അടച്ചുറപ്പുള്ള വീടില്ല; കുങ്കിയും വെളുക്കനും കൈനീട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍
പുല്‍പ്പള്ളി: ഇനി എപ്പഴാ, മരിച്ചുകഴിഞ്ഞാണോ വീടു തരുന്നേ..? പുല്‍പ്പള്ളി പഞ്ചായത്തിലെ കാപ്പിക്കുന്നു താഴെകാപ്പ് പണിയ കോളനിയിലെ വെളുക്കന്റെ ഭാര്യ കുങ്കിയുടേതാണ് ചോദ്യം. വാസയോഗ്യമായ വീടിനുവേണ്ടി വര്‍ഷങ്ങളായി നടത്തുന്ന പ്രയത്‌നം സഫലമാകാത്തതിലുള്ള വേദനയിയിലും അമര്‍ഷത്തിലുമാണ് കുങ്കിയുടെ ചോദ്യത്തിന്റെ വേര്. മധ്യവയസ് പിന്നിട്ട ആദിവാസി ദമ്പതികളാണ് വെളുക്കനും കുങ്കിയും.
വെളുക്കന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടമായിരിക്കയാണ്. കൂലിപ്പണിക്കു പോകാന്‍ കഴിയില്ല. മക്കള്‍ ഉണ്ടെങ്കിലും മറ്റിടങ്ങളിലാണ് താമസം. കുങ്കിയുടെ അധ്വാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. പ്ലാസ്റ്റിക് ഷീറ്റ് പുതച്ചതും ഭിത്തികള്‍ ഇല്ലാത്തതുമായ ഷെഡിലാണ് വര്‍ഷങ്ങളായി വെളുക്കനും കുങ്കിയും താമസം. സര്‍ക്കാര്‍ സഹായത്തോടെ പതിറ്റാണ്ടുകള്‍ മുന്‍പ് നിര്‍മിച്ച വീട് കാലപ്പഴക്കംമൂലം നിലം പൊത്തിയപ്പോഴാണ് തട്ടിക്കൂട്ടിയ ഷെഡില്‍ ദമ്പതികള്‍ താമസമാക്കിയത്. ഇതിനു പിന്നാലെ തുടങ്ങിയതാണ് പുതിയ വീടിനുള്ള ശ്രമം. താഴെക്കാപ്പ് കോളനിയില്‍ വാസയോഗ്യമായ വീടില്ലാത്ത ഏതാനും കുടുംബങ്ങളില്‍ ഒന്നാണ് കുങ്കിയുടേത്.പുതിയ വീട് അനുവദിക്കണമെന്ന ആവശ്യം ഊരുകൂട്ടവും ഗ്രാമസഭയും അംഗീകരിച്ചതാണെന്നു കുങ്കി പറയുന്നു.പഞ്ചായത്തില്‍ അപേക്ഷയും വച്ചതാണ്. എങ്കിലും പഞ്ചായത്തിലെ പട്ടികവര്‍ഗ ഭവന പദ്ധതി ഗുണഭോക്താക്കളുടെ പട്ടികയില്‍ കുങ്കിയുടെ പേരില്ല. പുരയുടെ കാര്യം പഞ്ചായത്ത് മെമ്പറോടു തിരക്കുമ്പോള്‍ പാസായി വരട്ടെ എന്നാണ് പല്ലവി. പിന്നെങ്ങനെ കുങ്കി ചോദിക്കാതിരിക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."