മാതാപിതാക്കള്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും കുട്ടികള്‍ ഡിറ്റന്‍ഷന്‍ ക്യാംപില്‍ എത്തും
ന്യൂഡല്‍ഹി: അസം പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായ കുഞ്ഞുഞ്ഞളെ ഡിറ്റന്‍ഷന്‍ ക്യാംപിലയക്കരുതെന്ന് സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട്് സുപ്രിംകോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ, ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്. മാതാപിതാക്കള്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും അതില്‍ നിന്ന് പുറത്തായ നിരവധി കുട്ടികള്‍ അസമിലുണ്ടെന്ന വിവരമാണ് ഒരു സന്നദ്ധ സംഘടന സുപ്രിംകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യഹരജിയില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. ഈ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ഡിറ്റന്‍ഷന്‍ ക്യാംപുകളിലേക്ക് അയക്കുന്നതിനെതിരെയുള്ള ഹരജിയാണ് സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിച്ചത്.
കുട്ടികളുടെ അച്ഛനും അമ്മയും പൗരത്വപ്പട്ടികയിലുണ്ട്. അതായത് പൗരന്‍മാരാണ്. അവരുടെ കുട്ടികള്‍ പൗരത്വപ്പട്ടികക്ക് പുറത്ത്. അതായത് പൗരന്‍മാരല്ല. ഇങ്ങനെ കുട്ടികള്‍ മാത്രം പുറത്താകുന്നതെന്നും ആരുടെ പിഴവാണെന്നുമുള്ള ചോദ്യത്തിന് ഉത്തരമായിട്ടില്ല. അതേ സമയം, പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായ മാതാപിതാക്കള്‍ പൗരന്‍മാരായുള്ള കുട്ടികളെ തല്‍ക്കാലം ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് അയക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രിംകോടതിയില്‍ ഉറപ്പു നല്‍കി. ഈ ഉറപ്പ് കേന്ദ്രത്തിന് നോട്ടീസ് അയച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രിംകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍ എന്താകുമെന്ന് വ്യക്തമല്ല. അതോടൊപ്പം മാതാപിതാക്കള്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താകുകയും അവരുടെ കുഞ്ഞുങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്ത സംഭവങ്ങളും അസമിലുണ്ട്. പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും ഈ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ക്ക് ഡിറ്റന്‍ഷന്‍ ക്യാംപില്‍ പോകേണ്ടി വരും. ഇവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമല്ല.
അതിനിടെ, പുതിയ പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ ഹിതേഷ് ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമര്‍ശങ്ങളുള്ള പോസ്റ്റുകളിട്ടത് സംബന്ധിച്ച ഹരജിയും സുപ്രിംകോടതി പരിഗണിച്ചു. ശര്‍മ്മയോട് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. പ്രദീഖ് ഹജേലക്ക് പകരം വന്നയാളാണ് ശര്‍മ്മ. പൗരത്വപ്പട്ടിക പൂര്‍ത്തിയായതിനാല്‍ പുതിയ പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ക്ക് കാര്യമായ റോളൊന്നുമില്ലെന്ന് അസം സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മേത്ത പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ശര്‍മ്മ വിശദീകരണം നല്‍കിയെ പറ്റുകയുള്ളു എന്ന നിലപാടായിരുന്നു കോടതിയുടെത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."