സര്‍ക്കാരിനെതിരേ യു.ഡി.എഫ് നിയമ പോരാട്ടത്തിന്
കൊണ്ടോട്ടി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ കരട് വോട്ടര്‍പട്ടിക അവലംബിച്ചതിലും സെന്‍സസ് നിയമങ്ങള്‍ മറികടന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജനം നടത്താനൊരുങ്ങുന്നതിലും സര്‍ക്കാരിനെതിരേ യു.ഡി.എഫ് നിയമ പോരാട്ടത്തിന്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത 10 ലക്ഷം പേരെ പരിഗണിക്കാതെ 2015ലെ വോട്ടേഴ്‌സ് ലിസ്റ്റാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വോട്ടര്‍ പട്ടികയായി കണക്കാക്കുന്നത്. ഇതോടെ പുതിയ വോട്ടര്‍മാര്‍ വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടിവരും.
2015ലെ വോട്ടര്‍ പട്ടികയില്‍ 2.51 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 2.61 ലക്ഷം പേരാണ്. പത്തു ലക്ഷത്തോളം വോട്ടര്‍മാരാണ് കൂടിയത്. ഇവര്‍ക്ക് വീണ്ടും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കേണ്ടിവരും. ഇത് കടുത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് യു.ഡി.എഫ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തിനെതിരേ നിലവില്‍ കേരള ലോക്കല്‍ ബോഡി മെംബേഴ്‌സ് ലീഗ് നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വാദംകേട്ട കേസില്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. നിലവില്‍ ആറു ഗ്രാമപഞ്ചായത്തുകളും 30 ബ്ലോക്ക് പഞ്ചായത്ത്, 13 ജില്ലാ പഞ്ചായത്ത്, 31 നഗരസഭ, രണ്ടു കോര്‍പറേഷന്‍ എന്നിവയാണ് 2015-ല്‍ 2011ലെ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിഭജിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ 2001ലെ സെന്‍സസ് പ്രകാരമാണ് നിലവിലുള്ളതെന്നും വാര്‍ഡ് വിഭജനം അത്യാവശ്യമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
വാര്‍ഡ് വിഭജനം പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണെന്നാണ് യു.ഡി എഫ് പറയുന്നത്. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് വന്നാല്‍ യു.ഡി.എഫ് കോടതിയെ സമീപിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. സെന്‍സസ് വിഭാഗത്തിന് 2021ലെ ജനസംഖ്യാ കണക്കെടുപ്പിനായി 2019 ഡിസംബര്‍ 31ന് തന്നെ തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ മരവിപ്പിച്ചതാണ്.
ഇത് പരിഗണിക്കാതെ വാര്‍ഡുകള്‍ വിഭജിച്ചാല്‍ കെട്ടിട നമ്പറും മറ്റും സെന്‍സസ് ഡാറ്റയില്‍ തെറ്റും. സര്‍ക്കാര്‍ ഇതു മറികടന്നാണ് വാര്‍ഡ് വിഭജനത്തിന് രംഗത്തെത്തിയിരിക്കുന്നതെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."