ദേവസ്വം അടച്ച നടവഴി പുറംപോക്കിലെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ട്
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അധികൃതര്‍ അടച്ച നടവഴി പുറംപോക്കിലെന്നു തഹസില്‍ദാറുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം പൊതുവഴിയിലെ തടസങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒ ഉത്തരവിട്ടു. അതിനിടെ, ദേവസ്വം അധികൃതര്‍ അഭിഭാഷകന്‍വഴി തടസവാദമുന്നയിച്ചതിനാല്‍ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് എട്ടിലേക്കു മാറ്റി.
ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കുന്ന തരത്തില്‍ നടവഴിയിലൂടെയുള്ള ദലിത് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ദേവസ്വം തടയുകയായിരുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന നൂറുകണക്കിനു ദലിതുകളുടെ ഏക യാത്രാവഴിയാണ് കോണ്‍ക്രീറ്റും മറ്റും ഉപയോഗിച്ച് അടച്ചുകെട്ടിയത്. അയിത്താചരണത്തിന്റെ ഭാഗമായുള്ള നടപടിക്കെതിരേ ദലിത് സംഘടനകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും അധികൃതര്‍ ഗൗനിച്ചില്ല. സംഭവത്തെ ന്യായീകരിച്ചു ഭൂമി ദേവസ്വത്തിന്റേതാണെന്ന് അധികൃതര്‍ നുണപ്രചാരണം നടത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ദേവസ്വം അധികൃതരുടെ നുണപ്രചാരണമാണ് ആര്‍.ഡി.ഒ കോടതി ഉത്തരവിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്നു സമരത്തിനു നേതൃത്വം നല്‍കിയ സ്വതന്ത്ര പുലയ മഹാസഭ ഇരിങ്ങാലക്കുട കൂട്ടായ്മ സമരസമിതി നേതാക്കള്‍ പറഞ്ഞു. അതിനിടെ 22നു പട്ടികജാതി-വര്‍ഗ കമ്മിഷന്‍ സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."