ചെറിയാന്‍ ഫിലിപ്പിന് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതല നല്‍കും നികേഷ് കുമാര്‍ കെ.ടി.ഡി.സി ചെയര്‍മാനാകും
തിരുവനന്തപുരം: അഴീക്കോട് നിയോജകമണ്ഡലത്തില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട നികേഷ്‌കുമാറിനെ വിനോദ സഞ്ചാര വികസന കോര്‍പറേഷന്റെ (കെ.ടി.ഡി.സി) ചെയര്‍മാനായി സി.പി.എം പരിഗണിയ്ക്കുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മാധ്യമപ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുപോകില്ലെന്ന നിലപാടിലാണ് നികേഷ്‌കുമാര്‍. ഇപ്പോള്‍ നികേഷ് പാര്‍ട്ടിയുടെ എല്ലാ പൊതുപരിപാടികളിലും നിറസാന്നിധ്യമാണ്. കഴിഞ്ഞ പ്രാവശ്യം കണ്ണൂരിലെത്തിയ പിണറായി വിജയന്‍ പ്രധാനസ്ഥാനം നല്‍കുമെന്ന സൂചനയും നല്‍കിക്കഴിഞ്ഞു. ഇതിനിടയില്‍ കൈരളിയുടെ തലപ്പത്ത് കൊണ്ടുവരാനുള്ള ശ്രമം നടന്നുവെങ്കിലും അതില്‍ നികേഷിന് താല്‍പര്യമില്ല എന്നു പറഞ്ഞതായി അറിയുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടി കെ.ടി.ഡി.സിയില്‍ പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് വിട്ടു സി.പി.എമ്മിന്റെ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പായിരുന്നു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.ടി.ഡി.സി ചെയര്‍മാന്‍. അദ്ദേഹത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സീറ്റു നല്‍കിയിരുന്നില്ല. എന്നാല്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഇക്കുറി ഇദ്ദേഹത്തെ പരിഗണിക്കുന്നില്ല. പകരം എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതല നല്‍കും. ഇതിന്റെ ചുമതലയുണ്ടായിരുന്നവരായ തോമസ് ഐസക് മന്ത്രിയും ദിനേശന്‍ പുത്തലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി പോയതിനെ തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരനാകുന്നത്. ഇപ്പോള്‍ കൈരളിയിലെ ന്യൂസ് കണ്‍സല്‍ട്ടിങ് ജോലി രാജിവച്ച് എ.കെ.ജി സെന്ററില്‍ തന്നെയാണ് ചെറിയാന്‍ ഫിലിപ്പ്.
സി.പി.എമ്മിന്റെ നയസമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതലക്കാരനായി പാര്‍ട്ടി ചെറിയാന്‍ ഫിലിപ്പിനെ പരിഗണിക്കുന്നത് പിണറായി വിജയന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."