തീരദേശത്ത് ഭീതിവിതച്ച് കടലാക്രമണം രൂക്ഷം ആകെയുള്ളതും കടലെടുക്കുമോ?
കോഴിക്കോട്: കാലവര്‍ഷമെത്തിയതോടെ തീരദേശവാസികളില്‍ ഭീതിവിതച്ച് കടലാക്രമണം രൂക്ഷമായി. കോര്പറേഷന് പരിധിയിലെ ഭട്ട്റോഡ് ശാന്തിനഗര്‍, ബേപ്പൂര്‍ ഗോതീശ്വരം, എലത്തൂര്‍ കോരപ്പുഴ അഴിമുഖം തുടങ്ങിയവിടങ്ങളിലെല്ലാം മീറ്ററുകളോളം തീരം കടലെടുത്തുകഴിഞ്ഞു. തെങ്ങുകളടക്കം മരങ്ങള്‍ മിക്കതും കടപുഴകി. ശാന്തിനഗര്‍ കോളനിയില്‍ മഴ ആരംഭിച്ചത് മുതല്‍ കടല്‍ക്ഷോഭം തുടങ്ങിയിരുന്നു. ഇവിടെ അന്‍പതു മീറ്ററോളം കടല്‍ഭിത്തിയില്ല. ഇതുവഴി അടിച്ചെത്തുന്ന തിരകള്‍ വീടുകളുടെ മുറ്റത്തും വരാന്തയിലും വരെയെത്തുന്നുണ്ട്. കഴിഞ്ഞദിവസം ഇവിടെ കല്ലിട്ടിട്ടുണ്ടെങ്കിലും ഭയപ്പാടോടെയാണ് കോളനിനിവാസികള്‍ കഴിയുന്നത്. ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് ഏതു നിമിഷവും വീടുകളിലേക്കു വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. ശക്തമായ തിരയില്‍ 250 മീറ്ററോളം തീരമാണ് ഇവിടെ ഇടിഞ്ഞത്.
ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡ് മണ്ണിടിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. ഗോതീശ്വരം ചില്‍ഡ്രന്‍സ് പാര്‍ക്ക് മുതല്‍ ക്ഷേത്ര പരിസരം വരെയുള്ള ഭാഗത്ത് കടല്‍ ഭിത്തിയില്ല. ഈ ഭാഗത്തു നിരവധി വീടുകളാണുള്ളത്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കടലാക്രമണമുണ്ടായി വീടുകളില്‍ വെള്ളം കയറിയിരുന്നു.
ജനവാസ കേന്ദ്രമായ ഇവിടെ കടല്‍ഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും നാട്ടുകാരും സമരം നടത്തിയിരുന്നു. എന്നാല്‍ നടപടികളുണ്ടാകാഞ്ഞതാണ് സ്ഥിതി രൂക്ഷമാക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എലത്തൂര്‍ കോരപ്പുഴ അഴിമുഖത്ത് മാട്ടുവയല്‍ ഭാഗത്താണ് സംരക്ഷണ ഭിത്തിക്ക് മുകളിലേക്കു തിരയടിച്ചുകയറുന്നത്. വീടുകള്‍ക്ക് സമീപം വരെ വെള്ളമെത്തുന്നുണ്ട്. സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."