ലിബിയയിലേക് സൈന്യം: തുർക്കി തീരുമാനത്തെ അപലപിച്ച് സഊദി
റിയാദ്: ലിബിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള തുർക്കി നടപടിയെ സഊദി അറേബ്യ അപലപിച്ചു. തുർക്കി പാർലമെന്റ് തീരുമാനം ഐക്യ രാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ തീരുമാനത്തിനെതിരാണ് തീരുമാനമെന്ന് സഊദി വിദേശ കാര്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലിബിയയിലേക്ക് സൈനിക സേനയെ അയക്കാനുള്ള തുർക്കി പാർലമെന്റിന്റെ അംഗീകാരത്തെ രാജ്യം അപലപിക്കുന്നു. തീരുമാനം ലിബിയയെക്കുറിച്ച് യു എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്നും ലിബിയൻ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
തുർക്കി സൈനിക സാന്നിധ്യം ലിബിയയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അറബ് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനാൽ അറബ്, പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യം സ്ഥിരീകരിക്കുന്നു. അന്താരാഷ്ട്ര തത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും സഊദി പ്രസ്താവനയിൽ വിശദീകരിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ലിബിയയിലേക്ക് സൈന്യത്തെ അയക്കാൻ തുർക്കി പാർലമെൻറ് തീരുമാനിച്ചത്. ഇതിനിടെ തുർക്കിയുമായുള്ള ബന്ധം വിച്ഛേദിക്കാനും ഇരു രാജ്യങ്ങളിലെയും എംബസികൾ അടയ്ക്കാനും ലിബിയൻ പാർലമെന്റ് ശനിയാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്ത് പാസാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."