ഫൈനലിലെത്താന്‍ റയല്‍
ജിദ്ദ (സഊദി അറേബ്യ): അടിമുടി മാറിയ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് റയല്‍ മാഡ്രിഡും വലന്‍സിയയും ഇന്ന് സെമിയില്‍ ഏറ്റുമുട്ടും. ന്യൂട്രല്‍ മൈതാനമായ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയില്‍ രാത്രി 1.30നാണ് മത്സരം. ഇന്ത്യയില്‍ തത്സമയ സംപ്രേഷണം ഇല്ല.
കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് റയല്‍ ഇത്തവണ ഇറങ്ങുന്നത്. 2017ല്‍ ബാഴ്സയെ തകര്‍ത്ത് റയല്‍ കിരീടം ചൂടിയപ്പോള്‍ 2018ല്‍ ടീം ഫൈനല്‍ റൗണ്ട് കണ്ടില്ല. അന്ന് സെവിയ്യയെ കീഴ്പ്പെടുത്തി ബാഴ്സ കിരീടം സ്വന്തമാക്കി.
നേരത്തേ ഫൈനലിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചിരുന്ന കപ്പില്‍ ഇതാദ്യമായാണ് സെമി കൂടി ഉള്‍പ്പെടുത്തുന്നത്. ഇതോടെ രണ്ടില്‍നിന്ന് നാലു ടീമുകള്‍ പങ്കെടുക്കുമെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. തുടക്കത്തില്‍ ഒരു കളിയിലൂടെ മാത്രം ചാംപ്യന്മാരെ തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു ടൂര്‍ണമെന്റിനുണ്ടായിരുന്നത്. ഇതില്‍ സ്പാനിഷ് ചാംപ്യനും കോപ ഡെല്‍റേ ജേതാക്കളുമാണ് മാറ്റുരയ്ക്കാറ്.
എന്നാല്‍ പരുക്കാണ് സിദാന്പടയെ അലട്ടുന്നത്. നേരത്തേ പരുക്കേറ്റ അഞ്ച് പ്രധാന താരങ്ങള്‍ക്ക് പുറമേ, ടീമിന്റെ സൂപ്പര്‍ താരങ്ങളായ കരിം ബെന്‍സേമയും ഗാരെത് ബെയ്ലും കൂടി പരുക്കിന്റെ പിടിയിലായിരിക്കുന്നു. ഇവരില്ലാതെയാണ് ഇന്ന് റയല്‍ വലന്‍സിയയെ നേരിടുന്നത്. നേരത്തേ മാര്‍ക്കോ അസെന്‍സിയോ, ഇത്തവണ ടീമിലേക്ക് ചേക്കേറിയ ഏഡന്‍ ഹസാര്‍ഡ്, ലൂക്കാസ്, മാഴ്സലോാ, ജെയിംസ് റോഡ്രിഗസ് എന്നിവരേയായിരുന്നു പരുക്ക് പിടികൂടിയത്.
ബെന്‍സേമയുടെ പിന്തുടയ്ക്കാണ് പരുക്കേറ്റത്. ഇരുവരുമില്ലാതെയാണ് റയല്‍ ടീം സഊദിയിലേക്ക് പുറപ്പെട്ടത്. നിലവിലെ സീസണില്‍ റയലിന്റെ ടോപ് സ്കോററില്ലാതെ റയല്‍ ബൂട്ട് കെട്ടുമ്പോള്‍ താരത്തിന്റെ അസാന്നിധ്യം ടീം നന്നായി അറിയും. സീസണില്‍ 16 ഗോളുകളുമായാണ് റയലിലെ ഗോള്‍ സ്കോറര്‍മാരില്‍ താരം ഒന്നാമതെത്തിയത്.
വലന്‍സിയന്‍ നിരയില്‍ പോര്‍ച്ചുഗല്‍ മുന്നേറ്റതാരം ഗോണ്‍സാലോ ഗ്വീഡസും ഇറ്റാലിയന്‍ പ്രതിരോധ താരം ക്രിസ്റ്റ്യാനോ പിച്ചിനിയും കളിക്കില്ല.
നിലവില്‍ സ്പാനിഷ് ലീഗില്‍ മികച്ച കളി പുറത്തെടുക്കുന്ന റയലിനാണ് ഇന്ന് വിജയസാധ്യത. അവസാന മത്സരത്തില്‍ ഗറ്റാഫെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അവര്‍ വീറ് അറിയിച്ചതാണ്. ലീഗ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്സയ്ക്കൊപ്പം അവര്‍ 40 പോയിന്റുമായി വെല്ലുവിളി ഉയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."