ഇതാ അവസരം, തുലയ്ക്കുമോ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കൊച്ചിയില്‍ നടക്കുന്നത് ലീഗ് പട്ടികയിലെ അവസാനക്കാരായ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള പോരാട്ടം. ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രകടനം വിലയിരുത്തിയാല്‍ അത്ര നല്ലതല്ല കാര്യങ്ങള്‍. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മത്സരമായ ഇന്ന് ഏറ്റവും പിറകിലുള്ള ടീമിനെതിരേയെങ്കിലും ജയിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് പ്രേമികള്‍ക്കുള്ളത്. വൈകിട്ട് 7.30ന് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. അടിത്തട്ടുകാരുടെ യുദ്ധത്തിലെങ്കിലും വിജയിച്ചില്ലെങ്കില്‍ പ്ലേ ഓഫ് എന്ന വിദൂര സാധ്യത പോലും ബ്ലാസ്റ്റേഴ്‌സിനു സ്വപ്നം മാത്രമായി മാറും. ജയത്തേക്കാള്‍ തോല്‍വികളും സമനിലകളുമാണ് ഇരുകൂട്ടര്‍ക്കും ധാരാളമുള്ളത്. പുതുവര്‍ഷത്തിലെ തങ്ങളുടെ കന്നി അങ്കത്തില്‍ ജയിച്ച് തുടങ്ങുവാന്‍ ഇരുകൂട്ടരും ശ്രമിക്കുമ്പോള്‍ ഉശിരന്‍ പോരാട്ടം പ്രതീക്ഷിച്ചാണ് കാണികള്‍ മൈതാനത്തേക്ക് എത്തുക. ചെറിയ പരുക്കുള്ള റഫേല്‍ മെസി ബൗളി ഇന്ന് കളത്തിലിറങ്ങാന്‍ സാധ്യതയില്ലെന്ന സൂചനകളാണ് ബ്ലാസ്റ്റേഴ്‌സില്‍നിന്ന് വരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഡിസംബറോടെ ലീഗിലെ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ഇത്തവണ നേരിയ ശ്വാസം ബാക്കിയുണ്ട്. ഇന്നത്തോടെ അതും തീരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. 10 കളിയില്‍ എട്ടു പോയിന്റുള്ള എല്‍ക്കോ ഷട്ടോരിക്കും കൂട്ടര്‍ക്കും ഇനി ഒരു തോല്‍വി പോയിട്ട് സമനില പോലും താങ്ങാനാകില്ല. ഇനിയുള്ള എട്ടില്‍ ഏഴിലും ജയം വേണം. ആരാധകരുടെ പിന്തുണ അടിക്കടി കുറഞ്ഞുവരുന്നത് അവരുടെ വാണിജ്യ താല്‍പര്യങ്ങളെ ബാധിക്കും.
ടീമിന്റെ കാര്യമെടുത്താല്‍ അന്തിമ ഇലവനില്‍ ഇന്നും മാറ്റങ്ങളുണ്ടാകും. നിലനില്‍പ്പിന്റെ പോരാട്ടമായതിനാല്‍ ഷട്ടോരി മെസിയെ ഇറക്കാന്‍ നിര്‍ബന്ധിതനായേക്കും. രാജു ഗെയ്ക്ക്വാദും പരുക്കിന്റെ പിടിയിലാണ്. ദീര്‍ഘ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ മരിയോ അര്‍ക്കസും പൂര്‍ണമായി ഫിറ്റാണെന്ന് കോച്ചിനും അഭിപ്രായമില്ല. കഴിഞ്ഞ കളിയില്‍ റഫറിയിങാണ് തോല്‍വിക്ക് കാരണമായതെന്നാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരിയുടെ ഭാഷ്യം. ടീം പരുക്കില്‍നിന്ന് മോചിതരായി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."