അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കരുതെന്ന് സ്പീക്കര്‍; എങ്കില്‍ അദ്ദേഹത്തെ 'ഡബിള്‍ എ' എന്നു വിളിച്ചോട്ടേയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ സഭയില്‍ അനില്‍ അംബാനിയുടെ പേരു പറയരുതെന്ന സ്പീക്കറുടെ നിര്‍ദേശത്തെ പരിഹാസത്തോടെയും മറുപേര് വിളിച്ചുമാണ് നേരിട്ടത്. അനില്‍ അംബാനി എന്നു പറയാന്‍ കഴിയില്ലെങ്കില്‍ ഡബിള്‍ എ എന്നു വിളിച്ചോട്ടേയെന്നാണ് രാഹുല്‍ ചോദിച്ചത്.
പ്രസംഗത്തില്‍ അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെ സ്പീക്കര്‍ സുമിത്ര മഹാജന് വിലക്കി. 'എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ എന്നു തിരിച്ചു ചോദിച്ച രാഹുലിനോട്, പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. 'മാഡം, എങ്കില്‍ ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ എന്ന് വിളിച്ചോട്ടെ..?' രാഹുല്‍ ചോദിച്ചു.
അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തതോടെ അംബാനി ബി.ജെ.പി അംഗമാണോ എന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ 'ഡബിള്‍ എ' എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചിടത്തെല്ലാം ഉടന്‍ അത് 'ഡബിള്‍ എ' എന്നു തിരുത്തിപ്പറയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."