യു.പി പൊലിസിന്റെ ക്രൂരത വിശദീകരിച്ച് വിദ്യാര്‍ഥികള്‍
മുസഫര്‍നഗര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചെന്നാരോപിച്ച് യു.പിയില്‍ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കുനേരെ പൊലിസ് വലിയ ക്രൂരത കാണിച്ചതായി ആരോപണം. നൂറിലധികം വിദ്യാര്‍ഥികളെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. ദാഹശമനത്തിനായി വെള്ളം ചോദിച്ചപ്പോള്‍ മൂത്രം നല്‍കിയെന്നും തടവില്‍നിന്നു വിട്ടയക്കപ്പെട്ട വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തു.
മുസഫര്‍ നഗറിലെ സാദത്ത് യതീംഖാനയിലെ വിദ്യാര്‍ഥികളാണ് ക്രൂരതയ്ക്കിരകളായത്. കുട്ടികളെ ടോയ്‌ലറ്റില്‍ പോകാന്‍ പോലും പൊലിസ് സമതിച്ചില്ലെന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ സഈദ് ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഈ വിദ്യാര്‍ഥികളില്‍ പലരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇവരുടെ അധ്യാപകനും അക്രമത്തിനരയായിരുന്നു. 82കാരനായ ഇദ്ദേഹത്തെ അടിക്കുന്നതിന്റെയും ഹോസ്റ്റലില്‍നിന്ന് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു.
അതേസമയം, ഡിസംബര്‍ 20നു നടന്ന പ്രതിഷേധവും സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന പത്തു മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സംഘര്‍ഷങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."