ഡീസല്‍ ടാങ്കിന്റെ തകരാര്‍ പരിഹരിച്ചില്ല; കെ.എസ്.ആര്.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു
മാള: കെ.എസ്.ആര്.ടി.സി മാള ഡിപ്പോയിലെ ഡീസല്‍ ടാങ്കിന്റെ പ്രശ്നം പരിഹരിക്കാത്തതിനെതുടര്ന്ന് ബസ് സര്‍വിസുകള്‍ മുടങ്ങി. ഡീസലിനായി മറ്റു ഡിപ്പോകളിലെ പമ്പുകളില്‍ ബസുകള്‍ പലതവണ കയറിയിറങ്ങിയെങ്കിലും ഡീസല്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പല സര്‍വിസുകളും നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
അതത് ഡിപ്പോകളിലെ ബസുകള്‍ക്കു നല്‍കാനുള്ള പരിമിതമായ ഡീസല്‍ മാത്രമാണ് ഓരോ ഡിപ്പോകള്‍ക്കും ലഭിക്കുന്നത്. ജനുവരി ഏഴിനാണ് മാള ഡിപ്പോയിലെ ഡീസല്‍ ടാങ്ക് ഉപ്പുവെള്ളം കയറിയതിനെതുടര്ന്നു കേടായത്. ടാങ്ക് തകരാറിലായതിനെ തുടര്‍ന്ന് ഐ.ഒ.സി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിപ്പോയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സ്വകാര്യപമ്പില്നിന്നാണു രണ്ടാഴ്ചയോളം ഡീസലടിച്ചത്. വലിയസംഖ്യ കുടിശ്ശികയായപ്പോള്‍ സ്വകാര്യ പമ്പുടമ ഡീസല്‍ നല്കുന്നതു നിര്‍ത്തിയതിനെ തുടര്‍ന്ന് ആലുവ, തൃശ്ശൂര്‍ ഡിപ്പോകളെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇവിടെനിന്ന് എല്ലാ ബസുകള്‍ക്കും ഡീസല്‍ ലഭിക്കുന്നില്ല.
ഡിപ്പോകളില്‍ കൂടുതലായി ഡീസല്‍ എത്തിയാലേ മാളയിലെ മുഴുവന്‍ ബസുകള്‍ക്കും ഡീസല്‍ ലഭ്യമാക്കാനാകു. അതുകൊണ്ടു തന്നെ 55 ഷെഡ്യൂളുകളില്‍ 44 ഷെഡ്യൂളുകളാണ് അയക്കാന്‍ കഴിയുന്നത്. ഇതു യാത്രക്കാരെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. അതേസമയം, എല്ലാ സര്‍വിസുകളും അയച്ചിട്ടുണ്ടെന്ന പതിവുപല്ലവിയാണു ബന്ധപ്പെട്ട അധികൃതരോടു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."