നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 രാവിലെ ഏഴ് മണിക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 2012ലെ നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. രാവിലെ ഏഴിനു തിഹാര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക.
അക്ഷയ് താക്കൂര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ്പാക്കുക. കേസിലെ മറ്റൊരു പ്രതി നേരത്തെ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. കേസിലെ നാലു പ്രതികളുടെയും പുനഃപരിശോധനാ ഹരജി നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു.
തുടര്‍ന്നു പ്രതികള്‍ക്കു ശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച് നോട്ടിസ് നല്‍കിയെങ്കിലും തങ്ങള്‍ തിരുത്തല്‍ ഹരജിയും അതു തള്ളിയാല്‍ രാഷ്ട്രപതിക്കു ദയാ ഹരജിയും നല്‍കുമെന്നും അതിന് അവകാശമുണ്ടെന്നും പ്രതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രതി, സംഭവ സമയത്തു തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു ചൂണ്ടിക്കാണിച്ചും ഹരജി നല്‍കി. എന്നാല്‍, ഇതു തള്ളിയ കോടതി വ്യാജ രേഖകള്‍ ഹാജരാക്കിയതിനു പ്രതിയുടെ അഭിഭാഷകന് പിഴ വിധിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഇതുവരെ തിരുത്തല്‍ ഹരജിയും ദയാ ഹരജിയും സമര്‍പ്പിച്ചിരുന്നില്ല. എന്നാല്‍, പ്രതികള്‍ക്ക് ഇനിയും നിയമപരമായി നീങ്ങാനുള്ള അവകാശം വകവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കേസിലെ ഇരയുടെ മാതാപിതാക്കളുടെ ഹരജിയിലാണ് കോടതിയുടെ ഇന്നത്തെ ഉത്തരവ്. പ്രതികളെ എത്രയും പെട്ടെന്നു തൂക്കിലേറ്റണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് മറ്റ് നിയമനടപടികളൊന്നും മറ്റു കോടതികളിലോ രാഷ്ട്രപതിക്കു മുന്നിലോ ഇല്ലെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് പ്രതികള്‍ തിരുത്തല്‍ ഹരജിയും ദയാ ഹരജിയും നല്‍കുമെന്നു വ്യക്തമാക്കിയിരുന്നതോടെയാണ് കോടതി ഈ കേസിലെ വിധി ഇന്നത്തേയ്ക്കു മാറ്റിയിരുന്നത്.
പ്രതികള്‍ക്കു മരണവാറന്‍ഡ് പുറപ്പെടുവിച്ച കോടതി വിധിക്കു ശേഷം, കോടതിയോടും നിയമ വ്യവസ്ഥയോടുമുള്ള വിശ്വാസം കൂടിയെന്നാണ് ഇരയുടെ മാതാവ് പ്രതികരിച്ചത്. 2012 ഡിസംബര്‍ 16ന് അര്‍ധരാത്രി ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."