വനിതാ മതിലിനിടെ സംഘര്‍ഷം: ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകരായ അഞ്ഞൂറിലേറെ പേര്‍ക്കെതിരേ കേസെടുത്തു
ബേക്കല്‍: വനിതാ മതിലിനിടെ പള്ളിക്കര ചേറ്റുക്കുണ്ടില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഇന്നലെ ഏഴു കേസുകളാണ് ബേക്കല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തത്. പൊലിസിന്റെ കൃത്യ നിര്‍വഹണത്തിന് തടസം വരുത്തുകയും വാഹനം നശിപ്പിച്ചതിനും അനുമതിയില്ലാതെ ആളുകള്‍ തടിച്ചു കൂടിയതിനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ മൂന്ന് കേസുകള്‍ പൊലിസ് സ്വമേധയാ എടുക്കുകയായിരുന്നു. കണ്ടാലറിയാവുന്ന അഞ്ഞൂറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസ് എടുത്തതായി ബേക്കല്‍ പൊലിസ് പറഞ്ഞു. ഇതിനു പുറമെ ചേറ്റുകുണ്ടിലെ മുത്തപ്പന്‍ ഹോട്ടല്‍ നശിപ്പിച്ച സംഭവത്തില്‍ ഇരുപതോളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.
സി.പി.എം നേതാവിനു മര്‍ദനമേറ്റ സംഭവത്തില്‍ മറ്റൊരു കേസും മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതിന് ഒരു കേസും വാഹനങ്ങള്‍ തകര്‍ത്തതിന് മറ്റൊരു കേസും എടുത്തിട്ടുണ്ട്. ആറു കേസുകളില്‍ അഞ്ഞൂറോളം ബി.ജെ.പി പ്രവര്‍ത്തകരും ഒരു കേസില്‍ 20 ഓളം സി.പി.എം പ്രവര്‍ത്തകരുമാണ് പ്രതികളെന്ന് ബേക്കല്‍ പൊലിസ് പറഞ്ഞു. വനിതാ മതിലിനെത്തിയ ആളുകളെ വാഹനത്തില്‍നിന്നു പള്ളിക്കര ചേറ്റുകുണ്ടില്‍ ഇറങ്ങുന്നത് തടയാന്‍ ശ്രമിച്ചതോടെയാണ് പ്രദേശത്ത് കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായത്. പാതക്ക് സമീപത്തെ പുല്‍ക്കാടിനു തീയിട്ടതോടെ പ്രദേശം പുകപടലത്തില്‍ മുങ്ങുകയും ആളുകള്‍ക്ക് അവിടെ നില്‍ക്കാന്‍ സാധിക്കാതെ വരികയുമായിരുന്നു.
സംഭവറിഞ്ഞ് പ്രദേശത്ത് കൂടുതല്‍ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയതോടെ ബി.ജെ.പി പ്രവര്‍ത്തകരും സംഘടിക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ തകര്‍ക്കുകയും മറ്റും ഉണ്ടായതോടെവാഹനങ്ങള്‍ മറ്റു വഴികളില്‍ കൂടി പൊലിസ് കടത്തി വിടുകയായിരുന്നു. മണിക്കൂറുകളോളം ഇരുപാര്‍ട്ടിക്കാരും തടിച്ചു കൂടിയതോടെ പൊലിസ് ഗ്രനേഡ് ഉപയോഗിച്ചെങ്കിലും ആളുകള്‍ പിരിഞ്ഞു പോയില്ല.
ഇതേ തുടര്‍ന്ന് പൊലിസ് ആകാശത്തേക്ക് വെടി വച്ചാണ് പൊലിസ് വൈകുന്നേരം ആറോടെ ഇരുവിഭാഗം പ്രവര്‍ത്തകരെയും ഓടിച്ചത്. ചേറ്റുക്കുണ്ടില്‍ സംഘര്‍ഷമുണ്ടായതോടെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി പാതയില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ വനിതാ മതില്‍ സ്ഥാപിക്കാനായില്ല. സംഘര്‍ഷത്തിനിടെ പ്രദേശത്ത് വാഹനങ്ങളും മറ്റും തകര്‍ക്കുകയും വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തിരുന്നു. പൊലിസ് സേനയിലെ മൂന്നുപേര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കും സംഘര്‍ഷത്തിനിടെ പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."