HOME
DETAILS

പലായനത്തിന്റെ നോവ് തിരയുന്ന സഹറാവീയം

  
backup
January 05 2020 | 08:01 AM

interview-with-junaid-aboobacker44654

വിഭജനങ്ങള്‍ നടപ്പിലാക്കുന്നത് മതിലുകള്‍ തീര്‍ത്തുകൊണ്ടാണ്. അത് ജാതി കൊണ്ടും മതം കൊണ്ടും വേഷം കൊണ്ടുമാകാമെന്ന് ഭയപ്പെടുത്തുന്ന ഒരു വര്‍ത്തമാനകാലത്തില്‍, അഭയാര്‍ഥികളായി ജീവിക്കേണ്ടി വരുന്നതോ, പലായനം ചെയ്യേണ്ടി വരുന്നതോ, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരവസ്ഥ, അതിവിദൂരമല്ലെന്ന് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ നടുക്ക് ജീവിക്കേണ്ടി വരുന്നതോ, എല്ലാം, വായനയെയും കൂടുതല്‍ രാഷ്ട്രീയം ആക്കുന്നു.
അഭയാര്‍ഥികള്‍, ക്യാമ്പുകള്‍ തുടങ്ങിയ വാര്‍ത്തകള്‍ എവിടെക്കെയോ നടക്കുന്ന വാര്‍ത്തകളായി വായിച്ചിരുന്നവരാണ് നമ്മള്‍. ബേം എന്ന മതിലിനാല്‍ വിഭജിക്കപ്പെട്ട്, സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വരുന്ന സഹറാവികളുടെ കഥ വീണ്ടും വായിക്കുമ്പോള്‍ ഒരു ഫിക്ഷന്‍ മാത്രമായി വായിക്കാന്‍ കഴിയാതെ പോകുന്നുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോക മന:സാക്ഷിയെ സംഘര്‍ഷഭരിതമാക്കുന്ന ഒരു വലിയ വിഷയമാണ് അഭയാര്‍ഥികളും അവരുടെ പ്രശ്‌നങ്ങളും അതിനു പുറകിലെ രാഷ്ട്രീയ താല്‍പര്യങ്ങളും. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണര്‍, ബഹ്‌റുസ് ബൂചാനിയുടെ ചീ ളൃശലിറ,െ ആൗ േവേല ാീൗിമേശില െഅങ്ങനയങ്ങനെ അനേകം കൃതികള്‍ ആഭ്യന്തര യുദ്ധങ്ങളെ പരാമര്‍ശിച്ചും അഭയാര്‍ഥികളെ അഭിസംബോധന ചെയ്തും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലെ അനില്‍ ദേവസിയുടെ യാ ഇലാഹി ടൈംസ് ഇത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്തുകൊണ്ട് പുറത്തിറങ്ങിയ ശ്രദ്ധിക്കപ്പെട്ട ഒരു നോവലാണ്.
ജുനൈദ് അബൂബക്കറിന്റെ രണ്ടാമത്തെ നോവലായ സഹറാവീയം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയേണ്ടി വരുന്ന ഒരു ജനതയുടെ, സഹറാവികളുടെ കഥ പറയുന്നു.

ഈ പുസ്തകത്തിന്റെ വിശദാംശങ്ങളിലേയ്ക്ക് പോകുംമുന്‍പ് പരാമര്‍ശിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു.

ഫിക്ഷന്റെ സാധ്യതകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കൃതിയാണിത്. അസംഖ്യം കഥാപാത്രങ്ങളെ വിന്യസിപ്പിച്ച് കൊണ്ട്, 378 ഓളം പേജുകളില്‍ എഴുതി തീര്‍ത്തിട്ടുള്ള നോവലിന് ആത്യന്തികമായി, സഹറാവികളെക്കുറിച്ച് പടിഞ്ഞാറന്‍ സഹാറയിലെ യഥാര്‍ഥ അവകാശികളെക്കുറിച്ച്, നാടോടികളായി സ്വാതന്ത്ര്യം ആഘോഷിച്ച് നടന്നിരുന്ന സ്‌പെയിനിന്റെ കോളനിക്കാലത്തില്‍ നിന്നു പൂര്‍ണമായും മൊറോക്കോയുടെ അധിനിവേശത്തിലേക്കയക്കപ്പെട്ട സഹറാവികളെക്കുറിച്ച് പറയുക എന്ന ഒരൊറ്റ ലക്ഷ്യമാണുള്ളത്.

ഇംഗ്ലണ്ടില്‍ നിന്നു ജസീക്ക ഒമര്‍ എന്ന ഒരു ചാനല്‍ പ്രവര്‍ത്തക ഫാക്റ്റ്‌സ് എന്ന സഹറാവികളെ സംബന്ധിക്കുന്ന ഒരു ഡോക്യുമെന്ററി ആബിദ് എന്ന സഹറാവിയായ ഒരു ചെറുപ്പക്കാരന്റെ നിര്‍ബന്ധപ്രകാരം കാണുന്നു. മഞ്ഞുകാലത്തെ തന്റെ വിഷാദാവസ്ഥയെ തരണം ചെയ്യാന്‍ ഒരു യാത്ര അനിവാര്യമാണെന്ന് കണ്ട് വെളിച്ചവും ചൂടുമുള്ള ഒരു സ്ഥലത്തേക്ക് കുറച്ച് ദിവസം മാറിനില്‍ക്കണമെന്ന തന്റെ പദ്ധതിക്ക് സഹറാവികളുടെ അടുത്തേക്കുള്ള യാത്രയാകും ഉചിതമെന്ന് തീരുമാനിക്കുന്നു. പുതിയൊരു ഡോക്യുമെന്ററി ചാനലിനു വേണ്ടി ചെയ്യാനുമുള്ള പെട്ടെന്നുള്ള തീരുമാനത്തില്‍ വളരെ കുറഞ്ഞ തയ്യാറെടുപ്പോടെ മൊറോക്കോയിലുള്ള തന്റെ സുഹൃത്ത് ബസ്മയുടെ അടുത്തേക്ക് പോകാനും തീരുമാനമാകുന്നു.

ഇതിനിടയില്‍ ആരാണ് ജെസീക ഒമര്‍ എന്ന് വായനക്കാര്‍ക്ക് കൂടുതല്‍ വ്യക്തമാകുന്നു. അഫ്ഗാനില്‍ നിന്ന് അഭയാര്‍ഥിയായി ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ജെസീക്കയുടെ ചെറുപ്പകാലം വായനയില്‍ വരുന്നു. ക്രൈസ്തവ മത വിശ്വാസികളായ മാതാപിതാക്കള്‍ കൈമാറിയ ഒരു ഗ്രന്ഥം ജെസിക്കയുടെ അസ്തിത്വത്തിന്റെ തെളിവെന്ന പോലെ അവളെ അനുഗമിക്കുന്നുണ്ട്. ഈയൊരു വൈകാരികത നിറഞ്ഞ ഫ്‌ലാഷ് ബാക് ആയിരിക്കണം സഹറാവികളുടെ പ്രശ്‌നത്തിലേക്ക് ജെസീക്കയെയും വലിച്ചടുപ്പിക്കുന്നത്. മോറോക്കോയിലൂടെയുള്ള യാത്രയില്‍ അതിന്റെ പാരമ്പര്യവും സംസ്‌കാരവും ജീവിത രീതികളുമൊക്കെ ജെസിക വായനക്കാരോട് സംവദിക്കുന്നു. സഹറാവികളെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യുക എന്നത് വളരെയധികം അപകടം പിടിച്ചതാണെന്ന് അവള്‍ തിരിച്ചറിയുന്നു.

മേജര്‍ മെഹമൂദ് അയൂബിന്റെ സ്വാധീനത്താല്‍ ജെസീക്ക തടവിലാക്കപ്പെടുകയും പിന്നീട് രക്ഷപ്പെട്ട് തിന്തൗഫിലെ ക്യാംപില്‍ എത്തുകയും ചെയ്യുന്നു. സഹറാവികളെക്കുറിച്ച്, അവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, പാരമ്പര്യം, തുടങ്ങിയവയെക്കുറിച്ചും മൊറോക്കന്‍ ഭരണാധികാരികളുടെ ക്രൂരതകളെക്കുറിച്ചുമൊക്കെ അവിടത്തെ താമസം കൊണ്ട് കൂടുതല്‍ മനസിലാക്കുന്നു. പിന്നീട് തയ്യാറായി വന്ന ദൗത്യം പൂര്‍ത്തിയാക്കാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകുന്നു.
ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന അഭിമുഖ സംഭാഷണങ്ങള്‍, പശ്ചാത്തല വിവരണങ്ങള്‍, ചരിത്ര വസ്തുതകള്‍ എന്ന രീതിയില്‍, നോവല്‍, ഒരു റിയലിസ്റ്റിക് ഫിക്ഷന്‍ എന്നോ ട്രാവലോഗ് ഫിക്ഷന്‍ എന്നോ ഒക്കെ പറയാവുന്ന ഒരു സ്വഭാവം ഉടനീളം നിലനിറുത്തുന്നുണ്ട്. കഥാകൃത്ത് നടത്തിയിരിക്കുന്ന അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും വലിയൊരു ശ്രമം കൃതിയില്‍ കാണാം.
നോവലിസ്റ്റിന്റെ കഥാപാത്ര നിര്‍മിതി അത്ഭുതപ്പെടുത്തുനുണ്ട്. ആദ്യ നോവലായ പോനോന്‍ ഗോംബെയുടേതിനേക്കാള്‍ അതിവിശാലമായ കഥാ പരിസരങ്ങള്‍ ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ജുനൈദ് അബൂബക്കറിന്റെ സ്ഥാനം ഉറപ്പിക്കുന്നുണ്ട്. കഥകളും ഉപകഥകളും കവിതകളുമെല്ലാം സമന്വയിപ്പിച്ചു കൊണ്ട്, ഈ ബൃഹത് നോവലിന്റെ വായന ആയാസരഹിതമാക്കാന്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഒരു വ്യക്തിയുടെ കഥയല്ല എന്നതുകൊണ്ട് അത്രകണ്ട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ നോവലില്‍ ഉള്‍പ്പെട്ടിട്ടില്ല. വേദനിക്കുന്നതും സമ്മര്‍ദ്ദം ഉള്‍ക്കൊള്ളുന്നവരും അതിജീവനത്തിനായി സ്വാതന്ത്ര്യത്തിനുമൊക്കെയായി പോരാടുന്നവരൊക്കെ കഥാപാത്രങ്ങളായി വരുന്നത് ഗൗരവതരമായ ഒത്തിരി രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ഒരു വായനയാണ് അര്‍ഹിക്കുന്നത്.
അന്താരാഷ്ട്രമാനങ്ങളുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മലയാള നോവലിസ്റ്റുകള്‍ നടത്തുന്ന ശ്രമങ്ങളിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു നോവലാണ് സഹറാവീയം.
നിറ്റെ കോളജ് ഓഫ് ഫാര്‍മസിയില്‍ നിന്നു ബിരുദം കരസ്ഥമാക്കിയ ജുനൈദ്, കുടുംബ സമേതം അയര്‍ലണ്ടിലാണ് താമസിക്കുന്നത്. സഹറാവീയം എന്ന നോവലിനെക്കൂടാതെ പിന്‍ബെഞ്ച് എന്ന കവിതാ സമാഹാരവും പോനോന്‍ഗോംബെ എന്ന നോവലും പുറത്തിറങ്ങിയിട്ടുണ്ട്.

കവിത പോലെയല്ല, കഥയ്ക്കും നോവലിനും നല്ല അധ്വാനം ആവശ്യമുണ്ട്

ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ പരിതസ്ഥിതികളില്‍ സഹറാവീയം പോലെയുള്ള ഒരു നോവലിന്റെ വായന എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്?

സമൂഹത്തില്‍ ആഴ്ന്നിരിക്കുന്ന അധികാരത്തിന്റെ നഖങ്ങളാണ് സഹറാവീയത്തില്‍ വെളിവാക്കിയിട്ടുള്ളത്. അതിന്റെ ഭൂമിക മറ്റൊരു രാജ്യമാണെങ്കിലും, അധിനിവേശത്തിന്റെ കരങ്ങള്‍ കയ്യേറുന്ന എല്ലാ സമൂഹത്തിനും ബാധകമാണെന്നും പറയാം. ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ക്കിടയില്‍ അദൃശ്യമായൊരു 'ബേം' പണിതുയര്‍ത്തുന്നതു പോലെയാണ്. വിഭജനം എത്രമാത്രം ഒരു സമൂഹത്തെ ഒറ്റപ്പെടുത്തും എന്നും, അങ്ങനെ ചെയ്യുന്ന സിസ്റ്റത്തോട് ചെറുത്തുനില്‍ക്കുന്ന ഒരുകൂട്ടം ആളുകളെക്കുറിച്ചും പറയുന്നതിനാല്‍ തീര്‍ച്ചയായും സഹറാവീയം പോലെ, അത്തരം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന നോവലുകളുടെയെല്ലാം വായന പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. അതെ, എഴുത്തുപോലെതന്നെ വായനയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്, രാഷ്ട്രീയ ഇടപെടലുമാണ്.

വായനക്കാരനെ വിലകുറച്ച് കാണുന്ന ഒരു തരം ഏര്‍പ്പാടാണ് കൃതികളില്‍ ഐഡിയോളജികള്‍ കുത്തിനിറച്ച്, സാരോപദേശ മോഡില്‍ കഥ പറയുന്ന എഴുത്തുകാര്‍ എന്ന് പറഞ്ഞാല്‍ നിഷേധിക്കുമോ? ഓരോരോ കാലഘട്ടങ്ങളിലെ ശരികള്‍, പിന്നീട് തെറ്റുകളാവുകയും, തെറ്റുകള്‍ ശരികളായി പരിണമിക്കുകയും, ഒരുപക്ഷേ, ശരിതെറ്റുകള്‍ എന്ന ചിന്തയേ ഇല്ലാതെ തന്നെ ഒരു ആശയം സമൂഹത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്യാം. ഈയൊരവസരത്തില്‍, കഥാപാത്രങ്ങളുടെ സ്വാതന്ത്ര്യം എന്ന രീതിയില്‍, എന്തും പറഞ്ഞ് വയ്ക്കാമെന്ന കഥാകാരന്റെ സ്വാതന്ത്ര്യത്തെ, കോമണ്‍സെന്‍സുള്ള വായനക്കാര്‍ ചോദ്യം ചെയ്‌തെന്നിരിക്കാം. കാരണം, നല്ലൊരു വായനക്കാരന്‍ നല്ലൊരു വിമര്‍ശകന്‍ കൂടിയാണ്. ഈയൊരു വിഷയത്തെക്കുറിച്ച്?

നോവലെഴുത്തുകാര്‍ എന്തെങ്കിലും ഐഡിയോളജി കുത്തിനിറച്ച് ഫിക്ഷണല്‍ രചന ചെയ്യുന്നത് ബാലിശമായ ഏര്‍പ്പാടാണ്. അത് തീര്‍ച്ചയായും വായനക്കാരെ വിലകുറച്ചുകാണലാണെന്നു പറയേണ്ടിവരും. ചിലപ്പോള്‍ എഴുതുന്നയാളുടെ പ്രശസ്തിയനുസരിച്ച് അവരെ അന്ധമായി ആരാധിക്കുന്ന ചില വായനക്കാര്‍ അത്തരം ഐഡിയോളജികളില്‍ വിശ്വസിച്ചേക്കാം. എന്നാല്‍ അങ്ങനെയുള്ള വായനക്കാര്‍ ഉണ്ടെങ്കില്‍ത്തന്നെ, വളരെ ചെറിയൊരു ശതമാനമേ കാണൂ. ഐഡിയോളജിയെന്നാല്‍ ഠവല ടരശലിരല ീള കറലമ െഎന്ന് പറയാം. അങ്ങനെ വരുമ്പോള്‍ അത് ലേഖനങ്ങളോ മറ്റോ ആയി എഴുതുന്നതായിരിക്കും ഉചിതം. എങ്ങനെ എഴുതിയാലും, എന്ത് എഴുതിയാലും സ്വീകരിക്കപ്പെടും എന്നുള്ളത് വെറും മിഥ്യാധാരണയാണ്. പ്രത്യേകിച്ചും എഴുത്തിന്റെ വിവിധ വശങ്ങള്‍ യുക്തിയുക്തം പരിശോധിക്കുന്ന വായനക്കാരുള്ളപ്പോള്‍.


ആശയങ്ങള്‍ സംവദിക്കുകയും ബാഹ്യമായ സംവാദത്തില്‍ ഏര്‍പ്പെടുകയും വേണം, എങ്കിലേ അവ പ്രചരിക്കപ്പെടുകയുള്ളൂ. താല്‍പര്യമുള്ളപക്ഷം വായനക്കാര്‍ എഴുത്തില്‍ അന്തര്‍ലീനമായിട്ടുള്ള ആശയങ്ങള്‍ പോലും മനസിലാക്കിയെടുക്കും. അപ്പോള്‍പ്പിന്നെ എഴുത്തുകാര്‍ അവ സാരോപദേശ രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല.

കവിതകളില്‍ പ്രയോഗിക്കുന്ന ബിംബങ്ങളും ഉപമകളൊന്നും തന്നെ കഥകളിലും ആദ്യ നോവലിലും കാണുന്നില്ല. ഒരുതരത്തില്‍ പറഞ്ഞാല്‍, വളരെ പ്ലെയ്ന്‍ നരേറ്റീവ് എന്ന ഗണത്തില്‍ പെടുത്താവുന്ന കൃതിയാണ് പോനോന്‍ഗോംബെ. എന്നാല്‍, രണ്ടാമത്തെ നോവലായ സഹറാവീയത്തില്‍ കുറച്ചുകൂടി ഗഹനമായ രീതികള്‍, മിത്തുകള്‍, നാടോടിപ്പാട്ടുകള്‍, കഥകള്‍, ഉപകഥകള്‍ എന്നിവ ഉള്‍പ്പെടുത്തി, റിയാലിറ്റിയോടൊപ്പം വായനക്കാര്‍ക്ക് ഒരു ഫാന്റസി റീഡിങിന്റെ സാധ്യതകള്‍ കൂടി നല്‍കുന്നുണ്ട്. കവിതകള്‍, കഥകള്‍, നോവലുകള്‍ എന്നീ മൂന്നു മേഖലയിലും ശ്രമങ്ങള്‍ നടത്തിയിട്ടുള്ള ഒരാളെന്ന നിലയില്‍ എഴുത്തു രീതികളെ ഒന്ന് വിവരിക്കാമോ?

കവിതകള്‍ വെറുമൊരു വാക്കില്‍ നിന്നോ ചിത്രങ്ങളില്‍ നിന്നോ എന്തിന് സ്വപ്നങ്ങളില്‍ നിന്നുപോലും എഴുതാന്‍ പറ്റും. കഥകള്‍ക്കും നോവലിനും ആ ഒരു സ്വാതന്ത്ര്യം ഇല്ല. കഥയ്ക്കും നോവലിനും നല്ല അധ്വാനം ആവശ്യമുണ്ട്.

പൊനോന്‍ഗോംബെ രണ്ടു വ്യക്തികളുടെ കാഴ്ച്ചപ്പാടിലൂടെയാണ് പറയുന്നത്. അവരുടെ ജീവിതത്തില്‍ വര്‍ണശബളിമ തീരെയില്ല. അതുകൊണ്ടാണ് പ്ലെയിനായുള്ള എഴുത്തുരീതി അവലംബിച്ചത്. സഹറാവീയത്തിലേക്കു വരുമ്പോള്‍ ജെസീക ഒമര്‍ ഒരു ഡോക്യുമെന്ററിയുടെ ഉദ്ദേശത്തോടുകൂടിയാണ് മൊറോക്കോയിലേക്കു യാത്ര ചെയ്യുന്നത്. ആ ഒരു രീതിയിലാണവര്‍ കാര്യങ്ങളും കാഴ്ചകളും നോക്കിക്കാണുന്നത്. സഹറാവികളെന്നൊരു സമൂഹത്തിനെക്കുറിച്ച് അറിയുവാന്‍ സാധിക്കുന്ന എല്ലാ വിവരങ്ങളും അവര്‍ ശേഖരിക്കുന്നു. അതില്‍ സത്യങ്ങളും മിത്തുകളും കഥകളും കവിതകളുമുണ്ട്. അതെല്ലാം നോവലിലും വന്നുപോകുന്നു.

പൂര്‍ണമായും അന്യദേശ പരിസരങ്ങളില്‍ ഒരു മലയാളി കഥാപാത്രം പോലുമില്ലാതെ പറഞ്ഞിരിക്കുന്നവയാണ് രണ്ട് നോവലുകളും. മലയാളത്തില്‍ ഇത്തരം നോവലുകള്‍ കൂടുതലായി സംഭവിച്ചിട്ടുള്ള വര്‍ഷങ്ങളാണ് കടന്നുപോയത്. ഇത്തരം ശ്രേണിയിലെ തുടക്കക്കാരിലൊരാളാണ് ജുനൈദ്. മലയാള സാഹിത്യത്തിലെ ഇത്തരം മാറ്റങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഒരോരോ കാലഘട്ടങ്ങളനുസരിച്ച് ലോകത്തിലും സമൂഹത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സാഹിത്യത്തിലും ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ എഴുതുന്നവരില്‍ കുറേയധികം പേര്‍ പ്രവാസികളാണ്. അവര്‍ അറിയുന്ന, ഉള്‍പ്പെടുന്ന, അധിവസിക്കുന്ന ലോകവും വ്യത്യസ്തമാണ്. ആ മാറ്റങ്ങള്‍ എഴുത്തിലും പ്രതിഫലിക്കുന്നുവെന്നേയുള്ളൂ.

ഐറിഷ് എഴുത്തുകാര്‍ അവരുടെ പുസ്തകങ്ങള്‍, വ്യക്തിപരമായി ഇഷ്ടപ്പെട്ട ഐറിഷ് കൃതികള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു നല്ല വായനക്കാരന്‍ കൂടിയായ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്?

എന്റെ വായനയില്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെക്കുറവാണ്. ഐറിഷ് എഴുത്തുകാരില്‍ ആകെ കുറച്ചുപേരുടെ പുസ്തകങ്ങളേ വായിച്ചിട്ടുള്ളൂ. ഫിക്ഷനില്‍ സെബാസ്റ്റ്യന്‍ ബാരി, അലന്‍ മക് മൊണാല്‍, ബില്ലി ഒ' കല്ലഹന്‍ എന്നിവരുടെ. പിന്നെ ഷേമസ് ഹീനിയുടേയും ഫ്രാന്‍സിസ് ലെഡ്‌വിഡ്ജിന്റെയും കവിതകളും.
ബാരിയുടെ വായിച്ച രണ്ടു നോവലുകളും ഒരേ കഥയായിരുന്നു, രണ്ട് ഭൂമികയും. സാമ്യമുള്ള കഥാപാത്രങ്ങള്‍ പോലുമുണ്ടവയില്‍. അലന്റെ നോവല്‍ ബാരിയുടെ നോവലിനേക്കാള്‍ മികച്ചതായിട്ടാണെനിക്ക് അനുഭവപ്പെട്ടത്. സെബാസ്റ്റ്യന്‍ ബാരിയെ അപേക്ഷിച്ച് അലനും ബില്ലിയും താരതമ്യേന പുതിയ എഴുത്തുകാരാണ്.

പുതിയ എഴുത്തു വിശേഷങ്ങള്‍?

ഒരു നോവലിനുള്ള വിഷയം മനസിലുണ്ട്. അതുമായി മുന്നോട്ടു പോകുന്നു. എഴുതിത്തുടങ്ങിയിട്ടില്ല. മുന്‍പ് എഴുതിയിട്ടുള്ള ആറ് കഥകള്‍ സമാഹാരമായി കേണല്‍ കന്നന്‍ എന്നപേരില്‍ പെന്‍ഡുലം ബുക്‌സ് പുറത്തിറക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago