിക്കുവേലി, കെ.പി.എം.എസ്. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സാബു കരിശ്ശേരി, വി.എന്‍.ബാബു,മഹിള ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീബ മോഹന്‍ദാസ് ,കോട്ടയം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സിനി കെ.തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അരൂരില്‍ പൊതുസമ്മേളനം സി.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രത്‌നമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലിമ ജോജോ,പൂച്ചക്കല്‍ ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.അമ്പലപ്പുഴ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗവണ്മെന്റ് നഴ്‌സിംഗ് കോളേജ്, വണ്ടാനം മെഡിക്കല്‍ കോളേജ് , എസ് ഡി കോളേജ്,പുന്നപ്ര കോഓപ്പറേറ്റീവ് എഞ്ചിനീയറിംഗ് കോളേജ് , പുന്നപ്ര ഐ എം ടി , അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ്, പുന്നപ്ര പൊളി ടെക്‌നിക്, തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ , അധ്യാപകര്‍, മറ്റു ജീവനക്കാരും മതിലില്‍ പങ്കെടുത്തു. വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ പുഷ്പലത, വൈസ് പ്രിന്‍സിപ്പാള്‍ സൈറു ഫിലിപ്പ്, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ബിന്‍സി തുടങ്ങിയവരും വനിതാമതിലില്‍ പങ്കെടുത്തു. വനിതമതിലില്‍ പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ആലപ്പുഴ നഗരം. ഇ.എം.എസ്.സ്റ്റേഡിയത്തിന് മുന്നില്‍ മുന്‍ എം.പി.സി.എസ്.സുജാത, പ്രീതി നടേശന്‍, മകള്‍ വന്ദന, വിപ്ലവ ഗായിക പി.കെ.മേദിനി, എഴുത്തുകാരി എസ്.ശാരദക്കുട്ടി, സി.പി.എം.ജില്ലാ സെക്രട്ടറി ആര്‍.നാസര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ്, മലയര മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്, കെ.പി.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജാ സതീശ്, പ്രഫ.ഡോ.ലളിതാംബിക, സി.പി.എം.കേന്ദ്രകമ്മറ്റിയംഗം എ.ആര്‍.സിന്ധു, സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന്‍ മുല്ലശ്ശേരി, സി.പി.എം.കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍, ജോസഫ് കെ.നെല്ലുവേലി, ദീപ്തി അജയകുമാര്‍, ഡോ.എന്‍.പ്രിയ തുടങ്ങിയവര്‍ മതിലില്‍ അണിചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."