ശബരിമലയിലെ യുവതീ പ്രവേശനം; പ്രതിഷേധം അക്രമാസക്തമായി
കോഴിക്കോട്: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വഴി തടയലും സംഘര്‍ഷാവസ്ഥയുമുണ്ടായി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
ഈ സമയം ഇതുവഴി വന്ന ഒരു വാഹനത്തെപ്പോലും പ്രതിഷേധക്കാര്‍ കടത്തിവിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പാളയത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മിഷണര്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ പൊലിസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമായി. തുടര്‍ന്ന് മാനാഞ്ചിറയില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് പ്രതിഷേധക്കാര്‍ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കടകംപള്ളി സുരേന്ദ്രനെതിരേയും പൊലിസിനെതിരേയും മുദ്രാവാക്യം വിളിച്ചാണ് പ്രകടനം കടന്നുവന്നത്.
25ല്‍ താഴെ വരുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രകടനത്തിനും വഴി തടയലിനും നേതൃത്വം നല്‍കിയത്. 'ഹിന്ദുക്കളുടെ വോട്ടു വാങ്ങി ഹിന്ദുത്വത്തിനെതിരേ പോരിനു വന്നാല്‍ അക്കളി ഇക്കളി സൂക്ഷിച്ചോ' തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയെയും പൊലിസിനെയും രൂക്ഷമായ ഭാഷയിലും വിമര്‍ശിച്ചു. മണിക്കൂറുകളോളം പ്രതിഷേധം കണ്ടു നിന്ന പൊലിസ് റോഡില്‍ ഗതാഗതം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, സംസ്ഥാന സമിതി അംഗം എന്‍.പി മഞ്ജുഷ, ആര്‍. ബിനീഷ്, വി.പി വിനോദ്, ടി. സാരംഗി, പി.വി മോഹിത, ടി. രാഗി. ടി.ടി. സഞ്ജയ്, വി.വി. ധനേഷ്, ടി. നിധീഷ്, ടി. ലാലു, എം.സി. ഷാജു എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത പൊലിസ് നടപടിക്കെതിരേ കോഴിക്കോട് കസബ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും പൊലിസ് സ്റ്റേഷന്‍ ഗേറ്റ് ഉപരോധിക്കുകയും ചെയ്തു. പ്രവര്‍ത്തകരായ കെ. ജിതിന്‍, കെ.എം. ഷിഗിന്‍, ഹരിപ്രസാദ് രാജ, കെ. സജീഷ്, കെ. അനൂപ്, സി.പി. സജിത്ത് എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തുനീക്കി. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ.പി അരുണ്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഇ. സാലു അദ്ധ്യക്ഷനായി. പി. രാകേഷ്, ബബീഷ് ഉണ്ണികുളം, വിവേക് കുന്നത്ത്, വിഷ്ണു മോഹന്‍, അഗീഷ്, കെ. രോഹിത്ത്, കെ. നവജ്യോത് എന്നിവര്‍ നേതൃത്വം നല്‍കി.
കോണ്‍ഗ്രസ് എ.ഡി.ജി.പി ഓഫിസ് മാര്‍ച്ച് നടത്തി
കോഴിക്കോട്: ശബരിമലയില്‍ യുവതികളെ കയറ്റി വിശ്വാസികളെ മുറിവേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തരമേഖല എ.ഡി.ജി.പി ഓഫിസിലേക്ക് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി സംസാരിച്ചു. ഡി.സി.സി ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എ.ഡി.ജി.പി ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇരുപത് മിനുട്ടോളം റോഡ് ഉപരോധിക്കുകയും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു.
പൊലിസ് പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് അല്‍പനേരം സംഘര്‍ഷാവസ്ഥയുണ്ടായി. ടി. സിദ്ദീഖ് ഉള്‍പ്പെടെ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവ് പുഷ്പലതയ്ക്കു നേരെ പൊലിസ് നടത്തിയ കൈയേറ്റ ശ്രമം വീണ്ടും സംഘര്‍ഷത്തിന് ഇടയാക്കി. കുറ്റക്കാരനായ പൊലിസുകാരനെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.
പ്രകടനത്തിന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ. പി.എം നിയാസ്, കെ.പി ബാബു, ഡി.സി.സി ഭാരവാഹികളായ പി.വി ബിനീഷ് കുമാര്‍, വി. സമീജ്, ഷെറില്‍ ബാബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി ജിതേഷ്, പി.പി നൗഷീര്‍, പി.ടി ജനാര്‍ദ്ദനന്‍, പുഷ്പലത, കൃഷ്ണവേണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പൊലിസ് സ്റ്റേഷനില്‍ കരിങ്കൊടി കെട്ടി
ഫറോക്ക്: ശബരിമലയില്‍ വനിതകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ചു നല്ലളം പൊലിസ് സ്റ്റേഷന്റെ ഗെയിറ്റില്‍ കരിങ്കൊടി കെട്ടി പ്രതിഷേധക്കാര്‍. ഇന്നു രാവിലെ 11നാണ് സംഭവം. പൊലിസുകാരുടെ കണ്ണ് വെട്ടിച്ചാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കെട്ടിയത്. ഇതു കണ്ടയുടന്‍ പൊലിസുകാര്‍ അഴിച്ചുമാറ്റി.
ദേശീയപാത ചേളാരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നു ദീര്‍ഘദൂര ബസുകള്‍ പൊലിസ് ഇടപെട്ടു രാമനാട്ടുകര നിസരി ജങ്ഷനില്‍ പിടിച്ചിട്ടു. ഒരു മണിക്കൂറിലധികം ബസുകള്‍ പിടിച്ചിട്ടത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ഒലിപ്രംകടവ് വഴി തീരദേശ പാതയിലൂടെയാണ് ബസുകള്‍ പോയത്. ചെറുവണ്ണൂര്‍ സ്രമ്പ്യക്കു സമീപം ദേശീയപാതയില്‍ പ്രതിഷേധക്കാര്‍ തീയിട്ടു. വൈകിട്ട് ആറരയോടെയാണ് സംഭവം. ഇതു വഴി വന്ന വാഹന യാത്രികരാണ് റോഡിലെ തീ അണച്ചത്.
പയ്യോളിയില്‍ പ്രകടനത്തില്‍ സംഘര്‍ഷം
പയ്യോളി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് പയ്യോളി ടൗണില്‍ നടന്ന ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ സംഘര്‍ഷം. പ്രകടനം ബസ് സ്റ്റാന്‍ഡിനടുത്ത് എത്തിയതോടെ പ്രവര്‍ത്തകര്‍, വനിതാ മതിലിന് വേണ്ടി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കിയതോടെ വലിയൊരു സംഘര്‍ഷം ഒഴിവായി.കെ.എം ശ്രീധരന്‍, എസ്.കെ നാരായണന്‍, വി. സുരേഷ്, സി.പി രവീന്ദ്രന്‍, പ്രശാന്തി പ്രഭാകരന്‍, വി. പ്രണവ്, കെ. ശരത്, വി.പി ജിഷ്ണു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."