പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയും തിളങ്ങണം
ഒരു ഇടവേളക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രായജ്ഞം ആരംഭിച്ചിരിക്കുകയാണ്. മോദിയുടെ വിദേശസന്ദര്‍ശനങ്ങളെ പരാമര്‍ശിച്ച് ഇതിനകം പലവിധ കമന്റുകളാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. അതൊന്നും പ്രധാനമന്ത്രിയെ സ്പര്‍ശിച്ചിട്ടില്ലെന്നുവേണം കരുതാന്‍.
കുട്ടിയായിരിക്കുമ്പോള്‍ ടൂര്‍ പോകാന്‍ സമ്മതിക്കാത്ത രക്ഷിതാക്കളോട് അരിശം തീര്‍ക്കാനാണ് അദ്ദേഹം ഇടയ്ക്കിടെ വിദേശയാത്ര നടത്തുന്നതെന്നുവരെ സോഷ്യല്‍ മീഡിയയില്‍ വന്നതാണ്. രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണു പ്രധാനമന്ത്രി വിദേശയാത്രാവേളകള്‍ ഉപയോഗിക്കുന്നതെന്നുംവരെ വിമര്‍ശനം വന്നുകഴിഞ്ഞു.
ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പഞ്ചരാഷ്ട്രസന്ദര്‍ശനത്തില്‍ ശ്രദ്ധേയമായത് യു.എസ് സന്ദര്‍ശനമാണ്. ഏഷ്യയുടെ മൊത്തം സുരക്ഷയ്ക്ക് ഇന്ത്യ യു.എസിനോടൊപ്പം നില്‍ക്കുമെന്നും ഇന്ത്യന്‍ മഹാസമുദ്രം സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യ ഏറ്റെടുക്കുന്നുവെന്നും യു.എസ് സംയുക്തകോണ്‍ഗ്രസിനെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. യു.എസ് സംയുക്തകോണ്‍ഗ്രസിനെ അഭിമുഖീകരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ തീര്‍ച്ചയായും നരേന്ദ്രമോദിക്ക് അഭിമാനിക്കാം. നാലാമത്തെ യു.എസ് സന്ദര്‍ശന വേളയില്‍ ഇത്തരം ഒരു ചരിത്ര മുഹൂര്‍ത്തത്തിന് നിമിത്തമാകുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.
രണ്ടുവര്‍ഷത്തെ ഭരണത്തിനിടയില്‍ പത്താമത്തെ തവണയാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. മാത്രവുമല്ല, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി പല രാജ്യങ്ങളിലും നിരവധി തവണ നരേന്ദ്രമോദിക്ക് സംവദിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഒരു കൂടി കാഴ്ചകളെ തുടര്‍ന്ന് ഇരു രാഷ്ട്ര നേതാക്കള്‍ക്കും ഊഷ്മളമായൊരു ബന്ധം സൃഷ്ടിക്കാന്‍ ആയിട്ടുണ്ട്. പക്ഷേ രാഷ്ട്ര തലവന്മാരുമായുള്ള ചങ്ങാത്തവും സ്‌നേഹ ബന്ധങ്ങളും അവരവരുടെ നാടിന്റെ ക്ഷേമ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുംവേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പ്രധാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്ക് കാര്യമായ സാമ്പത്തിക, സാംസ്‌കാരിക സഹകരണം അന്യ രാജ്യങ്ങളുമായി ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ. തന്നെയുമല്ല. പ്രധാനമന്ത്രിയുടെ പല വിദേശ രാജ്യ സന്ദര്‍ശനങ്ങളേയും ശിവസേന നഖശിഘാന്തം എതിര്‍ക്കുകയോ പരിഹസിക്കുകയോ ചെയ്തിട്ടുമുണ്ട്. ഇപ്പോഴത്തെ യു.എസ് സന്ദര്‍ശനവും ശിവസേനയുടെ മുഖപത്രമായ സാംനയുടെ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. തന്റെ സന്ദര്‍ശനങ്ങള്‍ക്കിടെ ഇന്ത്യയിലെ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രി വാചാലമാകുന്നത് ശിവസേനക്ക് രുചിക്കുന്നില്ല. അഴിമതി തുടച്ചുനീക്കുവാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ പ്രതിവര്‍ഷം 36,000 കോടി രൂപയാണ് ചോര്‍ന്ന് പോകുന്നതെന്നും തന്റെ വിദേശ രാജ്യ യാത്രാവേളയില്‍ അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. സ്വന്തം നാട്ടിലെ അഴിമതികളെ കുറിച്ച് അന്യനാട്ടില്‍ പോയി പറയുന്നത് നല്ല കീഴ് വഴക്കമല്ല.
സ്വന്തം പല്ലിട കുത്തി അന്യനെ മണപ്പിക്കുക എന്ന ചൊല്ലാണ് ഇതുവഴി പ്രധാനമന്ത്രി ഓര്‍മിപ്പിച്ചത്. ഇന്ത്യയിലെ അഴിമതിക്കെതിരേ പോരാടുന്നതുകൊണ്ട് തനിക്ക് പല പ്രയാസങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം അന്യരാജ്യത്ത് പോയി പറയേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. പ്രതിച്ഛായ പരിപോഷണത്തിനും ശ്രോതാക്കളുടെ കയ്യടിക്കും വേണ്ടിയാണ് ഇങ്ങനെ പ്രസംഗിക്കുന്നതെങ്കില്‍ അത് രാജ്യത്തിന് നാണക്കേടാണ് വരുത്തിത്തീര്‍ക്കുക. അഴിമതിയുടെ പേരില്‍ ഗാന്ധികുടുംബത്തെ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന അഴിമതികളെ കുറിച്ച് എന്ത് കൊണ്ട് പറയുന്നില്ലെന്ന് സാംന ചോദിക്കുന്നു. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ ശിവസേന തന്നെ അവരുടെ സഖ്യകക്ഷിയുടെ നേതാവിനെതിരേ തിരിയുമ്പോള്‍ അതിന്റെ ഗൗരവം പ്രധാനമന്ത്രി ഉള്‍ക്കൊള്ളുമെന്ന് കരുതാം. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണനാളുകളുടെ അവസാനഘട്ടത്തില്‍ ചില ആനുകൂല്യങ്ങളില്‍ ഉറപ്പുവാങ്ങാന്‍ കഴിഞ്ഞുവെന്നത് നല്ലകാര്യം.
മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംഘത്തില്‍ അംഗത്വം കരസ്ഥമാക്കുവാന്‍ യു.എസിന്റെ പിന്തുണ നേടിയെടുക്കുന്നതില്‍ പ്രധാനമന്ത്രി വിജയിച്ചിട്ടുണ്ട്. മിസൈല്‍ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് അമേരിക്കയുടെ പിന്തുണ ഏറെ സഹായകരമാകും. അതേസമയം എന്‍.എസ്.ജി(ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ്) അതായത് ആണവ വിതരണ സംഘത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ സഹായം കിട്ടയതു കൊണ്ടുമാത്രം അംഗമാവാന്‍ കഴിയില്ല. ചൈനയുടെ കൂടി സഹായം ലഭിക്കേണ്ടതുണ്ട്. ഇതു പക്ഷേ അടുത്തൊന്നും കരഗതമാകുന്ന ലക്ഷണമില്ല. ആണവ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന രാജ്യാന്തര സംഘടനയില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നില്ലെങ്കില്‍ 2008 ല്‍ അമേരിക്കയുമായി ഒപ്പുവെച്ച ആണവ കരാര്‍ കൊണ്ട് യാതൊരു പ്രയോജനവും കിട്ടാന്‍ പോകുന്നില്ല. ചൈനയെ നമ്മുടെ മുഖ്യശത്രുവാക്കി മാറ്റുന്നതില്‍ ഇന്ത്യയുടെ അതിരുവിട്ട അമേരിക്കന്‍ വിധേയത്വം കാരണമായിട്ടുണ്ട്.
ഇന്ത്യക്കുള്ള യു.എസ് ആയുധ വില്‍പന ഇപ്പോള്‍ 1400 കോടിയില്‍ എത്തിയിരിക്കുന്നത് ചൈനയെ സ്വാഭാവികമായും പ്രകോപിപ്പിക്കുന്നതാണ്. പത്തുവര്‍ഷം മുമ്പ് ഇതിന്റെ പത്തിലൊന്ന് ഭാഗം പോലും ഇന്ത്യ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങാന്‍ ചെലവാക്കിയിരുന്നില്ല. സൈനിക സൗകര്യങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിന് യു.എസുമായി ഇന്ത്യ ഉണ്ടാക്കിയ കരാര്‍ ചൈനയെ തെല്ലൊന്നുമല്ല അലോരസരപ്പെടുത്തുന്നത്. ഈ കരാര്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ തന്നെ ഇന്ത്യയിലെ പ്രബല രാഷ്ടീയ കക്ഷികളെല്ലാം അപലപിച്ചിരുന്നു. കാലന്തരത്തില്‍ ഇന്ത്യ അമേരിക്കയുടെ സൈനിക താവളമായി അധ:പതിക്കുന്നതിലേ ഈ കരാര്‍ കലാശിക്കുവെന്ന് ഇന്ത്യയിലെ രാജ്യതന്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടതുമാണ്. ഇന്ത്യയില്‍ സൈനിക താവളം ഉണ്ടാക്കുന്നതിലൂടെ ചൈനയുടെ വിരോധമാണ് ഇന്ത്യ ഏറ്റുവാങ്ങുക. വിദേശ നയത്തില്‍ നാം പുലര്‍ത്തിപ്പോന്ന ചേരിചേര നയത്തിന്റെ വ്യതിചലനം കൂടിയാണിത്. വിദേശ രാജ്യ സന്ദര്‍ശനങ്ങളിലൊക്കെയും പ്രധാനമന്ത്രി നരേന്ദ്രമോദി തിളങ്ങുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ആ തിളക്കം ഇന്ത്യക്കും ഇന്ത്യന്‍ ജനതക്കുംകൂടി നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."