ചരിത്രമറിയാത്തവര്‍ കല്ലെറിയട്ടെ
ഇന്ത്യന്‍ ചരിത്ര കോണ്‍സിന്റെ ഉദ്ഘാടന വേദിയില്‍ ഗവര്‍ണറുടെ പ്രസംഗം തടസപ്പെടുത്താനുള്ള കാരണം?
അല്ല, അത് ശരിയായ വാദഗതി അല്ല. എന്താണു സംഭവിച്ചതെന്നു വച്ചാല്‍, നിങ്ങള്‍ നോക്കൂ, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനു സ്വന്തമായി അതിന്റേതായ ഒരു ഭരണഘടനയുണ്ട്. പരിപാടി അതിനനുസരിച്ചാണു സംഘാടനം ചെയ്യുന്നത്. ആദ്യമായി പദവി ഒഴിയുന്ന അധ്യക്ഷന്‍ പുതിയ അധ്യക്ഷനെ പരിചയപ്പെടുത്തും. പുതിയ അധ്യക്ഷനാണു തുടര്‍ന്നുള്ള കാര്യക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പിന്നീട് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക സര്‍വകലാശാലയ്ക്ക് അതല്ലെങ്കില്‍ ഏതു സ്ഥാപനമാണോ ആതിഥേയത്വം വഹിക്കുന്നത് അവര്‍ക്കു സ്വാഗതപ്രസംഗം നടത്താം. അല്ലെങ്കില്‍ അതിനായി ആരെയെങ്കിലും അവര്‍ക്കു ചുമതലപ്പെടുത്താം. രാജ്യമെമ്പാടുമുള്ള ഗവേഷണ പ്രബന്ധങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും പുരസ്‌കാരവും അംഗീകാരവും നല്‍കുന്ന വേളകൂടിയാണിത്. ഇതിനായി ഒന്നര മുതല്‍ രണ്ടുമണിക്കൂര്‍ വരെ സമയം ആവശ്യമായിരുന്നു. പക്ഷെ മുന്‍പൊരിക്കലും സംഭവിക്കാത്ത വിധത്തില്‍ നടപടി ക്രമങ്ങളുടെ നടത്തിപ്പ് ഞങ്ങള്‍ക്കു പകരം പൊലിസ് ഏറ്റെടുക്കുകയായിരുന്നു ഇത്തവണ.
2016ല്‍ തിരുവനന്തപുരത്ത് നടന്ന ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനു രാഷ്ട്രപതി എത്തിയപ്പോള്‍ പോലും അദ്ദേഹത്തോടൊപ്പം സദസില്‍ ഞങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരും ഇരുന്നിരുന്നു. ഒരൊറ്റ പൊലിസുകാരന്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ തന്നെയായിരുന്നു നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ഇത്തവണ ഞങ്ങളോടു പോലും ചോദിക്കാതെ എല്ലാ നിയന്ത്രണവും പൊലിസ് ഏറ്റെടുത്തു. അവര്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ചു മുഴുവന്‍ ഹാളിനെ നാലായി വേര്‍തിരിച്ചു. അങ്ങനെ ഒരു പ്രതിനിധിക്കു മറ്റൊരു പ്രതിനിധിയെ ശരിക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഞങ്ങളുടെ അധ്യക്ഷന്‍ മരണപ്പെടുകയും, സീനിയര്‍ ഉപാധ്യക്ഷന്‍ ഞാന്‍ ആയിരുന്നതിനാലും ഒഫീഷിയേറ്റിങ് അധ്യക്ഷന്റെ ചുമതല എനിക്കായിരുന്നു. എനിക്കു പോലും ഒരുഭാഗത്ത് നിന്നു മറ്റൊരിടത്തേക്ക് ശരിക്ക് പോകാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ചരിത്ര കോണ്‍ഗ്രസിന്റെ നിയമങ്ങള്‍ക്കു പൂര്‍ണമായും എതിരായ കാര്യങ്ങളായിരുന്നു ഇതൊക്കെ. ഗവര്‍ണര്‍ പരിപാടിക്ക് വരുന്നുണ്ടായിരുന്നെങ്കില്‍ അത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ നിയമങ്ങള്‍ പാലിക്കാന്‍ തയാറായിട്ടാവണമായിരുന്നു. അതിന് അദ്ദേഹത്തിനു സാധിക്കുന്നില്ലെങ്കില്‍, അദ്ദേഹം വരരുതായിരുന്നു. നമ്മുടെ പ്രോട്ടോകോളിനായിരുന്നു അദ്ദേഹത്തിന്റെ പ്രോട്ടോകോളിനേക്കാള്‍ മുന്‍കൈ. പക്ഷേ കേരളാ പൊലിസ് ഇത് അംഗീകരിച്ചില്ല. എനിക്കവരുടെ പെരുമാറ്റത്തില്‍ അതിയായ വിഷമമുണ്ട്. ഞാന്‍ കേരളത്തിലെ പൊലിസില്‍ നിന്ന് ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം താന്‍ മുന്‍പ് പലവട്ടവും ഇവിടെ വന്നിട്ടുള്ളതാണ്. ഇതുപോലെ അവരില്‍ നിന്നു മുന്‍പൊരിക്കലും ഒരനുഭവം ഉണ്ടായിട്ടില്ല. അവര്‍ എന്തിനിങ്ങനെ ചെയ്തുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ വരുന്നതുവരെ ഞങ്ങള്‍ക്ക് ഒന്നും തുടങ്ങാന്‍ സാധിച്ചിരുന്നില്ല, കാരണം പൊലിസ് എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പൊലിസ് ഞങ്ങളോട് പറഞ്ഞു 'നിങ്ങള്‍ പുറത്ത് പോയിക്കൊള്ളൂ, എന്നിട്ട് ഗവര്‍ണര്‍ക്കൊപ്പം അകത്തേക്കു വന്നോളൂ'. അദ്ദേഹത്തോടൊപ്പം ഒന്നും ചെയ്യാനില്ലെന്നു താന്‍ മറുപടിയും നല്‍കി. എന്തുകൊണ്ടോ അവര്‍ എന്നെയും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ സെക്രട്ടറിയേയും സദസിനരികിലേക്കു ബാരിക്കേഡ് തുറന്നു കടത്തിവിട്ടു. വാസ്തവത്തില്‍ മുഴുവന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും കടത്തിവിടുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീടു നോക്കുമ്പോള്‍ വേദിയില്‍ ഗവര്‍ണര്‍ക്കായി വളരെ വലിയൊരു കസേരയുണ്ടായിരുന്നു. അതൊരിക്കലും അദ്ദേഹം ഉപവിഷ്ടനാകാന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ചരിത്ര കോണ്‍ഗ്രസിന്റെ അധ്യക്ഷന് അവകാശപ്പെട്ടതായിരുന്നു വേദിയിലെ ഏറ്റവും പ്രധാന ഇരിപ്പിടം. ആ മര്യാദയും ഞങ്ങള്‍ക്കു നിഷേധിക്കപ്പെട്ടു.
പിന്നീട് എന്റെ ഊഴമായപ്പോള്‍ പുതിയ അധ്യക്ഷനു വേണ്ടിയുള്ള നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കശ്മീരിലുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ഇന്റര്‍നെറ്റ് ഇല്ലാത്തത് കാരണവും ലൈബ്രറികള്‍ അടച്ചുപൂട്ടിയതിനാലും ആളുകള്‍ വിചാരണപോലും ഇല്ലാതെ നിയമവിരുദ്ധമായി ഭരണഘടനയ്ക്കു വിരുദ്ധമായി തടവിലായതിനാലും ഒക്കെ ജോലി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും ഞാന്‍ ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ചൂണ്ടിക്കാട്ടി. അതുപോലെ കാംപസുകളില്‍ ഉണ്ടായ അക്രമത്തെ പറ്റിയും പറഞ്ഞു. കശ്മീരില്‍ നിന്നു പ്രതിനിധികള്‍ ഇല്ലാത്തതിനാലാണു എനിക്ക് ഇതു പറയേണ്ടി വന്നത്. ഇതില്‍ എവിടെയാണു രാഷ്ട്രീയം? മറ്റുള്ളവര്‍ എന്തു പറഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. കാരണം സി.പി.എം എം.പിയെ ഒന്നും ഞങ്ങളല്ല ക്ഷണിച്ചത്.
ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പ്രസംഗം പൂര്‍ണമായും പക്ഷപാതപരമാക്കിയപ്പോഴാണു ഞാന്‍ ഇടപെട്ടത്. വാസ്തവത്തില്‍ അബ്ദുല്‍കലാം ആസാദ് ഒരിക്കലും പറയാത്ത കാര്യം പോലും വേദിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തി. പാകിസ്താന്‍ പുസ്തകങ്ങളില്‍ അബ്ദുല്‍കലാം ആസാദിനെപറ്റിയുള്ള 'ഇന്ത്യന്‍ മുസ്‌ലിംകള്‍ അഴുക്കുചാല്‍ പോലെ ആണെന്ന്' ആയിരുന്നു അദ്ദേഹത്തിന്റെ മേല്‍ ഗവര്‍ണര്‍ ആരോപിച്ചത്. യഥാര്‍ഥത്തില്‍ ഇത് ഇന്ത്യന്‍ പുസ്തകങ്ങളിലില്ല. അബ്ദുല്‍കലാം ആസാദിന്റെ പ്രസംഗത്തിനു 1948ല്‍ വിദ്യാര്‍ഥിയായിരിക്കെ അലിഗഡില്‍ താന്‍ സാക്ഷിയാണ്. അബ്ദുല്‍കലാം ആസാദ് ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു നേരെ നടത്തിയെന്നു വ്യാജ ആരോപണം ഉന്നയിച്ചപ്പോഴാണു ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്, 'എങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്കു ഗോഡ്‌സെയെ പറ്റി പറഞ്ഞുകൂടാ?' അദ്ദേഹത്തിനു ഗോഡ്‌സെയെയോ സവര്‍ക്കറിനെയോ ഉദ്ധരിക്കാമായിരുന്നു. എന്തിനാണു കലാം ആസാദിനെ ഉദ്ധരിച്ചത്?.
താങ്കളുടെ പ്രസംഗമായിരുന്നു പ്രധാന പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് ആരോപണം?
അല്ല. ആരാണ് അതു പറഞ്ഞത്? ആരു തന്നെയായാലും അവര്‍ തെറ്റാണ് പറയുന്നത്. ഞാന്‍ അഞ്ചുമിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ. ഞാന്‍ കശ്മീരിനെ പറ്റിയും പൗരത്വ നിയമ ഭേദഗതിയെ പറ്റിയും സൂചിപ്പിച്ചു. പിന്നെ സമീപകാലത്ത് വ്യാജ ചരിത്രം സൃഷ്ടിക്കുന്നതിന്റെ പ്രശ്‌നങ്ങളെപറ്റി പറഞ്ഞു. ഒരു അധ്യക്ഷന്‍ വേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ആ സ്ഥാനത്ത് കഴിവുറ്റ ഒരു ചരിത്രകാരന്‍ എത്തേണ്ടതിനെ പറ്റിയും പറയുകയുണ്ടായി. കഷ്ടിച്ച് അഞ്ചുമിനിറ്റ് മാത്രമേ ഞാന്‍ സംസാരിച്ചുള്ളൂ. നിങ്ങള്‍ക്കിതൊക്കെ കാണാന്‍ കഴിയും.
താങ്കള്‍ ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണു മറ്റൊരു ആരോപണം?
(ചോദ്യം ഉന്നയിച്ചപ്പോള്‍ ചിരിക്കുന്നു). അവര്‍ക്ക് ഒരു വിചാരണ നടത്താം. ഗവര്‍ണര്‍ക്ക് ഒരു സാക്ഷിയായും വരാം. അങ്ങനെ ഒരു നേരായ കോടതിയില്‍ അദ്ദേഹം വരികയാണെങ്കില്‍, എനിക്കദ്ദേഹത്തെ ക്രോസ് വിസ്താരം നടത്താനുള്ള അവസരം കിട്ടുമായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ പരിപാടിക്കെത്തിയ ക്ഷണിക്കപ്പെട്ട അതിഥിയുടെ പ്രസംഗം തടസപ്പെടുത്തുന്നതു ശരിയാണോ?
ആദ്യമായി പറയട്ടെ. ഞങ്ങള്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. അതൊരു തെറ്റായ പരാമര്‍ശമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ ആയ സര്‍വകലാശാലയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. അതായതു നിങ്ങള്‍ ചാന്‍സലര്‍ ആയിരിക്കുകയും നിങ്ങള്‍ നിങ്ങളെ തന്നെ ക്ഷണിക്കുകയും ചെയ്യുന്ന പോലെ. ഞങ്ങള്‍ക്ക് ഗവര്‍ണറില്‍ യാതൊരു താത്പര്യവുമില്ല. ഞങ്ങള്‍ക്കു താത്പര്യം ചരിത്രകാരന്മാരില്‍ മാത്രമാണ്.
നാലുപ്രതിനിധികളെ പൊലിസ് കസ്റ്റഡിയിലെടുത്ത സാഹചര്യം?
യാതൊന്നും ചെയ്യാതെയാണു ഞങ്ങള്‍ക്കിടയില്‍ നിന്നു മൂന്നുനാലു പേരെ കസ്റ്റഡിയില്‍ എടുത്തത്. അവരുടെ കരിയര്‍ തന്നെ ഇപ്പോള്‍ സംശയത്തില്‍ ആയിരിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളിലേക്ക് ഇത് എത്തിച്ച്, അനാവശ്യമായി ഇതു കേരളാ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവില്ലെന്നാണു പ്രത്യാശിക്കുന്നു.
കെ.കെ രാഗേഷ് എം.പിയുടെ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. ആരാണ് ആ പ്രശ്‌നം ക്ഷണിച്ചുവരുത്തിയത്?
ഗവര്‍ണര്‍ പ്രകോപിതനായത് എന്തിനെന്നു തനിക്കറിയില്ല. അദ്ദേഹത്തിന് പൗരത്വ നിയമ ഭേദഗതിയുമായി പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അദ്ദേഹം എം.പിയല്ല, കശ്മീരുമായും ബന്ധമൊന്നുമില്ല. അദ്ദേഹം കേരളത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുമില്ല. പിന്നെങ്ങനെയാണ് അദ്ദേഹം കേരളത്തിലെ ജനങ്ങളുടെ പേരില്‍ സംസാരിക്കുന്നത്.
ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്നാണു സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പറയുന്നത്?
നോക്കൂ, ഞങ്ങളുടെ ചര്‍ച്ചയെ നയിക്കുന്നതു ഞങ്ങളുടെ പ്രോട്ടോകോളാണ്. ഗവര്‍ണര്‍ക്കും വൈസ്‌റോയിക്കുമൊന്നും അവരുടെ പ്രോട്ടോകോള്‍ ഞങ്ങളുടെ ചടങ്ങില്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ സ്വതന്ത്രരായ പൗരന്മാരാണ്. ആരുടേയും കീഴിലുള്ളവരല്ല. പൊലിസിന്റെ സഹായത്തോടെ അദ്ദേഹത്തിന്റെ പ്രോട്ടോകോള്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഞങ്ങളുടെ നടപടിക്രമങ്ങളെ അനാദരിച്ചു. അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞു. അബ്ദുല്‍കലാം ആസാദിനെ തെറ്റായി ഉദ്ധരിച്ചു. ആസാദിനെ അപമാനിച്ചു. ഇതൊന്നും ഞങ്ങളുടെ പ്രോട്ടോകോളല്ല.
അലിഗഡ് പ്രൊഫസര്‍ എമിരറ്റ്‌സ് പദവിയില്‍ നിന്ന് താങ്കളെ നീക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുന്നതിനെക്കുറിച്ച്?
അതൊരു പദവിയൊന്നുമല്ല. ആദരവാണു കേന്ദ്ര സര്‍ക്കാര്‍ തനിക്കു നല്‍കിയത്. തനിക്കു നല്‍കിയ ആദരം അവര്‍ തിരിച്ചെടുക്കുകയാണെങ്കില്‍ സന്തോഷമേയുള്ളൂ (ചിരിക്കുന്നു).
ചരിത്ര കോണ്‍ഗ്രസിലെ സംഭവം കേരള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു മാറിയല്ലോ?
അങ്ങനെ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാവുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഗവര്‍ണര്‍ക്കായിരിക്കും. തെരുവ് തെമ്മാടികളോടൊന്നും അല്ല, സംസ്‌കാരമുള്ള ജനങ്ങളോടാണു സംസാരിക്കുന്നതെന്ന് അദ്ദേഹം മറന്നുപോയി. കേരളത്തിലാണു സംസാരിക്കുന്നതെന്നും അദ്ദേഹം മറന്നു.
ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള അങ്ങയുടെ നിലപാട്?
ധാര്‍മികമായി ചിന്തിക്കുന്ന ആരും, മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിക്കാനായി ചെയ്യുന്ന ഇത്തരം കാര്യങ്ങളെ എതിര്‍ക്കും. മുസ്‌ലിംകള്‍ ചിതലുകളാണെന്ന് അമിത് ഷാ മുന്‍പ് പറഞ്ഞിട്ടുണ്ട്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ തന്നെ അത്തരത്തില്‍ പറയുകയും മുസ്‌ലിംകളെ ഒറ്റപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. കാരണം ദരിദ്രരായ അവരില്‍ പലര്‍ക്കും ചിലപ്പോള്‍ തെളിയിക്കാനാവില്ല. ഇവിടെയാണു പണ്ടേ ജനിച്ചുവളര്‍ന്നതെന്നും മറ്റും. അവരുടെ കൈയില്‍ മതിയായ രേഖകള്‍ ഉണ്ടാവില്ല. അങ്ങനെ പ്രായോഗികമായി രേഖകളില്ലാതെ അവര്‍ രാജ്യം ഇല്ലാത്തവരായി മാറും, അവരുടെ വസ്തുവകകള്‍ കണ്ടു കെട്ടപ്പെടും, അവര്‍ക്കു സര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതു ഭയാനകമായ വീക്ഷണമാണ്. അസമില്‍ എന്താണ് നടക്കുന്നത് ? 19 ലക്ഷം ആളുകള്‍ക്ക് ഇന്നു സ്റ്റാറ്റസില്ല. അവരുടെ വസ്തുവകകള്‍ ഇന്ന് അപകടത്തിലാണ്. നിങ്ങള്‍ കാണുന്നുണ്ട് ഇതൊക്കെ.
ജാമിയ മില്ലിയയിലെയും അലിഗഡിലേയും മറ്റു സര്‍വകലാശാലകളിലേയും വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ഭാവി?
നോക്കൂ, ജാമിയ മില്ലിയ സ്ഥാപിച്ചതു ദേശീയ പ്രസ്ഥാനമാണ്. ബ്രിട്ടീഷുകാര്‍ അതൊരിക്കലും ആക്രമിച്ചില്ല. ഗാന്ധിജിയും നെഹ്‌റുവും അലിഗഡ് സന്ദര്‍ശിച്ചപ്പോഴൊന്നും ആക്രമിക്കപ്പെട്ടിട്ടില്ല. അപ്പോള്‍ ഇന്നു നമ്മളുള്ളതു ബ്രിട്ടീഷുകാരെ പോലും തോല്‍പ്പിക്കുന്ന അവസ്ഥയിലാണ്. പത്രം വായിക്കുകയോ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അസമില്‍ എന്താണു സംഭവിക്കുന്നതെന്നു ശ്രദ്ധിക്കുകയോ ചെയ്യുന്നവര്‍ക്കറിയാം വേട്ടയാടലിനെതിരെ ലഹള ഉണ്ടാകുമെന്ന്.
ബി.ജെ.പി സര്‍ക്കാര്‍ ചരിത്രം തിരുത്തുന്നതിനെക്കുറിച്ച്?
ചരിത്രം ഒരിക്കലും മാറ്റാനാവില്ല. സംഭവിച്ചതു സംഭവിച്ചുകഴിഞ്ഞു. അതൊരിക്കലും മാറ്റാനാവില്ല. ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരോടു പൊരുതിയല്ല മരിച്ചതെന്നു നിങ്ങള്‍ പറഞ്ഞാല്‍ അതു വലിയ വിഡ്ഢിത്തമായിരിക്കും. കാരണം ടിപ്പു സുല്‍ത്താന്‍ മരിച്ചതു ബ്രിട്ടീഷുകാരോടു പൊരുതി തന്നെയാണ്. അങ്ങനെ അല്ലെന്നു നിങ്ങള്‍ക്കൊരിക്കലും പറയാനാവില്ല. പഴയ കാലത്തെ സംഭവങ്ങള്‍ വ്യാജ നിര്‍മിതികള്‍ കൊണ്ട് മാറ്റാന്‍ കഴിയുമെന്ന് അവര്‍ പറയുകയാണെങ്കില്‍ അത് വിഡ്ഢിത്തമാണ്. അവര്‍ക്ക് അത് സാധിക്കുകയില്ല.
ഉത്തരേന്ത്യന്‍ നഗര നാമങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണല്ലോ ?
ഞാന്‍ മുന്നേ തന്നെ പറഞ്ഞിട്ടുള്ളതാണ് ഇത്. ആദ്യം അമിത് ഷാ മാറ്റേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പേര് തന്നെയാണ്. 'ഷാ' എന്നത് പൂര്‍ണമായും ഒരു പേര്‍ഷ്യന്‍ നാമമാണ്. അതുകൊണ്ട് പട്ടണങ്ങള്‍ക്കു മുന്‍പ് അദ്ദേഹം മാറ്റേണ്ടത് അദ്ദേഹത്തിന്റെ പേര് തന്നെയാണ്. ആഗ്രയുടെ കാര്യം ലളിതമാണ്. ആഗ്ര എന്നത് ഒരിക്കലും മുസ്‌ലിം നാമമല്ല. അതൊരു ഹിന്ദി നാമം ആണ്. എങ്ങനെ ആയാലും അവര്‍ക്ക് ഇതുമൊക്കെയായി മുന്നോട്ടുപോകാം, കാരണം അവര്‍ക്ക് ഭൂരിപക്ഷമുണ്ട്. പക്ഷേ അതു തെറ്റാണെന്നു പറയാനുള്ള അവകാശം ഇവിടെയുള്ള ന്യൂനപക്ഷമായ പൗരര്‍ക്കുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കു ശേഷമുള്ള രാജ്യത്തിന്റെ അവസ്ഥ?
അതു മാധ്യമപ്രവര്‍ത്തകനായ താങ്കള്‍ക്ക് എന്നെക്കാള്‍ നന്നായി അറിയാം. പൗരത്വ നിയമ ഭേദഗതി ബില്‍ ബഹുഭൂരിപക്ഷം അംഗീകരിച്ചു എന്നതിനര്‍ഥം അത് ശരിയാണെന്നല്ല. ജര്‍മന്‍കാരില്‍ ബഹുഭൂരിപക്ഷവും ജൂതന്മാരുടെ കൂട്ടക്കൊലയെ അംഗീകരിച്ചിരുന്നു. അതുകൊണ്ട് അതു സംഭവിച്ചതു തെറ്റല്ല എന്നാണോ? അന്നൊരു ജനഹിതപരിശോധന ഹിറ്റ്‌ലര്‍ നടത്തിയിരുന്നെങ്കില്‍ 80 മുതല്‍ 90 ശതമാനം വരുന്ന ജര്‍മന്‍കാരും പറഞ്ഞേനെ അഞ്ചുശതമാനം വരുന്ന ജൂതന്മാരെ കൊല്ലുക തന്നെ വേണമെന്ന്. അതുകൊണ്ട് അത് ശരിയാകുമോ?
യു.പിയില്‍ പ്രക്ഷോഭകരെ പൊലിസ് അടിച്ചമര്‍ത്തുകയാണല്ലോ?
ഇതിനോടകം തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു 17 പേരോളം പൊലിസ് വെടിയ്പില്‍ കൊല്ലപ്പെട്ട കാര്യം. പൊലിസുകാര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചു. 'നടപടി' എന്നുള്ളതിന്റെ വ്യാഖ്യാനം തന്നെ മാറ്റേണ്ടി വരും. അവര്‍ വസ്തുവകകള്‍ കണ്ടുകെട്ടും. കേസ് നടന്ന് കുറ്റം ചെയ്തു എന്നു തെളിയുന്നതിനു മുന്‍പ് തന്നെ അവര്‍ തന്റെ വീട് ഏറ്റെടുക്കും. എന്നിട്ട് പറയും ഇര്‍ഫാന്‍ ഹബീബ് ഇതു ചെയ്തിട്ടുണ്ടെന്ന്. കാടത്തമാണ് ഇവിടെ നടക്കുന്നത്. ആദ്യം അവര്‍ കോടതിയില്‍ പോയി കേസ് തെളിയിക്കട്ടെ. അതാണു വേണ്ടത്. പക്ഷേ കോടതിയും ഇന്ന് ശരിയായ രീതിയിലല്ല. അവര്‍ ചെയ്യട്ടെ, എന്താണെങ്കിലും ചെയ്യട്ടെ.
പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം കോടതിയില്‍ പരിഹാരമാകുമോ?
കഴിഞ്ഞ മൂന്നഴമാസത്തിനിടെ അപായ സൂചന നല്‍കുന്ന പല നടപടികളും സുപ്രിം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നത്തില്‍ കണ്ണടച്ചതു പോലെ ജാമിഅ മില്ലിയയിലും അലിഗഡിലും കണ്ണടച്ചു. അവിടെ യഥാര്‍ഥത്തില്‍ പൊലിസുകാര്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തു, ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്തു. ഭരണഘടന നല്‍കുന്ന സംരക്ഷണം പിന്‍വലിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു താന്‍ കരുതുന്നത്.
കേരളത്തിലെ മതസൗഹാര്‍ദത്തെക്കുറിച്ച്?
ഞങ്ങള്‍ എന്നും കേരളത്തെ ആദരിച്ചിട്ടുണ്ട്. ഞാന്‍ ആദ്യമായി കേരളത്തില്‍ വന്നത് 1958ലാണ്. അതിനു മുന്‍പ് തന്നെ തനിക്കു മലയാളി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവിടെ വിദ്യാഭ്യാസം നേടിയ ആളുകള്‍ കോളേജുകള്‍ കുറവായതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി അന്നേ അലിഗഡില്‍ വരുമായിരുന്നു. അന്നേ കേരളത്തെപറ്റി നന്നായി അറിയാം. മലയാളം അറിയുമായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
താങ്കളുടെ കുടുംബം?
ഞാനും ഭാര്യയും അലിഗഡില്‍ അധ്യാപകരായിരുന്നു. ഞങ്ങളുടെ ജോലിയൊന്നും ബി.ജെ.പിക്കു തട്ടി മാറ്റാന്‍ സാധിക്കില്ല! (ചിരിക്കുന്നു). അതവരുടെ നിര്‍ഭാഗ്യവും ഞങ്ങളുടെ ഭാഗ്യവുമാണ്. നാലുമക്കള്‍ മൂന്നുപേരും ഇവിടെയുണ്ട്. ഒരാള്‍ ചിക്കാഗോ സര്‍വകലാശാലയില്‍ ഭൗതികശാസ്ത്ര പ്രൊഫസറാണെങ്കിലും ഇന്ത്യന്‍ പൗരന്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."