പൗരത്വം: ബി.ജെ.പിയുടെ കുപ്രചാരണങ്ങളെ കരുതിയിരിക്കുക
അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ കുട്ടികളെ തടങ്കല്‍ പാളയത്തില്‍ അടയ്ക്കുന്നതിനെതിരേയുള്ള ഹരജിയില്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. പൗരത്വ പട്ടികയില്‍ നിന്ന് നിരവധി കുട്ടികള്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ അവരുടെ മാതാപിതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഇവരെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തി തടങ്കല്‍ പാളയത്തില്‍ അയക്കുന്നതിനെതിരേയായിരുന്നു ഹരജി. രേഖകളുള്ളവര്‍ ഭയക്കേണ്ടതില്ല, ആരെയും പുറത്താക്കുകയില്ല എന്ന ഉറപ്പുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കാംപയിനുമായി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് അസമില്‍നിന്ന് ഇത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.
പൗരന്മാരായ മാതാപിതാക്കളുടെ മക്കള്‍ക്കെങ്ങനെ പൗരത്വം നിഷേധിക്കപ്പെട്ടുവെന്ന വലിയ ചോദ്യത്തിലുണ്ട് പൗരത്വപ്പട്ടികയെ സംബന്ധിച്ചുയരുന്ന മുഴുവന്‍ ആശങ്കകളും. രേഖകളുണ്ടായിട്ടും നിസ്സാരമായ അക്ഷരപ്പിശകുകള്‍ കാരണം പുറത്താക്കപ്പെട്ട പതിനായിരക്കണക്കിന് മനുഷ്യരുടെ വിധി നിര്‍ണയിച്ചതും ഇതുപോലെയുള്ള അപാകതകളാണ്. അവരുടെ വീടുകള്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ നിരപ്പാക്കിത്തുടങ്ങിയ വാര്‍ത്തകളും വരുന്നു. അസമില്‍ സംഭവിച്ചത് പോലെ ഇന്ത്യയൊട്ടാകെ സംഭവിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അപ്പോഴാണ് ഒന്നും സംഭവിക്കില്ലെന്ന പ്രചാരണവുമായി ബി.ജെ.പിക്കാര്‍ വീടുകള്‍ കയറിയിറങ്ങുന്നത്. അസമില്‍ സംഭവിച്ചിട്ടുള്ള അപാകതകള്‍ക്ക് ഇതുവരെയും തെല്ലും മറുപടി നല്‍കാന്‍ കഴിയാത്തവരാണ് നിറ ചിരിയുമായി കാമറയും തൂക്കി നമുക്ക് മുന്നിലെത്തുന്നത്.
മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലിയുടെ കുടുംബവും കാര്‍ഗില്‍ യുദ്ധ വീരന്‍ റിട്ട. പട്ടാളക്കാരന്‍ സനാഉല്ലയും പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ മാത്രം. ഇന്ത്യ മഹാരാജ്യത്തിന്റെ മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തിനും മൂന്നു പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച പട്ടാളക്കാരനും ലഭിക്കാത്ത എന്ത് ഉറപ്പാണ് ഇന്ത്യയിലെ സാധാരണക്കാരായ മുസ്‌ലിം പൗരന്മാര്‍ക്കിവര്‍ നല്‍കാന്‍ പോവുന്നത്. ഒന്നുമില്ല. തല്‍ക്കാലം തെരുവുകളിലെ പ്രക്ഷോഭങ്ങള്‍ ഒന്നടക്കി നിര്‍ത്തുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതി(ഇഅഅ) വഴി ഒരു പൗരനും പുറത്താക്കപ്പെടില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണം. സാങ്കേതികമായി ഇത് ശരിയാണ്. കാരണം സി.എ.എ ആരെയും പുറത്താക്കാനുള്ള നിയമമല്ല. ആരൊക്കെ അകത്തുണ്ടാവണം എന്ന് തീരുമാനിക്കുന്ന നിയമമാണ്. ദേശീയ പൗരത്വപ്പട്ടിക വഴിയാണ് പുറത്താക്കപ്പെടുക. ആ പുറത്താക്കപ്പെടുന്നവരിലെ അമുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കുകയാണ് സി.എ.എ വഴി ചെയ്യുന്നത്. ചുരുക്കത്തില്‍ മലയാള ദിന പത്രങ്ങളില്‍ പോലും അച്ചടിച്ച് വന്ന കേന്ദ്ര സര്‍ക്കാര്‍ പരസ്യ വാചകത്തില്‍ പോലുമുണ്ട് വാക്കുകള്‍ കൊണ്ടുള്ള വഞ്ചന. ഈ പരസ്യവുമായി കോടതിയില്‍ പോയാല്‍ പോലും എന്‍.ആര്‍.സി വഴി പുറത്താക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ പൗരത്വം നഷ്ടപ്പെടുന്നത് തടയാന്‍ സാധിക്കില്ല. കാരണം എന്‍.ആര്‍.സി യെ കുറിച്ച് പരസ്യത്തിലെവിടെയും പറയുന്നില്ല. ഇതുതന്നെയാണ് ഗൃഹ സമ്പര്‍ക്കം വഴി പ്രാദേശിക നേതാക്കളും പറയാന്‍ പോവുന്നത്. രണ്ടും രണ്ടാണെങ്കിലും രണ്ടും പരസ്പരം ബന്ധമുള്ളവയാണ് എന്ന കാര്യവും തല്‍ക്കാലം സൗകര്യപൂര്‍വം മറച്ചു വെക്കുകയും ചെയ്യുന്നു. നോക്കണേ കുബുദ്ധി.
എന്‍.ആര്‍.സിയില്‍ നിന്ന് ആരെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടാല്‍ തന്നെ അതിന് പരിഹാര മാര്‍ഗങ്ങളുണ്ട് എന്നാണ് മറ്റൊരു പ്രചാരണം. വ്യക്തമായ രേഖകള്‍ സമര്‍പ്പിച്ചാല്‍ ട്രൈബ്യൂണല്‍ വഴിയോ കോടതികള്‍ മുഖാന്തരമോ പൗരത്വം സ്ഥാപിച്ചെടുക്കാമെന്നാണവര്‍ ഔദാര്യം പോലെ പറയുന്നത്. നിയമ പോരാട്ടങ്ങളുടെ ആദ്യ ഘട്ടത്തില്‍ മാത്രം ഓരോരുത്തര്‍ക്കും അരലക്ഷം രൂപ വരെ ചെലവ് വരുന്ന വലിയൊരു ബാധ്യതയാണിത്. താരതമ്യേന ചെറിയ സംസ്ഥാനമായ അസമില്‍ മാത്രം മൊത്തം 8000 കോടിയോളം രൂപയാണ് പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ ഇതുവരെയും ചെലവിട്ടിട്ടുള്ളത്. ദൈനംദിന ജീവിത ചെലവുകള്‍ക്ക് പോലും വകയില്ലാത്ത കോടാനുകോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ എത്ര പേര്‍ക്ക് ഈ വലിയ ബാധ്യത ഏറ്റെടുക്കാന്‍ കഴിയും.
ചെലവ് വഹിക്കാന്‍ കഴിയുന്നവര്‍ക്ക് തന്നെ നിയമ പോരാട്ടം വഴി പൗരത്വം തിരികെ ലഭിക്കുമെന്ന ഉറപ്പില്ല. നിയമ പോരാട്ടത്തിന് വകയില്ലാത്തവരുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിയമ പോരാട്ടത്തിലൂടെ നീതി ലഭിക്കുമെന്ന ഉറപ്പിന്റെ പിറകിലെ യാഥാര്‍ഥ്യം ഇപ്രകാരമാണ്. 102 വയസ്സുകാരനായ മുഹമ്മദ് അന്‍വര്‍ അലി എന്ന അസം പൗരനോട് ഒറ്റ ദിവസത്തിനുള്ളില്‍ 500 കിലോമീറ്ററിലധികം അകലെയുള്ള ട്രൈബ്യൂണലിലേക്ക് ഹാജരാവാന്‍ ഉത്തരവിട്ട ഏറെ വിചിത്രകരമായ പരാതി പരിഹാര സംവിധാനമാണ് കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്നു എന്നവകാശപ്പെടുന്ന ഈ പ്രക്രിയ. എത്രത്തോളം ബുദ്ധിമുട്ടിക്കാമോ, അത്രത്തോളം ബുദ്ധിമുട്ടിക്കാന്‍ തന്നെയാണ് ലക്ഷ്യം.
അതെല്ലാം അസമിലല്ലേ എന്ന മറുവാദം കൊണ്ടാണ് ഈ ചോദ്യങ്ങളെയെല്ലാം ബി.ജെ.പി നേരിടാന്‍ പോവുന്നത്. നിലവില്‍ എന്‍.ആര്‍.സി നടപ്പാക്കിയ സംസ്ഥാനമെന്ന നിലയ്ക്ക് അസമാണ് നമുക്ക് മുന്‍പിലുള്ള റഫറന്‍സ്. രേഖകളിലെ അക്ഷര പിഴവുകളും കുറവുകളും ഇന്ത്യയില്‍ അസമിന് മാത്രം ബാധകമായ ഒന്നല്ല. സാക്ഷര കേരളത്തില്‍ പോലും സ്ഥിതി ഇതില്‍ നിന്നൊട്ടും വ്യത്യസ്തമല്ല. സാധാരണ ഗതിയില്‍ തന്നെ പല തവണ കയറി ഇറങ്ങേണ്ട സര്‍ക്കാര്‍ ഒാഫിസുകളില്‍നിന്ന് നിശ്ചിത കാലാവധിക്കുള്ളില്‍ രേഖകള്‍ ശരിയാക്കിയെടുക്കുക അചിന്തനീയവുമാണ്.
ദേശീയ പൗരത്വ പട്ടിക ദേശീയതലത്തില്‍ നടപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് വിരുദ്ധമായി, ഇപ്പോഴതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്ന തരത്തിലുള്ള പിന്‍മാറ്റത്തിലുമുണ്ട് ഒരു ചതിയുടെ ധ്വനി. ഇപ്പോഴില്ല, എന്നാല്‍ ഭാവിയിലുമില്ല എന്നര്‍ഥമില്ല. തത്കാലം നടപ്പാക്കുന്നില്ല എന്നേ അര്‍ഥമുള്ളൂ. ഘട്ടം ഘട്ടമായി എന്‍.ആര്‍.സിയിലേക്ക് കടക്കാനുള്ള ഗൂഢ നീക്കമാണിതിന് പിന്നില്‍. ഒരു വലിയ കുന്നിനെ ജെ.സി.ബി കൊണ്ട് നിരത്തുന്നതിന് പകരം തൂമ്പ കൊണ്ട് പതിയെ പതിയെ ഇല്ലാതാക്കുന്നതുപോലെ.
വെല്ലുവിളിയുടെയും ആക്രോശത്തിന്റെയും രീതിയില്‍ നിന്ന് മാറി ഏറെ ലളിതവല്‍ക്കരിച്ചു കൊണ്ടാണ് ഈ നടപടികളെ സര്‍ക്കാരും ബി.ജെ.പിയും ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) തന്നെ. 2021 ലേക്കുള്ള സെന്‍സസ് വിവര ശേഖരണത്തോടൊപ്പം തന്നെ എന്‍.പി.ആര്‍ വിവര ശേഖരണവും നടത്താനാണ് കേന്ദ്ര നീക്കം. 8500 കോടി രൂപ അതിലേക്ക് കാബിനറ്റ് പാസാക്കിക്കഴിഞ്ഞു.
നേരത്തെ യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച ജനസംഖ്യാ രജിസ്റ്ററിന്റെ തുടര്‍ച്ച മാത്രമാണിതെന്നും അതിന് രേഖകള്‍ പോലും ആവശ്യമില്ലെന്നും പറഞ്ഞാണ് എന്‍.പി.ആറിനെ ലളിതവല്‍ക്കരിക്കുന്നത്. സത്യത്തില്‍ എന്‍.പി.ആറിന് രേഖകള്‍ ഒന്നും നല്‍കേണ്ടതില്ല എങ്കിലും യു.പി.എ നടപ്പാക്കിയ 15 ചോദ്യങ്ങള്‍ക്ക് പുറമേ 6 ചോദ്യങ്ങള്‍കൂടി അടങ്ങിയതാണ് പുതിയ എന്‍.പി.ആര്‍ ചോദ്യാവലി. മാതാപിതാക്കളുടെ പേരും ജനനസ്ഥലവും ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ ദുരുദ്ദേശപരമാണ്. എന്‍.പി.ആര്‍ വഴി അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയും സംശയമുള്ളവരെ പ്രത്യേകം അടയാളപ്പെടുത്താനുള്ള ചുമതല രജിസ്ട്രാര്‍ക്ക് നല്‍കുകയും ആ വിവരങ്ങള്‍ സംസ്ഥാന ദേശീയ പട്ടികകളിലേക്ക് റിമാര്‍ക്ക് സഹിതം കൈമാറുകയും ചെയ്യുന്നതോടെ ആദ്യ ഘട്ടം അവസാനിക്കുന്നു. ഈ റിമാര്‍ക്ക് ചെയ്യപ്പെട്ടവരോട് നിശ്ചിത കാലാവധിക്കുള്ളില്‍ തങ്ങളുടെ രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവ് വരുന്നതോടെ ദേശീയ ജനസംഖ്യാ പട്ടിക ദേശീയ പൗരത്വ പട്ടികയായി മാറുന്നു. എന്‍.പി.ആറില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പട്ടികയാണ് എന്‍.ആര്‍.സി എന്ന് ചുരുക്കം. ചില എന്‍.പി.ആര്‍ ഡാറ്റകള്‍ എന്‍.ആര്‍.സിക്ക് വേണ്ടി ഉപയോഗിച്ചേക്കാമെന്ന കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ഇതിന്റെ വ്യക്തമായ സൂചനയായാണ് അനുമാനിക്കപ്പെടുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി വിശദീകരിക്കുന്നത് പോലെയത്ര ലളിതമല്ല നടപടി ക്രമങ്ങള്‍.
അല്ലെങ്കില്‍ തന്നെ നാഴികയ്ക്ക് നാല്‍പ്പത് വട്ടം വാക്കു മാറ്റുന്ന പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ വാക്കുകളെ ജനങ്ങള്‍ക്കെങ്ങനെ മുഖ വിലയ്‌ക്കെടുക്കാന്‍ കഴിയും? ഇന്ത്യയില്‍ തടങ്കല്‍പ്പാളയങ്ങളില്ല എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് തൊട്ടു പുറകെ തടങ്കല്‍പ്പാളയങ്ങളുടെ വിശദാംശങ്ങള്‍ ഫോട്ടോ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നാം കണ്ടതാണ്. അതില്‍ നിന്നൊട്ടും വിഭിന്നമല്ല മറ്റു മുതിര്‍ന്ന നേതാക്കളും. എന്‍.ആര്‍.സി വിഷയത്തില്‍ തന്നെ ഇവര്‍ ഇതിനകം എത്ര മലക്കം മറിഞ്ഞു? നമ്മെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പ്രാദേശിക നേതാക്കളുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഒരിന്ത്യന്‍ മുസല്‍മാനും പുറത്തു പോവില്ല എന്നാണ് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ മുസല്‍മാന്‍ ആരാണെന്ന് തീരുമാനിക്കുന്നത് ഈ സംവിധാനമാണല്ലോ. പുറത്താക്കപ്പെട്ടവര്‍ സ്വാഭാവികമായുംഇന്ത്യന്‍ മുസല്‍മാനല്ലെന്ന മറ്റൊരു വാദവുമായി വരാനാണോ ഇവര്‍ക്ക് പ്രയാസം.
കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയ നീക്കങ്ങള്‍ക്കെതിരേ മത, ജാതി, രാഷ്ട്രീയ ഭേദമന്യെ വന്‍ പ്രതിരോധം ഉയര്‍ന്നുവന്നതാണ് ഈ വിവാദങ്ങളുടെ ഗുണ ഫലം. മതേതര ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെട്ടില്ലെന്നും അത്രയെളുപ്പം ഫാസിസത്തിന് കീഴ്‌പ്പെടുത്താന്‍ കഴിയാത്ത വിധം നാടിന്റെ അടിത്തറ ഭദ്രമാണെന്നും അവരെ ബോധ്യപ്പെടുത്തിയ ദിനരാത്രങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. ഏറിയാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം ഒതുങ്ങുമെന്ന് കരുതിയ പ്രതിഷേധം കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ജനങ്ങള്‍ ഏറ്റെടുത്തത് ബി.ജെ.പിയെ ഞെട്ടിച്ചു.
സമരങ്ങളുടെ കണ്ടു ശീലിച്ച പതിവുരീതികള്‍ക്ക് പകരം ഏറെ സര്‍ഗാത്മകമായി, എന്നാല്‍, ഒരു കേന്ദ്രീകൃത നേതൃത്വമില്ലാതെ തന്നെ എല്ലാ തെരുവുകളിലും സമാധാനപരമായ രീതിയില്‍ സമരങ്ങള്‍ അരങ്ങേറിയപ്പോള്‍ ബി.ജെ.പിക്ക് വീടുകള്‍ കയറിയിറങ്ങേണ്ടി വന്നു. അര്‍ധസത്യവും അസത്യവും കലര്‍ത്തി ജനങ്ങളെ അഭിമുഖീകരിക്കേണ്ട ഗതികേടില്‍ അവരെയെത്തിച്ചത് സമരത്തിന്റെ ശക്തിയെയാണ് വിളിച്ചോതുന്നത്. ഇതിനകം തന്നെ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടു സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്ന വിവിധ രാഷ്ട്രീയ മത സംഘടനകള്‍ ഈ കുപ്രചാരണങ്ങള്‍ക്കെതിരേ നിതാന്ത ജാഗ്രത തുടരേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് നമ്മെ മതം നോക്കി കുടിയിറക്കാനുള്ള കുതന്ത്രവുമായാണ് പടി കയറി വരുന്നതെന്ന ഉറച്ച ബോധത്തോടെ വേണം അവരെ സ്വീകരിക്കാനും തിരസ്‌കരിക്കാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."