ഡീസല്‍ മോഷ്ടാവ് ബംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തലവന്‍
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരത്തുനിന്ന് ഡീസല്‍ മോഷ്ടിച്ച് 20 വര്‍ഷത്തിനു ശേഷം പിടിയിലായ പ്രതി ബംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തലവന്‍. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ശ്രീകണ്ഠപുരം സി.ഐ സി. പ്രകാശന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍വച്ച് പിടികൂടിയ മാത്യു എന്ന ജോസ്‌കുട്ടിയെ (43) വിശദമായി ചോദ്യം ചെയ്തപ്പോഴാണു ക്വട്ടേഷന്‍ സംഘ ബന്ധവും വാഹന മോഷണങ്ങളും തെളിഞ്ഞത്.
20 വര്‍ഷം മുന്‍പ് കോട്ടൂരിലെ പെട്രോള്‍പമ്പില്‍നിന്ന് 200 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചു വയനാട്ടിലേക്കു മുങ്ങുകയായിരുന്നു. അവിടെ വിവാഹംചെയ്ത ശേഷം ബംഗളൂരുവില്‍ തോട്ടത്തില്‍ പണിക്കാരനായി എത്തിയ ശേഷമാണു വാഹനമോഷണവും ക്വട്ടേഷന്‍ സംഘത്തിലേക്കും തിരിഞ്ഞത്. ഇയാളുടെ സംഘത്തില്‍ നിരവധി പേരുണ്ടെന്നു പൊലിസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതുവരെ പിടികൂടിയിരുന്നില്ലെന്നും പിടിക്കപ്പെടുമെന്നാവുമ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയാണു പതിവെന്നും പൊലിസ് വ്യക്തമാക്കി. ശ്രീകണ്ഠപുരം, കണ്ണൂര്‍ ടൗണ്‍, വളപട്ടണം, തൃശൂര്‍ ചാവക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വാഹന മോഷണക്കേസില്‍ പ്രതിയാണ് ഇയാളെന്നും പൊലിസ് പറഞ്ഞു. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."