സംഘ്പരിവാര്‍ തെരുവില്‍ അഴിഞ്ഞാടി
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ യുവതീ പ്രവേശനത്തെതുടര്‍ന്ന് സംസ്ഥാനത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. തലസ്ഥാനം അഞ്ചു മണിക്കൂറിലധികം യുദ്ധക്കളമായി. ശബരിമലയില്‍ യുവതികള്‍ കയറിയതായി രാവിലെ മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ ബി.ജെ.പി സമരപ്പന്തലില്‍ തമ്പടിച്ചിരുന്ന പ്രവര്‍ത്തകര്‍ അക്രമസക്തമായി. സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രകടനമായി എത്തിയവര്‍ ഇടതുപക്ഷത്തിന്റെ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് പൊലിസിനു നേരെ കല്ലേറ് നടത്തുകയും ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. അഞ്ചു മാധ്യമ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.
ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടിയുടെയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ റോഡിന്റെ മറുവശത്തും എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി സമരപ്പന്തലിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും പരസ്പരം പോര്‍വിളിയും കല്ലേറും നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നിരവധി പൊലിസുകാര്‍ക്കു പരുക്കേറ്റു. ഇതിനെ തുടര്‍ന്ന് പൊലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടെ ബി.ജെ.പി നടത്തുന്ന സമരപ്പന്തലില്‍ നിരാഹാരമിരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ശോഭാ സുരേന്ദ്രന്‍ മൈക്കിലൂടെ അക്രമത്തിന് ആഹ്വാനം നല്‍കികൊണ്ടിരുന്നു. പൊലിസ് വീണ്ടും ജല പീരങ്കി പ്രയോഗിച്ചെങ്കിലും ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും പിരിഞ്ഞു പോകാന്‍ തയാറായില്ല. തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശ് സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയാണ് പ്രതിഷേധത്തിന് അയവു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."