വനിതാ മതിലില്‍ പലയിടത്തും വിള്ളല്‍; ഞെട്ടലോടെ സംഘാടകര്‍
തൃശൂര്‍: വനിതാ മതിലില്‍ ജില്ലയില്‍ പലയിടത്തും വിള്ളല്‍. ചെറുതുരുത്തി മുതല്‍ പൊങ്ങം വരേ 73 കിലോമീറ്ററായിരുന്നു വനിതാ മതിലിന്റെ ദൂരം. എന്നാല്‍ 20 കിലോമീറ്ററിലധികം സ്ഥലത്ത് മതിലില്‍ അണി ചേരാന്‍ വനിതകളുണ്ടായിരുന്നില്ല.
ഒല്ലൂര്‍ മുതല്‍ ഇക്കണ്ട വാര്യര്‍ ജങ്ഷന് വരെയുള്ള ദൂരപരിധിയില്‍ പലയിടത്തും മതിലില്‍ വലിയ വിള്ളല്‍ വീണു.
ചിലയിടങ്ങളില്‍ തീരെ ആളില്ലാത്ത കാഴ്ച സംഘാടകരെ കുഴക്കി. മതില് തുടങ്ങിയ നാല് മണിവരെ സ്ത്രീകളെ എത്തിക്കാന്‍ സംഘാടകര്‍ നെട്ടോട്ടമോടിയതോടെ വനിതാ മതിലിന് അഭിവാദ്യമര്‍പ്പിക്കുന്ന പുരുഷ മതിലും ശുഷ്കമായി. ചാലക്കുടി പനംപിള്ളി ജങ്ഷന്, ചാലക്കുടി സൗത്ത് ജങ്ഷന് പുഴമ്പാലം, ചിറങ്ങര, അകമല-വാഴക്കോട് എന്നിവിടങ്ങളിലും വിടവുകള്‍ ദൃശ്യമായിരുന്നു.
എന്നാല്‍ തൃശൂര്‍ നഗരത്തില്‍ ഒന്നിലധികം വരികളിലായി വനിതകള്‍ മതിലില്‍ പങ്കാളിയായി. ജില്ലയില്‍ കുട്ടികളും മതിലിന്റെ ഭാഗമായിരുന്നു.
അതേസമയം ജില്ലയില്‍ പലയിടത്തും മതില് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഇടത് മുന്നണിക്കുള്ളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്.
സി.പി.എം ജില്ലാ സെക്രട്ടറിക്കായിരുന്നു ജില്ലയില്‍ മതിലിന്റെ ചുമതല. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും മതില് പരിപൂര്ണതയിലെത്തിക്കാന് കഴിഞ്ഞില്ലെന്നത് പാര്‍ട്ടിക്കുള്ളിലും വരുംദിവസങ്ങളില്‍ ചര്‍ച്ചയാകും.
കുടുംബശ്രീപ്രവര്‍ത്തകരെ പൂര്‍ണമായും മതിലിന്റെ ഭാഗമാക്കാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ വീഴ്ചയായാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."